ശ്ലോകം - നാൽപ്പത്തിയഞ്ച്
അത്രാന്തരേച കുലടാകുലവർത്മപാത
സംജാതപാതക ഇവ സ്ഫുടലാഞ്ഛനശ്രീഃ
വൃന്ദാവനാന്തരമദീപയദംശുജാലൈഃ
ദിക്സുന്ദരീവദനചന്ദനബിന്ദുരിന്ദുഃ
ശ്ലോകം - നാല്പത്തിയാറ്
പ്രസരതിശശധരബിംബേ വിഹിതവിളംബേ ച മാധവേ
വിധുരാ വിരചിതവിവിധ വിലാപം സാ പരിതാപം ചകാരോച്ചൈഃ
അഷ്ടപദി 13 - കഥിതസമയേപി ഹരി
(രാഗം - ആഹിരി)
കഥിത സമയേപി ഹരിരഹഹ! ന യയൌവനം
മമ വിഫല മിദമമലരൂപമപി യൌവനം
യാമിഹേ കമിഹ ശരണം സഖീജന വചന വഞ്ചിതാഹം
ഹോ.. ഇനിയെന്ത്? ഞാൻ എന്ത് ചെയ്യണം? കൃഷ്ണൻ ഈ ലതാനികുഞ്ജത്തിലേയ്ക്ക് വരാമെന്ന് ഏറ്റിരുന്ന സമയം കഴിഞ്ഞിരിയ്ക്കുന്നു, അവൻ വന്നില്ല. എന്റെ കുറ്റമറ്റ സൗന്ദര്യത്തിനും, നിറഞ്ഞ യൗവ്വനത്തിനും ഇനി എന്ത് വിലയാണുള്ളത്? ആരാണെനിയ്ക്കിനി ഒരഭയം? അതോ ഞാൻ നിരാശയുടെ കയങ്ങളിൽ മുങ്ങിത്താണു പോകുമോ? ഞാൻ എന്റെ പ്രിയസഖിയുടെ വാക്കുകളിൽ വിശ്വസിച്ച് കബളിയ്ക്കപ്പെട്ടുവോ?
യദനുഗമനായ നിശി ഗഹനമപിശീലിതം
തേന മമ ഹൃദയമിദം അസമശരകീലിതം
യാമിഹേ കമിഹശരണം സഖീജനവചനവഞ്ചിതാഹം
ഞാൻ ഈ ഇരുൾ കട്ടപിടിച്ച് ഭീതിദമായ കാനനത്തിൽ ആരെയാണോ കാത്തിരിയ്ക്കുന്നത്, ആരുടെ നിർദ്ദേശങ്ങൾ ആണോ പിന്തുടർന് അനുസരിച്ചും ശീലിച്ചത്? അതേ കൃഷ്ണൻ മന്മഥന്റെ അസ്ത്രങ്ങളാൽ എന്റെ ഹൃദയം തുളച്ച ശേഷം എന്നെ വേദനിയ്ക്കാൻ ഇവിടെ തനിച്ച്ചാക്കിയിരിയ്ക്കുന്നു. ആരാണെനിയ്ക്കിനി ഒരഭയം? ഞാൻ എന്റെ പ്രിയസഖിയുടെ വാക്കുകളിൽ വിശ്വസിച്ച് കബളിയ്ക്കപ്പെട്ടുവോ?
മമ മരണംവവരം അതിവിതഥ കേതനാ
കിമിതി വിഷഹമി വിരഹാനലമചേതനായാമിഹേ കമിഹശരണം സഖീജനവചനവഞ്ചിതാഹം
എന്റെ ഈ ശരീരം പ്രയോജനം ഇല്ലാത്തതായിരിയ്ക്കുന്നു, എനിയ്ക്കിനി മരണമാണ് കാമ്യം. ഇപ്പോൾ തന്നെ വിരഹം എന്നെ പാതി മരിച്ച നിലയിലാക്കിയിരിയ്ക്കുന്നു. ശരീരവും, മനസ്സും ഒരു പോലെ തീയാലെന്ന പോലെ ചുട്ടു പൊള്ളിയ്ക്കുന്ന ഈ വിരഹത്തെ ഞാൻ എങ്ങനെ അതിജീവിയ്ക്കും? ആരാണെനിയ്ക്കിനി ഒരഭയം? ഞാൻ എന്റെ പ്രിയസഖിയുടെ വാക്കുകളിൽ വിശ്വസിച്ച് കബളിയ്ക്കപ്പെട്ടുവോ?
