Sunday, December 27, 2015

സർഗ്ഗം പന്ത്രണ്ട് :സുപ്രീതപീതാംബരം ( Sarga 12 - Supreethapeethaambaram)

ശ്ലോകം - എഴുപത്തിയെട്ട്

ഗതവതി സഖീവൃന്ദേഽമന്ദത്രപാഭരനിർഭര-
സ്മരപരവശാകൂതസ്ഫീതസ്മിതസ്നപിതാധരം 
സരസമനസം ദൃഷ്ട്വാ രാധാം മുഹുർനവപല്ലവ-
പ്രസവശയനേ നിക്ഷിപ്താക്ഷീമുവാച ഹരിഃപ്രിയാം

അഷ്ടപദി 23 - ക്ഷണമധുനാ നാരായണ
(രാഗം - നാഥനാമക്രിയ)

കിസലയ ശയനതലേ കുരു കാമിനി ചരണ നളിന വിനിവേശം
തവ പദപല്ലവ വൈരി പരാഭവ മിദമനുഭവതു സുവേശം
ക്ഷണമധുനാ നാരായണ മനുഗത മനുസര രാധികേ 

എന്റെ പ്രാണപ്രിയേ.. പൂമുട്ടുകൾ വിതറിയ  ഈ പുഷ്പതൽപ്പത്തിൽ നീ പാദം ഊന്നിയാലും... നിന്റെ തളിര് പോലെയുള്ള പാദങ്ങളുടെ മാർദ്ദവത്തെ അനുഭവിച്ച് ഈ പുഷ്പ്പശയ്യ അസൂയപ്പെടട്ടെ... ഒരു മാത്ര വിളംബം കൂടാതെ നീ ഞാനാകുന്ന നാരായണനെ സ്വന്തമാക്കൂ.. ഞാൻ നിന്നെയും സ്വന്തമാക്കിക്കൊള്ളട്ടേ .. ഇനി നാരായണൻ ഇല്ല.. നാരിയും ഇല്ല, നാം ഒന്നേയുള്ളൂ.

കരകമലേന കരോമി ചരണ മഹമാഗമിതാസി വിദൂരം  
ക്ഷണമുപകുരു ശയനോപരി മാമിവ നൂപുര മനുഗതി ശൂരം 
ക്ഷണമധുനാ നാരായണ മനുഗത മനുസര രാധികേ 

എന്റെ പ്രാണപ്രിയേ..നീ നഗ്നപാദയായി വനാന്തരത്തിലൂടെ വളരെ ദൂരം സഞ്ചരിച്ച്..ക്ലേശിച്ച് എന്റെ അരികിൽ എത്തിയിരിയ്ക്കുന്നു. തളർന്നു പോയ നിന്റെ ആ പാദങ്ങളെ ഞാൻ എന്റെ കരങ്ങളാൽ തലോടി ക്ലേശമകറ്റട്ടേ...നിന്റെ ആ പാദസരങ്ങൾ ഈ പുഷ്പ്പശയ്യയിൽ എനിയ്ക്കരുകിൽ വച്ചാലും.. അവ എന്റെ കരലാളനയിൽ താളലയങ്ങൾ സൃഷ്ടിയ്ക്കട്ടേ.. ഒരു മാത്ര വിളംബം കൂടാതെ നീ ഞാനാകുന്ന നാരായണനെ സ്വന്തമാക്കൂ.. ഞാൻ നിന്നെയും സ്വന്തമാക്കിക്കൊള്ളട്ടേ .. ഇനി നാരായണൻ ഇല്ല.. നാരിയും ഇല്ല, നാം ഒന്നേയുള്ളൂ.



വദന സുധാനിധി ഗളിതമമൃതമിവ രചയ  വചന മനുകൂലം  
വിരഹ മിവാപനയാമി പയോധര രോധക മുരസി ദുകൂലം
ക്ഷണമധുനാ നാരായണ മനുഗത മനുസര  രാധികേ 

എന്റെ പ്രാണപ്രിയേ.. ചന്ദ്രബിംബത്തെ തോൽപ്പിയ്ക്കുന്ന സൌന്ദര്യം തുടിയ്ക്കുന്ന ആ മുഖത്ത് നിന്നും അമൃതകണികളായ മധുരവചനങ്ങൾ പൊഴിച്ച് എന്നെ ആനന്ദിപ്പിച്ചാലും... വിരഹത്താൽ ഇതുവരെ ഉരുകിയ എന്റെ മനസ്സിന്റെ ശാന്തിയ്ക്കായി, പൂർണ്ണമായ ഇഴുകിച്ചേരലിനായി, ഹൃദയങ്ങളുടെ ഒത്തുചേരലിന് പ്രതിബന്ധമായി നിൽക്കുന്ന... നിന്റെ മാറിടം മറയ്ക്കുന്ന ഈ പട്ട് ചേലകൾ ഞാൻ എടുത്ത് മാറ്റുകയാണ്. ഒരു മാത്ര വിളംബം കൂടാതെ നീ ഞാനാകുന്ന നാരായണനെ സ്വന്തമാക്കൂ.. ഞാൻ നിന്നെയും സ്വന്തമാക്കിക്കൊള്ളട്ടേ .. ഇനി നാരായണൻ ഇല്ല.. നാരിയും ഇല്ല, നാം ഒന്നേയുള്ളൂ.

