Sunday, December 27, 2015

സർഗ്ഗം പതിനൊന്ന് :സാനന്ദഗോവിന്ദം ( Sarga 11 - Saanandagovindam)

അഷ്ടപദി 20 - മുഗ്ധേ മധുമഥനമനുഗത
(രാഗം - കല്യാണി )

വിരചിത ചാടുവചന രചനം ചരണേ രചിതപ്രണിപാതം
സംപ്രതി മഞ്ജുലവഞ്ജുലസീമനി കേളിശയനമനുയാതം
മുഗ്ധേ മധുമഥനമനുഗത മനുസര രാധികേ

രാധയുടെ സഖി പറയുന്നു... പ്രിയ തോഴീ.. രാധേ.. നിന്നോട് മൃദുവും, മധുരതരവുമായ മൊഴികൾ ചൊരിഞ്ഞ്, നിന്റെ മുന്നിൽ മുട്ടുകുത്തി വണങ്ങി , നിന്റെ പാദങ്ങൾ ശിരസ്സിൽ വച്ച് സ്തുതിച്ച്, അവൻ... ആ ശ്യാമവർണ്ണൻ കദംബവൃക്ഷത്തണലിലെ ലതാഗൃഹത്തിൽ പുഷ്പ്പശയ്യയിൽ രാസലീലയ്ക്കായി നിന്നെയും കാത്ത് ശയിയ്ക്കുന്നു. കറയറ്റ താരുണ്യലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും ...

ഘനജഘന സ്തനഭാരഭരേ ദരമന്ഥര ചരണവിഹാരം
മുഖരിത മണീമഞ്ജീരമുപൈഹി വിധേഹി മരാലവികാരം
മുഗ്ധേ മധുമഥനമനുഗത മനുസര രാധികേ

പ്രിയ തോഴീ.. രാധേ.. അവൻ കാത്തിരിയ്ക്കുന്ന നദിക്കരയിലെ നികുഞ്ജത്തിലേയ്ക്ക് നിന്റെ വിസ്തൃതമായ അരക്കെട്ടും, ഭാരമേറിയ സ്തനങ്ങളും നിഷ്ക്കർഷിയ്ക്കുന്ന മന്ദഗതിയായ ചലനത്തിലൂടെ നീങ്ങിയാലും... ആ യാത്രയിൽ നിനക്കും അവനും ഉന്മാദദായകമായി നിന്റെ അരമണി കിങ്ങിണികളും, പാദസരങ്ങളും കിലുങ്ങട്ടേ.. അരയന്നപ്പിടയുടെ ഗതിതാളത്തിൽ നീ അവനെ സമീപിയ്ക്കുക, അതവനിൽ വികാരവാഞ്ച ജ്വലിപ്പിയ്ക്കട്ടേ ...കറയറ്റ താരുണ്യ ലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും  ..



ശൃണു രമണീയതരം തരുണീജനമോഹന മധുപവിരാവം
കുസുമശരാസന ശാസനബന്ദിനി പികനികരേ ഭജ ഭാവം
മുഗ്ധേ മധുമഥനമനുഗത മനുസര രാധികേ

ഗോപികാ ഹൃദയങ്ങളുടെ താളം തെറ്റിച്ച്, അവരെ സ്വർഗ്ഗീയ സംഗീത വീചികളിൽ നീരാടച്ചും, അതിൽ അലിഞ്ഞ് സ്വയം ഇല്ലാതാക്കുകയും ചെയ്യുന്ന കൃഷ്ണന്റെ മുരളിയിൽ നിന്നൊഴുകി വരുന്ന ലളിതസംഗീതം ആസ്വദിച്ചാലും..  മന്മഥന്റെ നിർദ്ദേശങ്ങൾ വിളംബരം ചെയ്യുന്ന കുയിലുകളുടെ മധുഗാനരവം നുകരൂ.. കറയറ്റ താരുണ്യലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും  ...