അഹഹ! കലയാമി ന വലയാദിമണിഭൂഷണം
ഹരിവിരഹദഹന വഹനേന ബഹുഭൂഷണം
യാമിഹേ കമിഹശരണം സഖീജനവചനവഞ്ചിതാഹം
ഹോ..എന്റെ രത്നങ്ങൾ പതിച്ച കനകകങ്കണങ്ങൾ ഇപ്പോൾ വിലയില്ലാത്തതായിരിയ്ക്കുന്നു, കൃഷ്ണന്റെ വിരഹത്താൽ ഉയരുന്ന തീയിൽ ഞാൻ ഉരുകുമ്പോൾ അമൂല്യാഭരണങ്ങൾ കാക്കപ്പൊന്നും, കുപ്പിച്ചില്ലുമായി തോന്നുന്നു. ആരാണെനിയ്ക്കിനി ഒരഭയം? ഞാൻ എന്റെ പ്രിയസഖിയുടെ വാക്കുകളിൽ വിശ്വസിച്ച് കബളിയ്ക്കപ്പെട്ടുവോ?
മാമഹഹ! വിധുരയതി മധുരമധുയാമിനി
കാപി ഹരിമനുഭവതി കൃതസുകൃതകാമിനി
യാമിഹേ കമിഹശരണം സഖീജനവചനവഞ്ചിതാഹം
ഹോ.. മുഴുവൻ ഉന്മാദം വാരിവിതറുന്ന ഈ വസന്ത സുന്ദര രാവുകൾ എനിയ്ക്ക് കൂടുതൽ ദുഖമല്ലാതെ മറ്റൊന്നും കൊണ്ടുവരുന്നില്ലല്ലോ! മറ്റേതോ സുന്ദരിയായ ഗോപകന്യക അവളുടെ പുണ്യത്താൽ കൃഷ്ണന്റെ സാമീപ്യവും, ആനന്ദവും അനുഭവിയ്ക്കുന്നുണ്ടാവണം. ആരാണെനിയ്ക്കിനി ഒരഭയം? ഞാൻ എന്റെ പ്രിയസഖിയുടെ വാക്കുകളിൽ വിശ്വസിച്ച് കബളിയ്ക്കപ്പെട്ടുവോ?
കുസുമ സുകുമാരതനു മതനുശരലീലയാ
സ്രഗപി ഹൃദി ഹന്തി മാം അതിവിഷമശീലയാ
യാമിഹേ കമിഹശരണം സഖീജനവചനവഞ്ചിതാഹം
കാമിനിമാരുടെ ഹൃദയങ്ങളിൽ മാരശരങ്ങളാൽ മുറിവേൽപ്പിച്ച് രസിയ്ക്കുക എന്നത് കാമദേവന്റെ വെറും വിനോദമാണ്. എന്റെ തനുവും മനവും പുഷ്പ്പസമാനമായി മൃദുലവും, ബലഹീനവും ആകയാൽ പുഷ്പ്പഹാരങ്ങൾ പോലും എനിയ്ക്ക് വേദനയാകുന്നു. ആരാണെനിയ്ക്കിനി ഒരഭയം? ഞാൻ എന്റെ പ്രിയസഖിയുടെ വാക്കുകളിൽ വിശ്വസിച്ച് കബളിയ്ക്കപ്പെട്ടുവോ?
അഹമിഹ നിവസാമി ന ഗണിതവനവേതസാ
സ്മരതി മധുസൂദനോ മാമപി ന ചേതസാ
യാമിഹേ കമിഹശരണം സഖീജനവചനവഞ്ചിതാഹം
കൃഷ്ണന്റെ സാമീപ്യമൊന്നു മാത്രം പ്രതീക്ഷിച്ച്, ഞാൻ ഈ കാടിന്റെ ഉരുളും, ഭയാനകതയും തൃണവത്ഗണിച്ചിവിടെ അവനെ കാത്തിരിയ്ക്കുന്നു. അവനോ ഹൃദയപൂർവ്വം എന്നെ സ്മരിയ്ക്കാൻ പോലും തയ്യാറാകുന്നുമില്ല. ആരാണെനിയ്ക്കിനി ഒരഭയം? ഞാൻ എന്റെ പ്രിയസഖിയുടെ വാക്കുകളിൽ വിശ്വസിച്ച് കബളിയ്ക്കപ്പെട്ടുവോ?
ഹരി ചരണശരണ ജയദേവകവിഭാരതീ
വസതു ഹൃദി യുവതിരിവ കോമളകലാവതി
യാമിഹേ കമിഹശരണം സഖീജനവചനവഞ്ചിതാഹം
ഹരിയുടെ പാദാരവിന്ദങ്ങളിൽ അഭയം തേടുന്ന കവി ജയദേവന്റെ ഈ വരികൾ, സഹൃദയരുടെ മനസ്സുകളെ സുകുമാരകലകളിൽ പ്രാവീണ്യം സിദ്ധിച്ച യുവസുന്ദരിയെ പോലെ രസിപ്പിയ്ക്കട്ടേ ! ആരാണെനിയ്ക്കിനി ഒരഭയം? ഞാൻ എന്റെ പ്രിയസഖിയുടെ വാക്കുകളിൽ വിശ്വസിച്ച് കബളിയ്ക്കപ്പെട്ടുവോ?