പ്രിയ പരിരംഭണ രഭസ വലിതമിവ പുളകിതമതി ദുരവാപം 
മദുരസി കുചകലശം വിനിവേശായ  ശോഷായ മനസിജതാപം 
ക്ഷണമധുനാ നാരായണ മനുഗത മനുസര രാധികേ 

എന്റെ പ്രാണപ്രിയേ.. നിന്റെ അസുലഭവും , പ്രണയിതാവിന്റെ സ്പർശ്ശനത്താൽ രോമഹർഷം ഉണർത്തി പുളകം കൊള്ളൂന്നതുമായ കലശ സമാനമായ ആ സ്തനങ്ങൾ എന്റെ മാറിടത്തിൽ അമർത്തി എന്നെ അതിഗാഢം പുണർന്നാലും.. അതെന്റെ പ്രണയദാഹത്തെ ശമിപ്പിച്ച് കൊണ്ട് എന്റെ മാറിൽ ചേർന്നമരട്ടേ... ഒരു മാത്ര വിളംബം കൂടാതെ നീ ഞാനാകുന്ന നാരായണനെ സ്വന്തമാക്കൂ.. ഞാൻ നിന്നെയും സ്വന്തമാക്കിക്കൊള്ളട്ടേ .. ഇനി നാരായണൻ ഇല്ല.. നാരിയും ഇല്ല, നാം ഒന്നേയുള്ളൂ.

അധര സുധാരസ മുപനയ ഭാമിനി ജീവയ് മൃതമിവ ദാസം 
ത്വയി വിനിഹിതമനസം വിരഹാനലദഗ്ധവ പുഷമവിലാസം 
ക്ഷണമധുനാ നാരായണ മനുഗത മനുസര രാധികേ 


എൻറ്റെ പ്രാണപ്രിയേ.. നിന്റെ അധരങ്ങളിൽ നിന്നും എന്നിൽ അമൃത് പകർന്നാലും... ആ അധരാമൃതത്തിലൂടെ നിൻറ്റെ വിരഹത്താൽ മൃതപ്രായനായ എന്നിൽ ജീവൻറ്റെ കിരണങ്ങൾ ജ്വലിപ്പിച്ചാലും.. എൻറ്റെ ഹൃദയം ഞാൻ ഇതാ നിനക്കായി കാഴ്ച്ച വച്ചിരിയ്ക്കുന്നു, നിന്നോടൊപ്പമുള്ള രാസലീലകളിൽ നിന്നകന്ന ശരീരമോ വിരഹതാപത്താൽ വെന്തുരുകുന്നു... ഒരു മാത്ര വിളംബം കൂടാതെ നീ ഞാനാകുന്ന നാരായണനെ സ്വന്തമാക്കൂ.. ഞാൻ നിന്നെയും സ്വന്തമാക്കിക്കൊള്ളട്ടേ .. ഇനി നാരായണൻ ഇല്ല.. നാരിയും ഇല്ല, നാം ഒന്നേയുള്ളൂ.

ശശിമുഖി മുഖരയ മണിർശനാഗുണ മനുഗുണ കണ്ഠനിനാദം
ശ്രുതിയുഗലേ പികരുത വികലേ മമ ശമയ ചിരാദവസാദം 
ക്ഷണമധുനാ നാരായണമനുഗതമനുസര രാധികേ 

എൻറ്റെ പ്രാണപ്രിയേ.. ചന്ദ്രമുഖീ.. നിൻറ്റെ ആ പവിഴാധരങ്ങളിൽ നിന്നും നിർഗ്ഗമിയ്ക്കുന്ന സ്വരമാധുരിയ്ക്കു തുല്യമായി നിൻറ്റെ അരമണിക്കിങ്ങിണികൾ കിലുങ്ങി ഇവിടമാകെ അവയുടെ മധുരസംഗീതധാരയാൽ നിറയ്ക്കട്ടേ.. മറ്റുള്ളവർക്ക് മധുരതരമായി തോന്നുന്ന കളകൂജനം പോലും വിരഹദുഖത്താൽ ഇതുവരെ എനിയ്ക്ക് പീഡയായിരുന്നു, ഇനി ആ പീഡയ്ക്ക് നിന്റെ അരമണികൾ അറുതി വരുത്തട്ടേ... ഒരു മാത്ര വിളംബം കൂടാതെ നീ ഞാനാകുന്ന നാരായണനെ സ്വന്തമാക്കൂ.. ഞാൻ നിന്നെയും സ്വന്തമാക്കിക്കൊള്ളട്ടേ .. ഇനി നാരായണൻ ഇല്ല.. നാരിയും ഇല്ല, നാം ഒന്നേയുള്ളൂ. 