അനിലതരല കിസലയ നികരേണ കരേണ ലതാനികുരുംബം
പ്രേരണമിവ കരഭോരു കരോതി ഗതിം പ്രതിമുഞ്ച വിളംബം
മുഗ്ധേ മധുമഥനമനുഗത മനുസര രാധികേ

അല്ലയോ..രാധേ... ആനയുടെ തുമ്പിക്കൈയ്ക്ക് സമാനമായ ഉരുക്കളോട് കൂടിയവളേ.. ഇളം കാറ്റിൽ ഇളകുന്ന ഈ തളിരിലകളും, വള്ളിപ്പടർപ്പുകളും നിന്നോട് മന്ത്രിയ്ക്കുന്നത് .... വിളംബം കൂടാതെ അവൻ കാത്തിരിയ്ക്കുന്ന ലതാനികുഞ്ജത്തിലേയ്ക്ക് പോകുവാനാണ്, അവിടേയ്ക്കുള്ള മാർഗ്ഗം കാട്ടിത്തരികയാണ് അവയുടെ ആ കരങ്ങളിലൂടെ, അവയുടെ ചലനങ്ങളിലൂടെ... കറയറ്റ താരുണ്യലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും  ...

സ്ഫുരിതമനങ്ഗതരങ്ഗവശാദിവ സൂചിതഹരിപരിരംഭം
പൃച്ഛ മനോഹരഹാരവിമലജലധാരമമും കുചകുംഭം
മുഗ്ധേ മധുമഥനമനുഗതമനുസര രാധികേ

അല്ലയോ..രാധേ... ആ മനോജ്ഞമായ രത്നഹാരത്താൽ അലങ്കരിയ്ക്കപ്പെടുന്ന നിന്റെ ശുദ്ധവും തെളിഞ്ഞതുമായ ജലം സംഭരിച്ച  കലശസമാനമായ, കുചങ്ങളോട് ഒരു വട്ടം ചോദിച്ച് നോക്കുക.. അവ ശ്രീ ഹരിയുടെ പരിരംഭണത്തിൽ തുള്ളീതുളുമ്പാൻ വെമ്പുകയല്ലേ എന്ന് ? കറയറ്റ താരുണ്യലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും  ...

 


അധിഗതമഖിലസഖീഭിരിദം തവ വപുരപി രതിരണസജ്ജം
ചണ്ഡി രസിതരശനാരവഡിണ്ഡിമമഭിസര സരസമലജ്ജം
മുഗ്ധേ മധുമഥനമനുഗതമനുസര രാധികേ

അല്ലയോ..രാധേ... നിന്റെ സഖിമാരായ ഞങ്ങൾക്കെല്ലാം വ്യക്തമാണ് നിന്റെ മനോഗതം... നിന്റെ ദേഹം രതിക്രീഡയ്ക്ക് സജ്ജമായി നിന്ന്  ദേഹിയിൽ സമ്മർദ്ദം ചെലുത്തുകയാണ്. രതിവേഗത്തിനായ് തുടിയ്ക്കുന്നവളേ... അവൻ നിനക്കായി കാത്തിരിയ്ക്കുന്ന നിങ്ങളുടെ    രഹസ്യസമാഗമ ലതാഗൃഹത്തിലേയ്ക്ക് നിന്റെ അരമണികളുടെ കിലുക്കത്താൽ ആഗമനം വിളംബരം ചെയ്തും, ലജ്ജയെ കുടഞ്ഞെറിഞ്ഞ് ഉല്ലാസവതിയായി സമാഗമത്തിനായി കടന്ന് ചെല്ലുക.. കറയറ്റ താരുണ്യലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും   ...


സ്മരശരസുഭഗനഖേന കരേണ സഖീമവലമ്ബ്യ സലീലം
ചല വലയക്വണീതൈരവ ബോധയ ഹരമപി നിജഗതിശീലം
മുഗ്ധേ മധുമഥനമനുഗത മനുസര രാധികേ

അല്ലയോ..രാധേ... സഖിമാരാൽ വർണ്ണങ്ങൾ തൂകി അണിയിച്ചൊരുക്കിയ നിന്റെ വിരലിലെ അഞ്ച് നഖങ്ങൾ ഇപ്പോൾ കാമദേവന്റെ പഞ്ചശരങ്ങൾ ആയിത്തീർന്നിരിയ്ക്കുന്നു. അവയുടെപ്രയോഗത്താൽ പ്രണയലീലയിൽ കുശലനായ  ശ്രീഹരിയെ വികാരതരളിതനാക്കിയാലും. ലതാനികുന്ജ്ജത്തിലെത്തുന്ന നീ കയ്യിലെ കങ്കണങ്ങളുടെ കുലുക്കത്തിലൂടെ അവനെ  നിന്റെ വരവറിയിച്ചാലും....  കറയറ്റ താരുണ്യലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും  ...