ശ്ലോകം - നാൽപ്പത്തിയേഴ്
തൽകിം കാമപി കാമിനീമഭിസൃതഃ കിം വാ കലാകേളഭിഃ
ബദ്ധോബന്ധുഭിരന്ധകാരിണി വനോപാന്തേ കിമുൽഭ്രാമ്യതി
കാന്തഃ ക്ലാന്തമാ മനാഗപി പഥി പ്രാസ്ഥാതുമേവാക്ഷമഃ
സങ്കേതീകൃതമഞ്ജുവഞ്ജുളലതാകുഞ്ജേപിയന്നാഗതഃ
ശ്ലോകം - നാൽപ്പത്തിയെട്ട്
അഥാഗതാം മാധവമന്തരണേ സഖീമിയം വീൿഷ്യ വിഷാദമൂകാം
വിശങ്കമാനാം രമിതം കയാപി ജനാർദ്ദനം ദൃഷ്ടവദേതദാഹ.
അഷ്ടപദി 14 - സ്മരസമരോചിത
(രാഗം - സാരംഗി)
ശ്ലോകം - നാൽപ്പത്തിയൊമ്പത്
വിരഹപാണ്ഡു മുരാരിമുഖാംബുജ
ദ്യുതിരിയം തിരയന്നപി വേദനാം
വിധുരതീവ തനോതി മനോഭുവഃ
സുഹൃദ യേ ഹൃദയേ മദനവ്യഥാം.
അഷ്ടപദി 15 - രമതേ യമുനാ പുളിനവനേ
(രാഗം - സാവേരി)
ശ്ലോകം - അമ്പത്
നായതഃസഖി നിർദ്ദയോ യദി ശഠഃ ത്വം ദൂതി കിം ദൂയസേ
സ്വച്ഛന്ദം ബഹുവല്ലഭഃ സരമതേ കിം തത്രതേ ദൂഷണം
പശ്യാദ്യഃ പ്രിയസംഗമായ ദയിതസ്യാകൃഷ്യമാണം ഗുണൈഃ
ഉൽകണ്ഠാർത്തിഭരാദിവ സ്ഫുടദിദംചേതഃസ്വയം യാസ്യതി
അഷ്ടപദി 16 - സഖി യാ രമിതാ വനമാലിന
(രാഗം - പുന്നവരാളി)
അഷ്ടപദി 14 - സ്മരസമരോചിത
(രാഗം - സാരംഗി)
സ്മരസമരോചിത വിരചിത വേഷാ
ഗളിത കുസുമഭരവിലുളിത കേശാ
കാപി മധുരിപുണാ വിലസതി യുവതിരധികഗുണാ
കൃഷ്ണനുമായുള്ള പ്രണയ, രതി മത്സരങ്ങളിൽ, അലങ്കാരങ്ങളും, ചമയങ്ങളും ഉലഞ്ഞ്, അഴിഞ്ഞ് കിടക്കുന്ന കേശഭാരവും, അതിൽ നിന്നുതിർന്ന് വീണ പുഷ്പദളങ്ങളും, ആയി എന്നെക്കാൾ കൂടുതൽ ഗുണവതിയായ ഏതോ ഗോപകന്യകയുമായി കൃഷ്ണൻ രമിയ്ക്കുന്നുണ്ടാവണം.
ഹരിപരിരംഭണ ചലിതവികാരാ
കുചകലശോപരി തരളിതഹാരാ
കാപി മധുരിപുണാ വിലസതി യുവതിരധികഗുണാ
കൃഷ്ണന്റെ ഗാഢാലിംഗനത്താൽ ആ ഗോപകന്യകയുടെ വികാരങ്ങൾക്ക് തീ പടർന്നിരിയ്ക്കുന്നു, കലശ സമാനമായ അവളുടെ സ്തനങ്ങളുടെ മുകളിലൂടെ കഴുത്തിൽ അണിഞ്ഞിരിയ്ക്കുന്ന രത്നമാലകൾ ആടിയുലയുന്നു. എന്നെക്കാൾ കൂടുതൽ ഗുണവതിയായ ഏതോ ഗോപകന്യകയുമായി കൃഷ്ണൻ രമിയ്ക്കുന്നുണ്ടാവണം.