മാമതി വിഫലരുഷാ വികലീകൃത മവലോകിത മധുനേദം 
മീലിത ലജ്ജിതമിവ നയനം തവ വിരമ വിസൃജ രതിഖേദം 
ക്ഷണമധുനാ നാരായണ മനുഗത മനുസര രാധികേ  

എൻറ്റെ പ്രാണപ്രിയേ.. നിന്റെ കമലനയനങ്ങൾ എന്നിലേയ്ക്ക് അണയാൻ കൊതിയ്ക്കുന്നത് ഞാൻ കാണുന്നു, എന്നാൽ അവ ലജ്ജയാലെന്നത് പോലെ കൂമ്പിപ്പോവുന്നു. എന്നാൽ അത് ലജ്ജയാലല്ല.. നിനക്കെന്നോടുള്ള അകാരണമായ കോപത്താലുള്ള  ബഹിഷ്ക്കരണം ആണെന്ന് ഞാൻ തിരിച്ചറിയുന്നു. പരിഭവം വെടിയൂ.. എന്നെ പ്രണയപുരസ്സരം കടാക്ഷിയ്ക്കൂ.. രാസക്രീഡയ്ക്ക് ഇനിയും വൈകുന്നതെന്തിനാണ്? ഒരു മാത്ര വിളംബം കൂടാതെ നീ ഞാനാകുന്ന നാരായണനെ സ്വന്തമാക്കൂ.. ഞാൻ നിന്നെയും സ്വന്തമാക്കിക്കൊള്ളട്ടേ .. ഇനി നാരായണൻ ഇല്ല..നാരിയും ഇല്ല,നാം ഒന്നേയുള്ളൂ. 

ശ്രീജയദേവ ഭണിതമിദ മനുപദ നിഗദിത മധുരി പുമോദം 
ജനയതു രസികജനേഷു മനോര മതിരസ ഭാവ വിനോദം 
ക്ഷണമധുനാ നാരായണ മനുഗത മനുസര രാധികേ  

എൻറ്റെ പ്രാണപ്രിയേ.. കവിയായ ജയദേവൻ ഇവിടെ മധുരിപുവായ കൃഷ്നൻറ്റെ ആമോദ ദായകമായ മധുരഭാഷണങ്ങളുടെ പദാനുപദ വിവരണം നൽകിയിരിയ്ക്കുന്നു. ഇത് കവിതയെ ആരാധിയ്ക്കുന്നവരുടെ ഹൃദയത്തിൽ ശൃംഗാര രസത്തിൻറ്റെ ഉദാത്തമായ സൗന്ദര്യം നിറച്ച് അവരെ അഹ്ലാദത്തിൽ ആറാടിയ്ക്കുമാറാകട്ടേ... അവൻ.. പ്രണയ വിവശനായ  ആ ശ്യാമവർണ്ണൻ മൊഴിയുന്നു...ഒരു മാത്ര വിളംബം കൂടാതെ നീ ഞാനാകുന്ന നാരായണനെ സ്വന്തമാക്കൂ.. ഞാൻ നിന്നെയും സ്വന്തമാക്കിക്കൊള്ളട്ടേ .. ഇനി നാരായണൻ ഇല്ല.. നാരിയും ഇല്ല, നാം ഒന്നേയുള്ളൂ. 

ശ്ലോകം - എഴുപത്തിയൊമ്പത് 

മാരങ്കേ രതികേലിസംകുലരണാരംഭേ തയാ സാഹസ-
പ്രായം കാന്തജയായ കിഞ്ചിദുപരി പ്രാരമ്ഭി യത്സംഭ്രമാത് 
നിഷ്പന്ദാ ജഘനസ്ഥലീ ശിഥിലതാ ദോർവല്ലിരുത്കമ്പിതം
വക്ഷോമീലിതമക്ഷി പൌരുഷരസഃ സ്ത്രീണാം കുതഃ സിധ്യതി 

ശ്ലോകം - എണ്‍പത്

അഥ കാന്തം രതിക്ലാന്തമപി മണ്ഡനവാഞ്ഛയാ 
നിജഗാദ നിരാബാധാ രാധാ സ്വാധീനഭർതൃകാ 

അഷ്ടപദി 24 - നിജഗാദ സാ യദുനന്ദനേ
(രാഗം : സുരുട്ടി, ചക്രവാകം)