ശ്രീജയദേവ ഭണിത മധരീകൃത ഹാരമുദാസിതവാമം
ഹരി വിനിഹിത മനസാമധിതിഷ്ഠതു കണ്ഠതടീമവിരാമം
മുഗ്ധേ മധുമഥന മനുഗത മനുസര രാധികേ

കവി ജയദേവനാൽ രചിയ്ക്കപ്പെട്ട ഈ ഗാനം ശ്രീഹരിയെ ഹൃദയങ്ങളിൽ വഹിയ്ക്കുന്ന ഭക്തജനങ്ങൾക്കും സഹൃദയർക്കും അവരുടെ  കണ്ഠത്തിൽ പ്രശോഭിയ്ക്കും ഹാരങ്ങളേക്കാൾ പ്രിയകരവും സ്ഥായിയായി നിലനില്ക്കുന്നതും ആയിത്തീരട്ടെ... സഖി രാധയെ കൃഷ്ണസവിധത്തിലേയ്ക്ക് നയിയ്ക്കുന്നു... കറയറ്റ താരുണ്യലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും  ...

ശ്ലോകം - എഴുപത്
സാ മാം ദ്രക്ഷ്യതി വക്ഷ്യതി സ്മരകഥാം പ്രത്യങ്ഗമാലിങ്ഗനൈഃ
പ്രീതിം യാസ്യതി രമ്യതേ സഖി സമാഗത്യേതി ചിന്താകുലഃ
സ ത്വാം പശ്യതി വേപതേ പുലകയത്യാനന്ദതി സ്വിദ്യതി
പ്രത്യുദ്ഗച്ഛതി മൂർ‍ച്ഛതി സ്ഥിരതമഃപുഞ്ജേ നികുഞ്ജേ പ്രിയഃ

ശ്ലോകം - എഴുപത്തിയൊന്ന്

അക്ഷ്ണോർ‍നിക്ഷിപദഞ്ജനം ശ്രവണയോസ്താപിച്ഛഗുച്ഛാവലീം
മൂർ‍ധ്നി ശ്യാമസരോജദാമ കുചയോഃ കസ്തൂരികാപാത്രകം
ധൂർ‍താനാമഭിസാരസത്വരഹൃദാം വിഷ്വങ്നികുഞ്ജേ സഖി
ധ്വാന്തം നീലനിചോലചാരു സദൃശാം പ്രത്യങ്ഗമാലിങ്ഗതി

ശ്ലോകം - എഴുപത്തിരണ്ട്

കാശ്മീരഗൌരവപുഷാമഭിസാരികാണാം
ആബദ്ധരേഖമഭിതോ രുചിമഞ്ജരീഭിഃ
ഏതത്തമാലദലനീലതമം തമിശ്രം
തത്പ്രേമഹേമനികഷോപലതാം തനോതി.

ശ്ലോകം - എഴുപത്തിമൂന്ന്
ഹാരാവലീതരലകാഞ്ചനകാഞ്ചിദാമ-
കേയൂരകങ്കണമണിദ്യുതിദീപിതസ്യ
ദ്വാരേ നികുഞ്ജനിലയസ്യഹരിം നിരീൿഷ്യ
വ്രീഡാവതീമഥ സഖീ നിജഗാഹ രാധാ

അഷ്ടപദി 21 - മഞ്ജുതരകുഞ്ജതലകേളിസദനേ
(രാഗം - ഘണ്ഡ )

മഞ്ജുതര കുഞ്ജതല കേളിസദനേ 
ഇഹ വിലസ രതിരഭ സഹസിത വദനേ 
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി

ഓ..രാധേ... മനോജ്ഞമായി അലങ്കരിച്ച മൃദുതല രാസലീലാ മന്ദിരസമീപം, ആകാംഷയുടേയും, രതി കാമനകളുടേയും  ഭാവങ്ങൾ മാറിമാറി വിടരുന്നത് , നിന്റെ മുഖത്തെ ഇപ്പോൾ തെളിയുന്ന ആ ചിരിയുടെ പ്രഭയിൽ കൂടുതൽ വ്യക്തമാകുന്നു.  ആ ലതഗൃഹത്തിൽ കടന്നാലും... അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും.. മുരാരിയുമായി സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .

നവ ഭവദശോക ദല ശയന സാരേ  
ഇഹ വിലസ കുചകലശ തരള  ഹാരേ
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി

ഓ..രാധേ... പുതുമയാർന്ന അശോകപ്പൂക്കളും, മുട്ടുകളും വാരിവിതറിയ തൽപ്പത്തിൽ ഹരിയുമായി രാസലീലയാടി ആമോദിയ്ക്കുവാൻ, നിന്റെ കഴുത്തിലെ രത്നഹാരം പോലും വികൃതി കാട്ടി നിന്റെ കലശസമാനമായ സ്തനങ്ങൾക്കിടയിൽ കടന്ന് പുളകം വിതറുന്നു..   ആ ലതഗൃഹത്തിൽ കടന്നാലും... അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും.. മുരാരിയുമായി  സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .

കുസുമ ചയ രചിത ശുചി വാസ ഗേഹേ
ഇഹ വിലസ കുസുമസുകുമാര ദേഹേ
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി




ഓ..രാധേ... പുഷ്പാലംകൃതമായും  ശുചിയായും സൂക്ഷിച്ചിട്ടുള്ള വനത്തിലെ വള്ളിക്കുടിലിൽ, ഹരിയോടൊപ്പം ആനന്ദിയ്ക്കുവാൻ പുഷ്പ സദൃശമായ മാർദ്ദവം സിദ്ധിച്ച മേനിയോടെ നീ ചെന്നാലും.. ആ ലതഗൃഹത്തിൽ കടന്നാലും... അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും.. മുരാരിയുമായി  സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .

ചല മലയ വന പവനസുരഭി ശീതേ
ഇഹ വിലസ മദന ശര നികര ഭീതേ
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി

ഓ..രാധേ... മലയപർവ്വതത്തിലെ ചന്ദന വൃക്ഷങ്ങളെ തഴുകി അവയുടെ സുഗന്ധം പേരി വരുന്ന കുളിർകാറ്റ്‌ ആ വള്ളിക്കുടിലിനെ സുഖ ശീതളമാക്കുന്നു. കാമദേവന്റെ ശല്യപ്പെടുന്ന ശരമാരിയിൽ നിന്നും നീ ആ നികുഞ്ജത്തിലെ നിനക്കായി  കാത്തിരിയ്ക്കുന്ന മന്മഥനിൽ അഭയം തേടുക.. അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും.. മുരാരിയുമായി  സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .

വിതത ബഹുവല്ലി നവപല്ലവ ഘനേ
ഇഹ വിലസ പീന കുച കുംഭ ജഘനേ
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി

ഓ..രാധേ... ആ ലതാസദനം ബഹുവർണ്ണങ്ങളിലുള്ള ലതകളാലും, തളിരുകളാലും അലംകൃതമാണ്. അവയ്ക്ക് ഉന്മാദമായി നിന്റെ ആകർഷണീയമായ തടിച്ച സ്തനങ്ങളും കുംഭസമാനമായ നിതംബവും പ്രശോഭിയ്ക്കട്ടേ... അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും.. മുരാരിയുമായി  സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .



മധുമുദിത മധുപ കുല കലിതരാവേ
ഇഹ വിലസ കുസുമശര സരസ ഭാവേ
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി

ഓ..രാധേ... ലതാ നികുഞ്ജത്തിലും സമീപവനത്തിലും വസന്തത്തിൽ വിടർന്ന പൂക്കളിലെ മധു നുകർന്ന് ഉന്മത്തരായ മധുപന്മാരുടെ കൂട്ടം മൂളിപ്പട്ടുകൾ പാടിപ്പറന്ന് പശ്ചാത്തല സംഗീതം കൊഴുപ്പിയ്ക്കുന്നു. ആ പുഷ്പ്പങ്ങളും മധുകരങ്ങളും കാമദേവന്റെ അഭീഷ്ടം നിറവേറ്റി സംതൃപ്തരാണ്, നീ മാത്രം പുഷ്പ്പശരന്റെ അസ്ത്രങ്ങളിൽ ഉത്തേജിതയായി തുടരുന്നു... അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും..മുരാരിയുമായി  സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .

മധു തരള  പിക നികര നിനദ മുഖരേ
ഇഹ വിലസ ദശന രുചി രുചിര  ശിഖരേ
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി

ഓ..രാധേ... വനത്തിനു മോടികൂട്ടുന്ന നിന്റെ കേശഭാരവും, അവയുടെ പശ്ചാത്തലത്തിൽ ചിരിയ്ക്കുമ്പോൾ തെളിയുന്ന ആ ദന്തകാന്തിയ്ക്കും വസന്തോന്മാദത്തിൽ കോകിലങ്ങൾ നിരവധി രാഗങ്ങൾ ആലപിച്ച് രംഗം സംഗീത സാന്ദ്രമാക്കുന്നു. അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും.. മുരാരിയുമായി  സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .

വിഹിത പദ്മാവതീസുഖ സമാജേ
ഭണതി ജയദേവ കവിരാജേ
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി


ഓ..രാധേ... കവി ജയദേവൻ പത്നിയും നർത്തകിയുമായ പദ്മാവതിയുടെ ഭക്ത്യോന്മാദത്തിലുള്ള നൃത്തച്ചുവടുകൾക്കൊപ്പം രാധാ കൃഷ്ണന്മാരുടെ പ്രണയലീലകൾ ആലപിയ്ക്കുന്നു. രാധയുടെ സഖി അവളെ പ്രേരിപ്പിയ്ക്കുന്നു... അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും.. മുരാരിയുമായി  സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .

ശ്ലോകം - എഴുപത്തിനാല്

ത്വാം ചിത്തേന ചിരം വഹന്നയമതിശ്രാന്തോ ഭൃശം താപിതഃ
കന്ദർ‍പേണ തു പാതുമിച്ഛതി സുധാസംബാധബിംബാധരം
അസ്യാങ്ഗം തദലംകുരു ക്ഷണമിഹ ഭ്രൂക്ഷേപലക്ഷ്മീലവ-
ക്രീതേ ദാസ ഇവോപസേവിതപദാമ്‌ഭോജേ കുതഃ സംഭ്രമഃ

ശ്ലോകം - എഴുപത്തിയഞ്ച്

സാ സസാധ്വസസാനന്ദം ഗോവിന്ദേ ലോലലോചനാ

സിഞ്ജാനമഞ്ജുമഞ്ജീരം പ്രവിവേശ നിവേശനം

അഷ്ടപദി 22 - ഹരിമേകരസം ചിരമഭിലഷിത 
(രാഗം - മദ്ധ്യമാവതി)

രാധാവദന വിലോകന വികസിത വിവിധ വികാര വിഭംഗം 
ജലനിധിമിവ വിധുമണ്ഡല ദർശന തരലിത തുംഗ തരംഗം 
ഹരിമേക രസം ചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരു ഹർഷ വശം വദ വദന മനംഗ നിവാസം 

ലതാനികുഞ്ജത്തിൽ കടന്ന രാധയെ വീക്ഷിച്ചതും മാധവൻ വിവിധവികാരങ്ങൾക്ക് വശംവദനായി; ഉദിച്ചുയരുന്ന പൂർണ്ണചന്ദ്രൻ സമുദ്രത്തിൽ തിരകൾ ഉയർത്തുന്ന പ്രതീതി സൃഷ്ടിച്ച് കൊണ്ട്  അവന്റെ മുഖത്ത് വിവിധ രസങ്ങൾ.. ഭാവങ്ങൾ മാറി  മാറി  വിരിഞ്ഞു.  വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമപ്രധാനവുമായ ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും    ഹരി അവൾക്ക് മുന്നിൽ നിന്നു ....




ഹാര മമലതര താരമുരസി ദധതം പരിരഭ്യ വിദൂരം
സ്ഫുടതരഫേന കദംബകരംബിത മിവ യമുനാ ജലപൂരം
ഹരിമേകരസം ചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരുഹർഷ വശംവദ വദനമനംഗ നിവാസം

ആ ശ്യാമവർണ്ണൻ കഴുത്തിൽ ധരിച്ചിരുന്ന അതീവപ്രഭയുള്ള വെളുത്ത മുത്തുകളുടെ  ഇറക്കം കൂടിയ ഹാരം അവന്റെ മാറിടത്തിൽ, യമുനയുടെ ആഴമേറിയ ഭാഗങ്ങളിലെ ഇരുണ്ടജലത്തിൽ ഒഴുക്ക് സൃഷ്ടിയ്ക്കുന്ന നീർക്കുമിളകളുടെ നിരപോലെ  വേറിട്ട കാഴ്ച്ച സൃഷ്ടിയ്ക്കുന്നുണ്ടായിരുന്നു. വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമപ്രധാനവുമായ ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും  ഹരി അവൾക്ക് മുന്നിൽ നിന്നു ....