വിചലദളകലളിതാനന ചന്ദ്രാ
തദധരപാന രഭസകൃതതന്ദ്രാ
കാപി മധുരിപുണാ വിലസതി യുവതിരധികഗുണാ
ആ ഗോപകന്യകയുടെ ചുരുണ്ട മുടിയിഴകൾ ചന്ദ്രസമാനമായ സുന്ദരമുഖത്ത് പടർന്ന് കിടക്കുന്നു, അവയെ അധരത്താൽ വകഞ്ഞ് മാറ്റി, കൃഷ്ണൻ അവളുടെ അധരപാനം ചെയ്യുന്നതസ്വദിച്ച് അവൾ അലസ്സയായി കിടക്കുന്നു. എന്നെക്കാൾ കൂടുതൽ ഗുണവതിയായ ഏതോ ഗോപകന്യകയുമായി കൃഷ്ണൻ രമിയ്ക്കുന്നുണ്ടാവണം.
ചഞ്ചലകുണ്ഡല ലളിതകപോലാ
മുഖരിതരശന ജഘനഗതിലോലാ
കാപി മധുരിപുണാ വിലസതി യുവതിരധികഗുണാ
കൃഷ്ണന്റെ ഇളകിയാടുന്ന കുണ്ഡലങ്ങൾ ആ ഗോപകന്യകയുടെ കവിളുകളെ തഴുകി പുളകമണിയിയ്ക്കുന്നു, അവളുടെ അരയിലെ അരഞ്ഞാണത്തിലെ മണികൾ കിലുങ്ങുന്നു, വികാര മൂർച്ഛയിൽ അവൾ ചുണ്ടുകൾ കടിച്ചമർത്തുന്നു. എന്നെക്കാൾ കൂടുതൽ ഗുണവതിയായ ഏതോ ഗോപ കന്യകയുമായി കൃഷ്ണൻ രമിയ്ക്കുന്നുണ്ടാവണം.
ദയിത വിലോകിത ലജ്ജിതഹസിതാ
ബഹുവിധ കൂജിത രതിരസരസിതാ
കാപി മധുരിപുണാ വിലസതി യുവതിരധികഗുണാ
കൃഷ്ണന്റെ കണ്ണൂകളോടിടയുമ്പോഴൊക്കെ ആ ഗോപകന്യക ലജ്ജയാൽ തരളിതയാകുന്നു, ഉറക്കെ ചിരിച്ചും, വിവിധ തരത്തിലുള്ള ത്സീൽക്കാരങ്ങൾ പുറപ്പെടുവിച്ചും അവൾ ആ രാസക്രീഡ ആസ്വദിയ്ക്കുകയാണ്. എന്നെക്കാൾ കൂടുതൽ ഗുണവതിയായ ഏതോ ഗോപകന്യകയുമായി കൃഷ്ണൻ രമിയ്ക്കുന്നുണ്ടാവണം.
വിപുല പുളകപൃഥു വേപഥുഭംഗാ
ശ്വസിത നിമീലിത വികസദനംഗാ
കാപി മധുരിപുണാ വിലസതി യുവതിരധികഗുണാ
ആ ഗോപമനോഹരിയുടെ ദേഹം കോരിത്തരിപ്പിൽ, വലിഞ്ഞ് മുറുകി ദൃഢമായിരിയ്ക്കുന്നു, വികാരമൂർച്ഛയിൽ അവൾ പ്രകമ്പനം കൊള്ളുന്നു, അവളുടെ ശ്വാസഗതി അതി തീവ്രമായിരിയ്ക്കുന്നു, നിർവൃതിയിൽ മിഴികൾ പാതി കൂപ്പിയ നിലയിൽ, രതിക്രീഡയുടെ ഉത്തുംഗ ശൃംഗത്തിൽ അവൾ വിഹരിയ്ക്കയാണ്. എന്നെക്കാൾ കൂടുതൽ ഗുണവതിയായ ഏതോ ഗോപകന്യകയുമായി കൃഷ്ണൻ രമിയ്ക്കുന്നുണ്ടാവണം.
ശ്രമജലകണഭര സുഭഗശരീരാ
പരിപതി തോരസി രതിരണധീരാ
കാപി മധുരിപുണാ വിലസതി യുവതിരധികഗുണാ
രാസകേളിയുടെ അദ്ധ്വാനത്താൽ ഉതിർന്ന വിയർപ്പിൽ കുളിച്ച ആ സുന്ദരിയുടെ ശരീരം പ്രകാശ കിരണങ്ങളേറ്റ് മിന്നിത്തിളങ്ങുന്നു. അവൾ രതിയുദ്ധത്താൽ ആഗതമായ തളർച്ചയിൽ കാമുകന്റെ വിരിമാറിൽ വിശ്രമിയ്ക്കുകയാണ്. എന്നെക്കാൾ കൂടുതൽ ഗുണവതിയായ ഏതോഗോപകന്യകയുമായി കൃഷ്ണൻ രമിയ്ക്കുന്നുണ്ടാവണം.