കുരു യദുനന്ദന ചന്ദന ശിശിര തരേണ കരേണ പയോധരേ 

മൃഗമദ പത്രകമത്ര മനോഭവ മംഗല കലശ സഹോദരേ 

നിജഗാദ സാ യദുനന്ദനേ ക്രീഡതി ഹൃദയാനന്ദനേ



അല്ലയോ മഹാനായ യദുനന്ദനാ.. നിന്റെ ചന്ദന തൈലത്തിലും കുളിർമ്മയുള്ള കരയുഗങ്ങളാൽ കാമദേവന്റെ കലശങ്ങളായ എന്റെസ്തനങ്ങളിൽ കസ്തൂരിതൈലം ലേപനം ചെയ്താലും.. അത് വഴി ഞാൻ നിന്നിൽ പൂർണ്ണമായി ലയിയ്ക്കട്ടേ.. യദുനന്ദനൻറ്റെ രതിക്രീഡകളിൽ പുളകിതയായി രാധ, ഹർഷോന്മാദത്തിൽ  ഹൃദയത്തിലൂറിയ വാക്കുകളുടെ അവൻറ്റെ കർണ്ണങ്ങളിൽ അമൃത മഴയായി ചൊരിഞ്ഞ് കൊണ്ടേയിരുന്നു. 

അളികുലഭഞ്ജന മഞ്ജനകം രതിനായക സായക മോചനേ
ത്വദധര ചുംബന ലംബിത കജ്ജളമുജ്ജ്വലയ്യ് പ്രിയ ലോചനേ 
നിജഗാദ സാ യദുനന്ദനേ ക്രീഡതി ഹൃദയാനന്ദനേ

അല്ലയോ പ്രിയനേ.. മന്മഥന്റെ ശരങ്ങൾ അവസാനമില്ലാതെ കടക്കണ്ണൂകളാൽ എയ്തിരുന്ന കണ്ണുകളിലെ കരിമഷി അലങ്കരിച്ച എന്റെ കണ്ണൂകൾ നിന്റെ ചുംബനങ്ങളാൽ മഷി മാഞ്ഞ് ഒഴിഞ്ഞ ആവനാഴി പോലെ ആയിരിയ്ക്കുന്നു. തേനീച്ചക്കൂട്ടത്തെ പോലെ ഇരുണ്ട കരിമഷിയാൽ നീ എന്റെ കണ്ണൂകളെഴുതി അവയ്ക്ക് ചൈതന്യം പകരൂ.. യദുനന്ദനൻറ്റെ രതിക്രീഡകളിൽ പുളകിതയായി രാധ, ഹർഷോന്മാദത്തിൽ ഹൃദയത്തിലൂറിയ വാക്കുകളുടെ അവൻറ്റെ കർണ്ണങ്ങളിൽ അമൃത മഴയായി ചൊരിഞ്ഞ് കൊണ്ടേയിരുന്നു. 

നയന കുരംഗ തരംഗ വികാസ നിരാശകരേ ശ്രുതി മൺഡലേ 
മനസിജ പാശ വിലാസധരേ ശുഭവംശേ നിവേശായ കുൺഡലേ 
നിജഗാദ സാ യദുനന്ദനേ ക്രീഡതി ഹൃദയാനന്ദനേ

ഓ.. പ്രിയനേ.. എന്റെ മിഴികളിലെ മാൻപേടകളുടെ തുള്ളീച്ചാട്ടത്തെ പരിധി വിടാതെ പ്രതിരോധിയ്ക്കുന്ന കർണ്ണങ്ങളെ നീ ആഭരങ്ങളാൽ അലങ്കരിച്ചാലും..കാമദേവൻ തന്റെ പാശത്താൽ തീർത്ത കെണി പോലെ ആ കുണ്ഡലങ്ങൾ എന്റെ കടമിഴിയുടെ കടാാക്ഷങ്ങളെ പ്രതിരോധിയ്ക്കട്ടേ.... യദുനന്ദനൻറ്റെ രതിക്രീഡകളിൽ പുളകിതയായി രാധ, ഹർഷോന്മാദത്തിൽ  ഹൃദയത്തിലൂറിയ വാക്കുകളുടെ അവൻറ്റെ കർണ്ണങ്ങളിൽ അമൃത മഴയായി ചൊരിഞ്ഞ് കൊണ്ടേയിരുന്നു. 