ശ്യാമല മൃദുല കളേബര മണ്ഡല മധിഗത ഗൗരദുകൂലം
നീലനലിനമിവ പീതപരാഗ പതലഭര വലയിതമൂലം
ഹരിമേകരസം ചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരുഹർഷ വശംവദ വദനമനംഗ നിവാസം 

കൃഷ്ണവർണ്ണമാർന്ന അവന്റെ മൃദു കോമള ശരീരത്തിൽ അവനണിഞ്ഞ വെട്ടിത്തിളങ്ങുന്ന മഞ്ഞപ്പട്ടുടയാടകൾ, ഒരു നീലത്താമരപ്പൂവിനെ സ്വർണ്ണവർണ്ണമാർന്ന പരാഗരേണുക്കൾ ആവരണം ചെയ്തത് പോലെ അതിമനോഹര ദൃശ്യഭംഗി ഒരുക്കിയിരുന്നു. വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമപ്രധാനവുമായ ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും  ഹരി അവൾക്ക് മുന്നിൽ നിന്നു ....

തരള ദൃഗഞ്ചല ചലനമനോഹര വദനജനിത രതിരാഗം  
സ്ഫുട കമലോദര ഖേലിത ഖഞ്ജനയുഗമിവ ശരദി തടാകം  
ഹരിമേകരസം ചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരുഹർഷ വശംവദ വദനമനംഗ നിവാസം 

ശരത്കാലത്ത് പൊയ്കയിലെ പൂർണ്ണമായി വിടർന്ന നീലത്താമരമലർ പോലെ അരവിന്ദന്റെ സുന്ദരമായ മുഖം ശോഭിയ്ക്കുന്നു.   പ്രണയാതുരമായി ചുവന്ന നിറമിഴികൾ, അവന്റെ മുഖമാകുന്ന നീലത്താമരയിൽ വന്നണഞ്ഞ ഇണകാഞ്ചന-പ്പക്ഷികൾ കേളികളാടുന്നത്  പോലെ ചാരുതയോടെ, കടക്കണ്ണിലെ കടക്ഷങ്ങളാൽ രാധയിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചു. വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമപ്രധാനവുമായ ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും  ഹരി അവൾക്ക് മുന്നിൽ നിന്നു ....

വദന കമല പരിശീലന മിലിതമിഹി രസമ കുണ്ഡല ശോഭം
സ്മിതരുചി രുചിര സമുല്ലസിതാധര പല്ലവകൃത രതി ലോഭം 
ഹരിമേകര സംചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരുഹർഷ വശംവദ വദനമനംഗ നിവാസം 

സൂര്യനെ പോലെ പ്രകാശിയ്ക്കുന്ന കൃഷ്ണൻറ്റെ രത്നകുണ്ഡലങ്ങൾ അവൻറ്റെ മുഖകാന്തി ആസ്വദിച്ച് ആമോദത്തോടെ ആ കവിളുകളിൽ തട്ടി അഭിനന്ദിയ്ക്കുന്നു. അവൻറ്റെ ഉദയസൂര്യനെ പോലെ ചുവന്ന ചുണ്ടുകളിൽ മാസ്മരികമായ ആ പുഞ്ചിരി തത്തിക്കളിയ്ക്കുന്നു. ഇളകിയാടുന്ന മുല്ലമുട്ടുകളെ പോലെ അതിസുന്ദരമായ ആ അധരങ്ങൾ രാധയെ രതികാമനകളുടെ ഉത്തുംഗ ശൃംഗത്തിലെത്തിച്ചു.. വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമ പ്രധാനവുമായ  ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും  ഹരി അവൾക്ക് മുന്നിൽ നിന്നു ....
  