ശ്രീജയദേവഭണിതഹരിരമിതം
കലികലുഷം ജനയതു പരിശമിതം
കാപി മധുരിപുണാ വിലസതി യുവതിരധികഗുണാ
കവിയായ ജയദേവൻ രചിച്ച ഈ കൃഷ്ണലീലാഗീതം എല്ലാവരെയും കലിയുടെ അപഹാരങ്ങളിൽ നിന്നും, ശ്രീഹരിയുടെ കൃപയാൽ രക്ഷിയ്ക്കുവാൻ പ്രാപ്തമാകട്ടേ! എന്നെക്കാൾ കൂടുതൽ ഗുണവതിയായ ഏതോ ഗോപ കന്യകയുമായി കൃഷ്ണൻ രമിയ്ക്കുന്നുണ്ടാവണം.
ശ്ലോകം - നാൽപ്പത്തിയൊമ്പത്
വിരഹപാണ്ഡു മുരാരിമുഖാംബുജ
ദ്യുതിരിയം തിരയന്നപി വേദനാം
വിധുരതീവ തനോതി മനോഭുവഃ
സുഹൃദ യേ ഹൃദയേ മദനവ്യഥാം.
അഷ്ടപദി 15 - രമതേ യമുനാ പുളിനവനേ
(രാഗം - സാവേരി)
സമുദിതമദനേ രമണീവദനേ ചുംബനചലിതാധരേ
മൃഗമദതിലകം ലിഖതി സപുളകം മൃഗമിവ രജനീകരേ
രമതേ യമുനാപുളിനവനേ വിജയീ മുരാരിരധുനാ
സുന്ദരമായ വദനത്തിൽ ചുംബനമേറ്റ് വാങ്ങവേ രോമാഞ്ചത്തോടെയും ചലിയ്ക്കുന്ന അധരങ്ങളുമായും, ഓരോ രോമകൂപത്തിലുമുയരുന്ന പുളകങ്ങളോടെ ആ ഗോപിക നിൽക്കവേ, അവൻ അവളുടെ നിരുനെറ്റിയിൽ ചന്ദനതൈലം കൊണ്ട് ഒരു മാനിന്റെ ആകൃതിയിൽ കുത്തിയ ചുട്ടി, പൂർണ്ണചന്ദ്രനിലെ മാനിന്റെ അടയാളം പോലെ കാണപ്പെടുന്നു. അവൻ... മുരാസുരന് മേൽ വിജയം നേടിയ കൃഷ്ണൻ... യമുനാ നദിയുടെ തീരത്തെ വൃന്ദാവനത്തിൽ പ്രണയലീലകളാടുന്നു.
ഘനചയരുചിരേ രചയതി ചികുരേ തരളിത തരുണാനനേ
കുരവകകുസുമം ചപലാ സുഷമം രതിപതിമൃഗകാനനേരമതേ യമുനാപുളിനവനേ വിജയീ മുരാരിരധുനാ
ആ ഗോപികയുടെ അഴിഞ്ഞു കിടക്കുന്ന കറുത്തതും, മൃദുവും, ചുരുണ്ടതുമായ കേശഭാരം ആകാശത്ത് കാർമേഘങ്ങളുടെ വലിയ നിരയെന്ന പ്രതീതിയുണർത്തുന്നു. കാമദേവന്റെ മാനുകൾക്ക് ഭീതിയകന്ന് വിളയാടാനുള്ള നിബിഡവനമായി തോന്നുന്ന ആ കാർകൂന്തലിൽ അവൻ ഒരു നെന്മേനിവാകപ്പൂ ചൂടിച്ച് കൊടുത്തത് കാർമേഘ പാളികൾക്കിടയിലെ മിന്നൽക്കൊടി പോലെ ശോഭിയ്ക്കുന്നു. അവൻ... മുരാസുരന് മേൽ വിജയം നേടിയ കൃഷ്ണൻ... യമുനാ നദിയുടെ തീരത്തെ വൃന്ദാവനത്തിൽ പ്രണയലീലകളാടുന്നു.
ഘടയതി സുഖനേ കുചയുഗഗഗനേ മൃഗമദരുചിഭൂഷിതേ
മണിസരമമലം താരകപടലം നഖപദശശിഭൂഷിതേരമതേ യമുനാപുളിനവനേ വിജയീ മുരാരിരധുനാ
ആ ഗോപകന്യകയുടെ ഇരു സ്തനങ്ങളിലും ആ വനമാലി തന്റെ കരങ്ങളാൽ കസ്തൂരി തൈലം പുരട്ടുകയും, അതിനു മേൽ അമൂല്യരത്നങ്ങൾ പതിച്ച ഒരു മാല അവയ്ക്ക് മുകളിൽ അണിയിയ്ക്കുകയും ചെയ്യുന്നു. ഈ മനോഹരമായ ദൃശ്യഭംഗിയ്ക്ക് മാറ്റ് കൂട്ടിക്കൊണ്ട് കൃഷ്ണന്റെ ചന്ദ്രസമാനമായ നഖങ്ങൾ കൂടി ചേരുമ്പോൾ, നക്ഷത്രസഞ്ചയവും ചന്ദ്രനും ചേർന്ന് ആകാശം പൂത്തു നില്ക്കുന്ന പ്രതീതി ഉണര്ത്തുന്നു. അവൻ... മുരാസുരന് മേൽ വിജയം നേടിയ കൃഷ്ണൻ... യമുനാ നദിയുടെ തീരത്തെ വൃന്ദാവനത്തിൽ പ്രണയലീലകളാടുന്നു.