ഭ്രമരചയം രചയന്ത മുപരി രുചിരം സുചിരം മമ സംമുഖേ 
ജിതകമലേ വിമലേ പരികർമയ നർമ്മജനകമലകം മുഖേ 
നിജഗാദ സാ യദുനന്ദനേ ക്രീഡതി ഹൃദയാനന്ദനേ

ഓ..പ്രിയനേ.. എന്റെ അഴിഞ്ഞു കിടക്കുന്ന കേശഭാരം നീ കാണുന്നില്ലേ? അവ നിനക്ക് ഒരു താമരപ്പൂവിനു ചുറ്റും തേനീച്ചക്കൂട്ടം പറക്കുന്ന പ്രതീതി ഉളവാക്കുന്നില്ലേ? എന്റെ നളിനത്തെ അതിശയിപ്പിയ്ക്കുന്ന ഈ മുഖത്ത് നിന്നും ആ ചിതറിക്കിടക്കുന്ന ചുരുണ്ട കാർകുഴൽ നീക്കിയാലും, അതിനെ പ്രിയകരമായ രീതിയിൽ അലങ്കരിച്ചാലും.... യദുനന്ദനൻറ്റെ രതിക്രീഡകളിൽ പുളകിതയായി രാധ, ഹർഷോന്മാദത്തിൽ ഹൃദയത്തിലൂറിയ വാക്കുകളുടെ അവൻറ്റെ കർണ്ണങ്ങളിൽ അമൃത മഴയായി ചൊരിഞ്ഞ് കൊണ്ടേയിരുന്നു. 

മൃഗമദ രസവലിതം ലളിതം കുരു തിലകമലിക രജനീകരേ 
വിഹിതകളങ്കകലം കമലാനന വിശ്രമിത ശ്രമശീകരേ 
നിജഗാദ സാ യദുനന്ദനേ ക്രീഡതി ഹൃദയാനന്ദനേ

അല്ലയോ.. കമലാനനാ.. രതിക്രീഡയിലെ വേപധു തങ്ങി നിന്ന് ബാഷ്പീകരിയ്ക്കയാൽ എന്റെ നെറ്റിത്തടത്തിൽ ചന്ദ്രനിലെ മാൻപേടയെന്നപോലെ അടയാളം സൃഷ്ടിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഈ കസ്തൂരിയാൽ  അർദ്ധചന്ദ്രനായി നീ വിശേഷിപ്പിയ്ക്കുന്ന എന്റെ  നെറ്റിത്തടത്തിൽ ഒരു തിലകം ചാർത്തി തന്നാലും.... യദുനന്ദനൻറ്റെ രതിക്രീഡകളിൽ പുളകിതയായി രാധ, ഹർഷോന്മാദത്തിൽ ഹൃദയത്തിലൂറിയ വാക്കുകളുടെ അവൻറ്റെ കർണ്ണങ്ങളിൽ അമൃത മഴയായി ചൊരിഞ്ഞ് കൊണ്ടേയിരുന്നു. 

മമ രുചിരേ ചികുരേ കുരു മാനദ മാനസിജ ധ്വജ ചാമരേ 
രതിഗളിതേ ലളിതേ കുസുമാനി ശിഖൺഡി ശിഖൺഡക ഡാമരേ 
നിജഗാദ സാ യദുനന്ദനേ ക്രീഡതി ഹൃദയാനന്ദനേ

ഓ... പ്രിയനേ.. മറ്റുള്ളവരെ മാനിയ്ക്കുകയും, പരിഗണിയ്ക്കുകയും ചെയ്യുക നിന്റെ ശീലമാണ്. പൂക്കളാൽ അലങ്കരിച്ച എന്റെ കേശഭാരത്തെ നീ പീലി വിടർത്തിയാടുന്ന മയിലിന്റെ വർണ്ണപ്പീലികളോട് ഉപമിച്ചു. എന്നാൽ ഇപ്പോൾ രതിയുടെ ആവേശത്തിൽ കാമദേവന്റെ പതാക പോലെ ഉലഞ്ഞാടി കെട്ടഴിഞ്ഞ്, വിടർന്ന് അത് ഒരു വശത്തേയ്ക്ക് വീണു കിടക്കുന്നു. നീ അതിനെ മൂന്നായി വകഞ്ഞ് കെട്ടി അതിൽ പൂക്കളും, മുട്ടുകളും അടുക്കി സ്വർഗ്ഗീയ സുഗന്ധം നിറച്ചാലും... യദുനന്ദനൻറ്റെ രതിക്രീഡകളിൽ പുളകിതയായി രാധ, ഹർഷോന്മാദത്തിൽ  ഹൃദയത്തിലൂറിയ വാക്കുകളുടെ അവൻറ്റെ കർണ്ണങ്ങളിൽ അമൃത മഴയായി  ചൊരിഞ്ഞ് കൊണ്ടേയിരുന്നു. 