ശശികിരണ ച്ഛുരിതോദര ജലധര സുന്ദര സകുസുമ കേശം 
തിമിരോദിത വിധുമണ്ഡല നിർമല മലയജ തിലക നിവേശം 
ഹരിമേകരസം ചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരുഹർഷ വശംവദ വദനമനംഗ നിവാസം 

കേശവൻറ്റെ ചികുരഭാരത്തിൽ അലങ്കരിച്ച വനപുഷ്പങ്ങൾ, കാർമേഘ പാളികൾക്കിടയിലൂടെ കടന്നു വരുന്ന ചന്ദ്രിക പോലെ കാണപ്പെടുന്നു. ചന്ദനത്താൽ അവൻറ്റെ തിരുനെറ്റിയിൽ ചാർത്തിയ തിലകം, കൂരിരുട്ടിനെ അകറ്റിക്കൊണ്ട് അമ്പിളി ഉദിച്ചുയരുന്നത് പോലെയുള്ള തോന്നലുളവാക്കുന്നു. വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമപ്രധാനവുമായ ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും  ഹരി അവൾക്ക് മുന്നിൽ നിന്നു .... 
 


വിപുല പുളക ഭരദന്തുരിതം രതികേളി കലാഭിരധീരം 
മണിഗണ കിരണസമൂഹ സമുജ്ജ്വല ഭൂഷണ സുഭഗശരീരം 
ഹരിമേകരസം ചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരുഹർഷ വശംവദ വദനമനംഗ നിവാസം 

രത്നഭരിതമായ ആഭരണങ്ങളാൽ അലങ്കരിച്ച മാധവൻറ്റെ കോമളമായ ശരീരകാന്തിയിൽ ആ ലതാനികുഞ്ജമാകെ പ്രകാശപൂരിതമായി, പ്രണയാതുരമായ ഒരന്തരീക്ഷം സൃഷ്ടിച്ചു. രാധയുടെ അഭിലാഷവികാരതരംഗങ്ങൾക്ക് അതേ രതികാമനകളുടെ ഭാഷയിൽ ഉത്തരം നൽകവേ രാസക്രീഡയ്ക്ക് രംഗമൊരുങ്ങുകയായിരുന്നു.   വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമപ്രധാനവുമായ ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും  ഹരി അവൾക്ക് മുന്നിൽ നിന്നു .... 

ശ്രീജയദേവ ഭണിത വിഭവ ദ്വിഗുണീകൃത ഭൂഷണ ഭാരം
പ്രണമത ഹൃദി സുചിരം വിനിധായ ഹരിം സുകൃതോദയ സാരം 
ഹരിമേകരസം ചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരുഹർഷ വശംവദ വദനമനംഗ നിവാസം 


അവനിലെ ശോഭവർദ്ധിപ്പിച്ചുകൊണ്ടോ അതോ അവയുടെ ശോഭ അവനാൽ വർദ്ധിതമാകയാലോ എന്ന ശങ്ക ഉണർത്തുന്ന ശ്രീകൃഷ്ണൻറ്റെ രത്നഭരിതമായ ആ ആഭരങ്ങളെക്കാൾ അത്രയോ ഇരട്ടി വാക്യരത്നങ്ങളാൽ കവി ജയദേവൻ ഇവിടെ അർച്ചന ചെയ്യുന്നു.. ആ ലതാനികുഞ്ജത്തിൽ രാധയ്ക്ക് അഭിമുഖമായി അവൻ നിന്നു... വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമപ്രധാനവുമായ ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും  ഹരി അവൾക്ക് മുന്നിൽ നിന്നു .... 

ശ്ലോകം - എഴുപത്തിയാറ് 

അതിക്രമ്യാപാങ്ഗം ശ്രവണപഥപര്യന്തഗമന
പ്രയാസേനേവാക്ഷ്ണോസ്തരലതരതാരം പതിതയോഃ 
ഇദാനീം രാധായാഃ പ്രിയതമസമാലോകസമയേ
പപാത സ്വേദാംഭഃ പ്രസര ഇവ ഹർഷാശ്രുനികരഃ 

ശ്ലോകം - എഴുപത്തിയേഴ് 

ഭവന്ത്യാസ്തല്പാന്തം കൃതകപടകണ്ഡൂതിപിഹിത
സ്മിതം യാതേ ഗേഹാദ്ബഹിരവഹിതാലീപരിജനേ 
പ്രിയാസ്യം പശ്യന്ത്യാഃ സ്മരശരസമാകൂതസുഭഗം

സലജ്ജാ ലജ്ജാപി വ്യഗമദിവ ദൂരം മൃഗദൃശഃ 

No comments:

Post a Comment