ജിതവിസശകലേ മൃദുഭുജയുഗളേ കരതലനളിനീദളേ
മരതകവലയം മധുകരനിചയം വിതരതി ഹിമശീതളേരമതേ യമുനാപുളിനവനേ വിജയീ മുരാരിരധുനാ
പ്രേമസല്ലാപത്തിൽ അവൻ, ആ ഗോപകന്യകയുടെ പട്ടിനേക്കാൾ മൃദുവും, താമരത്തണ്ട് പോലെ അതിമനോഹരവും, തണുപ്പുള്ളതുമായ കൈത്തണ്ടയിൽ ഒരു മരതകരത്ന കങ്കണം അണിയിച്ച് കൊടുക്കുന്നു. മധു നുകരാനെത്തിയ ഒരു പറ്റം തേനീച്ചകൾ താമരത്തണ്ടിനു ചുറ്റും വലയം വയ്ക്കുന്നത് പോലെ അത് കാണപ്പെടുന്നു. അവൻ... മുരാസുരന് മേൽ വിജയം നേടിയ കൃഷ്ണൻ... യമുനാ നദിയുടെ തീരത്തെ വൃന്ദാവനത്തിൽ പ്രണയലീലകളാടുന്നു.
രതിഗൃഹജഘനേ വിപുലാപഘനേ മനസിജകനകാസനേ
മണിമയരശനംതോരണഹസനം വികിരതികൃതവാസനേരമതേ യമുനാപുളിനവനേ വിജയീ മുരാരിരധുനാ
വിസ്തൃതവും, പ്രൗഢവും, ഭാരിച്ചതും, രതിഭവനത്തിന്റെ ഉപരിഭാഗവും, കാമദേവന്റെ സിംഹാസന സമാനവുമായ അവളുടെ അരക്കെട്ടിൽ അവൻ രത്നഖചിതമായ ഒരു അരപ്പട്ട അവൻ കെട്ടിക്കൊടുക്കുന്നു. അവൻ... മുരാസുരന് മേൽ വിജയം നേടിയ കൃഷ്ണൻ... യമുനാ നദിയുടെ തീരത്തെ വൃന്ദാവനത്തിൽ പ്രണയലീലകളാടുന്നു.
ചരണകിസലയേ കമലാനിലയേ നഖമണിഗണപൂജിതേ
ബഹിരപവരണം യാവകഭരണം ജനയതി ഹൃദിയോജിതേരമതേ യമുനാപുളിനവനേ വിജയീ മുരാരിരധുനാ
ഐശ്വര്യരൂപിണിയായ ആ ഗോപകന്യകയുടെ കോമളവും , തളിർ പോലെ മൃദുവും മിനുസ്സമുള്ളതും, രത്നങ്ങൾ പോലെ നഖങ്ങൾ തിളങ്ങുന്നതുമായ പാദങ്ങൾ, തന്റെ നെഞ്ചിൽ ചേർത്ത് വച്ച് അവൻ മൈലാഞ്ചി കൊണ്ട് അലങ്കാരചിത്രങ്ങൾ രചിയ്ക്കുന്നു. അവൻ... മുരാസുരന് മേൽ വിജയം നേടിയ കൃഷ്ണൻ... യമുനാ നദിയുടെ തീരത്തെ വൃന്ദാവനത്തിൽ പ്രണയലീലകളാടുന്നു.
രമയതി സുദൃശം കാമപിസദൃശം ഖലഹലധരസോദരേ
കിമഫലമവസം ചിരമിഹവിരസം വദ സഖിവിടപോദരേ രമതേ യമുനാ പുളിനവനേ വിജയീ മുരാരിരധുനാ
ബലരാമസഹോദരനായ അവൻ സുന്ദര നയനങ്ങളുള്ള ആ ഗോപ കന്യകയോടൊപ്പം രതിലീലകൾ ആടി രസിയ്ക്കുമ്പോൾ, പറയൂ സഖീ.. ഞാൻ എന്തിനായി ഈ മരച്ചുവട്ടിലെ ഏകാന്തതയിലും വിരസതയിലും അവനുവേണ്ടി വ്യർത്ഥമായ കാത്തിരിപ്പ് ഇനിയും തുടരണം? അവൻ... മുരാസുരന് മേൽ വിജയം നേടിയ കൃഷ്ണൻ... യമുനാ നദിയുടെ തീരത്തെ വൃന്ദാവനത്തിൽ പ്രണയലീലകളാടുന്നു.