സരസഘനേ ജഘനേ മമ ശംബര ദാരണ വാരണ കന്ദരേ 
മണി രസനാ വസനാഭരണാനി ശുഭാശയ വാസയ സുന്ദരേ 
നിജഗാദ സാ യദുനന്ദനേ ക്രീഡതി ഹൃദയാനന്ദനേ

ഓ..പ്രിയനേ.. എല്ലാം കൊണ്ടും പരിപൂർണ്ണനായവനേ.. നിന്റെ കമലസമാനമായ കരങ്ങൾ എല്ലാ ഐശ്വര്യങ്ങൾക്കും നിദാനമാണ്. രസഭരിതമായ  നിന്റെ ഹൃദയം, അതിലെ വിചാരധാര ആണ് എല്ലാ പ്രത്യേകതകൾക്കും കാരണമായിട്ടുള്ളത്. ഞാൻ .. എന്റെ എല്ലാം നിനക്ക് സമർപ്പിച്ചു കഴിഞ്ഞു, ഇനി വിവസ്ത്ര ആക്കിയ നീ തന്നെ എന്നെ വസ്ത്രങ്ങളാൽ, രത്നഭരിതമായ ആഭരണങ്ങളാൽ എന്റെ ശരീരവും, അരക്കെട്ടും, കാമദേവന്റെ ഹസ്തത്തിൻ ഉറവിടവും അലങ്കരിച്ചാലും.... യദുനന്ദനൻറ്റെ രതിക്രീഡകളിൽ പുളകിതയായി രാധ, ഹർഷോന്മാദത്തിൽ ഹൃദയത്തിലൂറിയ വാക്കുകളുടെ അവൻറ്റെ കർണ്ണങ്ങളിൽ അമൃത മഴയായി  ചൊരിഞ്ഞ് കൊണ്ടേയിരുന്നു. 

ശ്രീജയദേവ വചസി രുചിരേ ഹൃദയം സദയം കുരു മൺഡനേ 
ഹരിചരണ സ്മരണാമൃത കൃതകലി കലുഷ ഭവജ്വര ഖൺഡനേ
നിജഗാദ സാ യദുനന്ദനേ ക്രീഡതി ഹൃദയാനന്ദനേ

ശ്രീ ജയദേവ കവിയാൽ രചിയ്ക്കപ്പെട്ട ഈ വളരെ പ്രത്യേകതകൾ നിറഞ്ഞ വരികൾ ആസ്വാദകന്റെ മനസ്സിൽ ഭക്ത്യോന്മാദങ്ങൾ നിറയ്ക്കട്ടേ..അവ ശ്രീഹരിയുടെ പാദകമലങ്ങളുടെ അമൃതമയമായ സ്മരണകൾ ആകയാൽ, കലിയുഗത്തിന്റെ എല്ലാവിധ കളങ്കങ്ങളും, വ്യാധികളും, പാപങ്ങളിൽ നിന്നും മുക്തി പ്രദാനം ചെയ്യുന്നതാണ്. രതിക്രീഡയിൽ ഉന്മാദത്തിന്റെ ശൃംഗം സ്പർശ്ശിച്ച രാധ.... യദുനന്ദനൻറ്റെ രതിക്രീഡകളിൽ പുളകിതയായി രാധ, ഹർഷോന്മാദത്തിൽ ഹൃദയത്തിലൂറിയ വാക്കുകളുടെ അവൻറ്റെ കർണ്ണങ്ങളിൽ അമൃത മഴയായി  ചൊരിഞ്ഞ് കൊണ്ടേയിരുന്നു. 

ശ്ലോകം - എണ്‍പത്തിയൊന്ന് 


രചയ കുചയോഃ പത്രം ചിത്രം കുരുഷ്വ കപോലയോർ-

ഘർടയ ജഘനേ കാഞ്ചീമഞ്ച സ്രജാ കബരീഭരം 

കലയ വലയശ്രേണീം പാണൌ പദേ കുരു നൂപുരാ-വിതി നിഗതിതഃ പ്രീതഃ പീതാമ്ബരോഽപി തഥാകരോത് 



ശ്ലോകം - എണ്‍പത്തിയൊന്ന്

യദ്ഗാൻധ്ഗർവകലാസു കൌശലമനുധ്യാനം ച യദ്വൈഷ്ണവം യച്ഛൃങ്ഗാരവിവേകതത്വമപി യത്കാവ്യേഷു ലീലായിതം 
തത്സർവം ജയദേവപൺഡിതകവേഃ കൃഷ്ണൈകതാനാത്മനഃ സാനൻദാഃ പരിശോധയൻതു സുധിയഃ ശ്രീഗീതഗോവിൻദതഃ ॥

ശ്ലോകം - എണ്‍പത്തിമൂന്ന്

ശ്രീഭോജദേവപ്രഭവസ്യ രാമാദേവീസുതശ്രീജയദേവകസ്യ 
പരാശരാദിപ്രിയവർഗകൺഠേ ശ്രീഗീതഗോവിൻദകവിത്വമസ്തു 

॥ ഇതി ഗീതഗോവിൻദം സമാപ്തം ॥

സർഗ്ഗം പതിനൊന്ന് :സാനന്ദഗോവിന്ദം ( Sarga 11 - Saanandagovindam)