ഇഹരസഭണേന കൃതഹരിഗുണനേ മധുരിപുപദസേവകേ
കലിയുഗചരിതം നവസതു ദുരിതം കവിനൃപജയദേവകേരമതേ യമുനാപുളിനവനേ വിജയീ മുരാരിരധുനാ
മധുരിപുവായ ഹരിയുടെ ദൈവീക ലീലകളുടെ അപദാനങ്ങൾ ശ്രംഗാരരസത്തിൽ പാടുന്ന അദ്ദേഹത്തിന്റെ പാദദാസനായ കവിശ്രേഷ്ഠൻ ജയദേവൻ കലിയുഗത്തിലെ ദുഖദുരിതങ്ങൾക്ക് അതീതനായി തീരുന്നു. അവൻ... മുരാസുരന് മേൽ വിജയം നേടിയ കൃഷ്ണൻ... യമുനാ നദിയുടെ തീരത്തെ ആ വനത്തിൽ പ്രണയലീലകളാടുന്നു.
ശ്ലോകം - അമ്പത്
നായതഃസഖി നിർദ്ദയോ യദി ശഠഃ ത്വം ദൂതി കിം ദൂയസേ
സ്വച്ഛന്ദം ബഹുവല്ലഭഃ സരമതേ കിം തത്രതേ ദൂഷണം
പശ്യാദ്യഃ പ്രിയസംഗമായ ദയിതസ്യാകൃഷ്യമാണം ഗുണൈഃ
ഉൽകണ്ഠാർത്തിഭരാദിവ സ്ഫുടദിദംചേതഃസ്വയം യാസ്യതി
അഷ്ടപദി 16 - സഖി യാ രമിതാ വനമാലിന
(രാഗം - പുന്നവരാളി)
അനില തരള കുവലയ നയനേന
തപതി ന സാ കിസലയശയനേന
സഖി യാ രമിതാ വനമാലിനാ
മന്ദമാരുതനിൽ ഇളകിയാടും കരിങ്കൂവളപ്പൂക്കൾ പോലെ മനോഹരമായ ആ നയനങ്ങളോടെ അവൻ, ആ വനമാലി, എന്നിൽ പ്രണയാതുരനായി പടരുകയാണെങ്കിൽ, സഖീ.. ഈ തളിരുകളാൽ തീർത്ത കിടക്ക എന്റെ ദേഹമാസകലം ഇതുപോലെ ചുട്ടുപൊള്ളിയ്ക്കുകയില്ല.
വികസിത സരസിജ ലളിത മുഖേന
സ്ഫുടതി ന സാ മനസിജവിശിഖേന
സഖി യാ രമിതാ വനമാലിനാ
പൂർണ്ണമായി വിടർന്ന താമരപ്പൂവ് പോലെ സുന്ദരമായ മുഖമുള്ള അവൻ, ആ വനമാലി, എന്നിൽ പ്രണയാതുരനായി പടരുകയാണെങ്കിൽ, സഖീ.. ആ മന്മഥൻ നിഷ്ക്കരുണം എയ്തു വിടുന്ന ബാണങ്ങളിലൊന്ന് പോലും എന്റെ ഹൃദയത്തെ ഇതുപോലെ പിളർന്ന് കൊണ്ട് കടന്നു പോവുകയില്ല.
അമൃത മധുര മൃദുതര വചനേന
ജ്വലതി ന സാ മലയജപവനേന
സഖി യാ രമിതാ വനമാലിനാ
മധുരകരവും, മൃദുവായി തഴുകുന്നതുമായ അമൃതവചനങ്ങൾ പൊഴിയ്ക്കുന്ന അവൻ, ആ വനമാലി, എന്നിൽ പ്രണയാതുരനായി പടരുകയാണെങ്കിൽ, സഖീ.. മലയപർവ്വതത്തിൽ നിന്നും വീശിയടിയ്ക്കുന്ന ഈ കുളിർ തെന്നലിൽ പോലും എന്നെ പോലെ ഒരു യുവതി വെന്തെരിയുകയില്ല.
സ്ഥലജലരുഹരുചി കരചരണേന
ലുഠതി ന സാ ഹിമകരകിരണേന
സഖി യാ രമിതാ വനമാലിനാ
താമരയിതളുകൾ പോലെ മൃദുവും കുളിർമ്മയുമുള്ള പാദങ്ങളും കരങ്ങളുമുള്ള അവൻ, ആ വനമാലി, എന്നിൽ പ്രണയാതുരനായി പടരുകയാണെങ്കിൽ, സഖീ.. ഈ ശിശിരക്കുളിരാർന്ന നിലാവ് എന്റെ മനസ്സിനെയും ശരീരത്തേയും ഒരുപോലെ പീഡിപ്പിയ്ക്കുകയില്ല.
സജലജലദ സമുദയരുചിരേണ
ദളതി ന സാഹൃദി വിരഹഭരേണ
സഖി യാ രമിതാ വനമാലിനാ
ഖനീഭവിച്ച കാർമുകിലിന്റെ മനോഹരവർണ്ണമുള്ള ആ കോമളശരീരൻ, ആ വനമാലി, എന്നിൽ പ്രണയാതുരനായി പടരുകയാണെങ്കിൽ, സഖീ.. ഈ വിരഹദുഖം എന്റെ ഹൃദയത്തെ തകർക്കുമായിരുന്നില്ല.
കനക നികഷരുചിശുചിവസനേന
ശ്വസിതി ന സാ പരിജനഹസനേന
സഖി യാ രമിതാ വനമാലിനാ
സ്വർണ്ണ വർണ്ണമുള്ള നനുത്ത പട്ട് വസ്ത്രങ്ങൾക്കുള്ളിൽ സ്വയം തിളങ്ങി നിൽക്കുന്ന ആ മനോഹരൻ, ആ വനമാലി, എന്നിൽ പ്രണയാതുരനായി പടരുകയാണെങ്കിൽ, സഖീ.. അവൾക്ക് ബന്ധുമിത്രാദികളുടെ പരിഹാസത്തിനു മുന്നിൽ, ഈ തപ്തനിശ്വാസം മാത്രം മറുപടി ആവുമായിരുന്നില്ല.
സകല ഭുവനജന വരതരുണേന
വഹതി ന സാ രുജമതികരുണേന
സഖി യാ രമിതാ വനമാലിനാ
അഖില പ്രപഞ്ചത്തിലേയ്ക്കും മികച്ച തരുണനായ, അലിവുള്ളവനായ, അവൻ, ആ വനമാലി, എന്നിൽ പ്രണയാതുരനായി പടരുകയാണെങ്കിൽ, സഖീ.. കാമന്റെ കുസൃതികൾ എനിയ്ക്കീ പ്രാണവേദന നല്കില്ലായിരുന്നു.
ശ്രീജയദേവഭണിതവചനേന
പ്രവിശതു ഹരിരപി ഹൃദയമനേന
സഖി യാ രമിതാ വനമാലിനാ
ശ്രീജയദേവ കവിയാൽ രചിയ്ക്കപ്പെട്ട ഈ വരികലിലൂടെ ശ്രീഹരി നിങ്ങളുടെ ഹൃദയത്തിൽ കുടി കൊള്ളുമാറാകട്ടേ...ആ വനമാലി, എന്നിൽ പ്രണയാതുരനായി പടരുകയാണെങ്കിൽ, സഖീ..
ശ്ലോകം - അമ്പത്തിയൊന്ന്
മനോഭവാനന്ദന! ചന്ദനാനില!
പ്രസീദ മേ ദക്ഷിണ! മുഞ്ച വാമതാം
ക്ഷണം ജഗല്പ്രാണ വിധായമാധവം
പുരോമമ പ്രാണഹരോ ഭവിഷ്യസി
ശ്ലോകം - അമ്പത്തിരണ്ട്
രിപുരിവ സഖീസംവാസോയം ശിഖീവ ഹിമാനിലോ
വിഷമിവ സുധാരശ്മിഃ ദൂരം ദുനോതി മനോഗമം
ഹൃദയമദയേ തസ്മിന്നേവം പുനർവലതേബലാൽ
കവലയദൃശാം വാമഃ കാമോ നികാമനിരങ്കുശഃ
ശ്ലോകം - അമ്പത്തിമൂന്ന്
ബാധാം വിധേഹി മലയാനില! പഞ്ചബാണ!
പ്രാണാൻ ഗൃഹാണ നഗൃഹം പുനരാശ്രയിഷ്യേ
കിം തേ കൃതാന്തഭഗിനി! ക്ഷമയാതരംഗൈഃ
അംഗാനി സിഞ്ച മമ ശ്യാമ്യതുദേഹദാഹഃ
ശ്ലോകം - അമ്പത്തിനാല്
പ്രാതർന്നീലനിചോളമച്യുതമുരഃസവിത പീതാംബരം
രാധായാശ്ചകിതം വിലോക്യ ഹസതി സ്വൈര്യം സഖീമണ്ഡലേ
വ്രീളാചഞ്ചലമഞ്ചലം നയനയോഃ ആധായ രാധാനനേ
സാധുസ്മേര മുഖോയമസ്തു ജഗദാനന്ദായ നന്ദാത്മജഃ
No comments:
Post a Comment