അഷ്ടപദി 20 - മുഗ്ധേ മധുമഥനമനുഗത
(രാഗം - കല്യാണി )

വിരചിത ചാടുവചന രചനം ചരണേ രചിതപ്രണിപാതം
സംപ്രതി മഞ്ജുലവഞ്ജുലസീമനി കേളിശയനമനുയാതം
മുഗ്ധേ മധുമഥനമനുഗത മനുസര രാധികേ

രാധയുടെ സഖി പറയുന്നു... പ്രിയ തോഴീ.. രാധേ.. നിന്നോട് മൃദുവും, മധുരതരവുമായ മൊഴികൾ ചൊരിഞ്ഞ്, നിന്റെ മുന്നിൽ മുട്ടുകുത്തി വണങ്ങി , നിന്റെ പാദങ്ങൾ ശിരസ്സിൽ വച്ച് സ്തുതിച്ച്, അവൻ... ആ ശ്യാമവർണ്ണൻ കദംബവൃക്ഷത്തണലിലെ ലതാഗൃഹത്തിൽ പുഷ്പ്പശയ്യയിൽ രാസലീലയ്ക്കായി നിന്നെയും കാത്ത് ശയിയ്ക്കുന്നു. കറയറ്റ താരുണ്യലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും ...

ഘനജഘന സ്തനഭാരഭരേ ദരമന്ഥര ചരണവിഹാരം
മുഖരിത മണീമഞ്ജീരമുപൈഹി വിധേഹി മരാലവികാരം
മുഗ്ധേ മധുമഥനമനുഗത മനുസര രാധികേ

പ്രിയ തോഴീ.. രാധേ.. അവൻ കാത്തിരിയ്ക്കുന്ന നദിക്കരയിലെ നികുഞ്ജത്തിലേയ്ക്ക് നിന്റെ വിസ്തൃതമായ അരക്കെട്ടും, ഭാരമേറിയ സ്തനങ്ങളും നിഷ്ക്കർഷിയ്ക്കുന്ന മന്ദഗതിയായ ചലനത്തിലൂടെ നീങ്ങിയാലും... ആ യാത്രയിൽ നിനക്കും അവനും ഉന്മാദദായകമായി നിന്റെ അരമണി കിങ്ങിണികളും, പാദസരങ്ങളും കിലുങ്ങട്ടേ.. അരയന്നപ്പിടയുടെ ഗതിതാളത്തിൽ നീ അവനെ സമീപിയ്ക്കുക, അതവനിൽ വികാരവാഞ്ച ജ്വലിപ്പിയ്ക്കട്ടേ ...കറയറ്റ താരുണ്യ ലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും  ..



ശൃണു രമണീയതരം തരുണീജനമോഹന മധുപവിരാവം
കുസുമശരാസന ശാസനബന്ദിനി പികനികരേ ഭജ ഭാവം
മുഗ്ധേ മധുമഥനമനുഗത മനുസര രാധികേ

ഗോപികാ ഹൃദയങ്ങളുടെ താളം തെറ്റിച്ച്, അവരെ സ്വർഗ്ഗീയ സംഗീത വീചികളിൽ നീരാടച്ചും, അതിൽ അലിഞ്ഞ് സ്വയം ഇല്ലാതാക്കുകയും ചെയ്യുന്ന കൃഷ്ണന്റെ മുരളിയിൽ നിന്നൊഴുകി വരുന്ന ലളിതസംഗീതം ആസ്വദിച്ചാലും..  മന്മഥന്റെ നിർദ്ദേശങ്ങൾ വിളംബരം ചെയ്യുന്ന കുയിലുകളുടെ മധുഗാനരവം നുകരൂ.. കറയറ്റ താരുണ്യലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും  ...

അനിലതരല കിസലയ നികരേണ കരേണ ലതാനികുരുംബം
പ്രേരണമിവ കരഭോരു കരോതി ഗതിം പ്രതിമുഞ്ച വിളംബം
മുഗ്ധേ മധുമഥനമനുഗത മനുസര രാധികേ

അല്ലയോ..രാധേ... ആനയുടെ തുമ്പിക്കൈയ്ക്ക് സമാനമായ ഉരുക്കളോട് കൂടിയവളേ.. ഇളം കാറ്റിൽ ഇളകുന്ന ഈ തളിരിലകളും, വള്ളിപ്പടർപ്പുകളും നിന്നോട് മന്ത്രിയ്ക്കുന്നത് .... വിളംബം കൂടാതെ അവൻ കാത്തിരിയ്ക്കുന്ന ലതാനികുഞ്ജത്തിലേയ്ക്ക് പോകുവാനാണ്, അവിടേയ്ക്കുള്ള മാർഗ്ഗം കാട്ടിത്തരികയാണ് അവയുടെ ആ കരങ്ങളിലൂടെ, അവയുടെ ചലനങ്ങളിലൂടെ... കറയറ്റ താരുണ്യലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും  ...

സ്ഫുരിതമനങ്ഗതരങ്ഗവശാദിവ സൂചിതഹരിപരിരംഭം
പൃച്ഛ മനോഹരഹാരവിമലജലധാരമമും കുചകുംഭം
മുഗ്ധേ മധുമഥനമനുഗതമനുസര രാധികേ

അല്ലയോ..രാധേ... ആ മനോജ്ഞമായ രത്നഹാരത്താൽ അലങ്കരിയ്ക്കപ്പെടുന്ന നിന്റെ ശുദ്ധവും തെളിഞ്ഞതുമായ ജലം സംഭരിച്ച  കലശസമാനമായ, കുചങ്ങളോട് ഒരു വട്ടം ചോദിച്ച് നോക്കുക.. അവ ശ്രീ ഹരിയുടെ പരിരംഭണത്തിൽ തുള്ളീതുളുമ്പാൻ വെമ്പുകയല്ലേ എന്ന് ? കറയറ്റ താരുണ്യലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും  ...

 


അധിഗതമഖിലസഖീഭിരിദം തവ വപുരപി രതിരണസജ്ജം
ചണ്ഡി രസിതരശനാരവഡിണ്ഡിമമഭിസര സരസമലജ്ജം
മുഗ്ധേ മധുമഥനമനുഗതമനുസര രാധികേ

അല്ലയോ..രാധേ... നിന്റെ സഖിമാരായ ഞങ്ങൾക്കെല്ലാം വ്യക്തമാണ് നിന്റെ മനോഗതം... നിന്റെ ദേഹം രതിക്രീഡയ്ക്ക് സജ്ജമായി നിന്ന്  ദേഹിയിൽ സമ്മർദ്ദം ചെലുത്തുകയാണ്. രതിവേഗത്തിനായ് തുടിയ്ക്കുന്നവളേ... അവൻ നിനക്കായി കാത്തിരിയ്ക്കുന്ന നിങ്ങളുടെ    രഹസ്യസമാഗമ ലതാഗൃഹത്തിലേയ്ക്ക് നിന്റെ അരമണികളുടെ കിലുക്കത്താൽ ആഗമനം വിളംബരം ചെയ്തും, ലജ്ജയെ കുടഞ്ഞെറിഞ്ഞ് ഉല്ലാസവതിയായി സമാഗമത്തിനായി കടന്ന് ചെല്ലുക.. കറയറ്റ താരുണ്യലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും   ...


സ്മരശരസുഭഗനഖേന കരേണ സഖീമവലമ്ബ്യ സലീലം
ചല വലയക്വണീതൈരവ ബോധയ ഹരമപി നിജഗതിശീലം
മുഗ്ധേ മധുമഥനമനുഗത മനുസര രാധികേ

അല്ലയോ..രാധേ... സഖിമാരാൽ വർണ്ണങ്ങൾ തൂകി അണിയിച്ചൊരുക്കിയ നിന്റെ വിരലിലെ അഞ്ച് നഖങ്ങൾ ഇപ്പോൾ കാമദേവന്റെ പഞ്ചശരങ്ങൾ ആയിത്തീർന്നിരിയ്ക്കുന്നു. അവയുടെപ്രയോഗത്താൽ പ്രണയലീലയിൽ കുശലനായ  ശ്രീഹരിയെ വികാരതരളിതനാക്കിയാലും. ലതാനികുന്ജ്ജത്തിലെത്തുന്ന നീ കയ്യിലെ കങ്കണങ്ങളുടെ കുലുക്കത്തിലൂടെ അവനെ  നിന്റെ വരവറിയിച്ചാലും....  കറയറ്റ താരുണ്യലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും  ...

ശ്രീജയദേവ ഭണിത മധരീകൃത ഹാരമുദാസിതവാമം
ഹരി വിനിഹിത മനസാമധിതിഷ്ഠതു കണ്ഠതടീമവിരാമം
മുഗ്ധേ മധുമഥന മനുഗത മനുസര രാധികേ

കവി ജയദേവനാൽ രചിയ്ക്കപ്പെട്ട ഈ ഗാനം ശ്രീഹരിയെ ഹൃദയങ്ങളിൽ വഹിയ്ക്കുന്ന ഭക്തജനങ്ങൾക്കും സഹൃദയർക്കും അവരുടെ  കണ്ഠത്തിൽ പ്രശോഭിയ്ക്കും ഹാരങ്ങളേക്കാൾ പ്രിയകരവും സ്ഥായിയായി നിലനില്ക്കുന്നതും ആയിത്തീരട്ടെ... സഖി രാധയെ കൃഷ്ണസവിധത്തിലേയ്ക്ക് നയിയ്ക്കുന്നു... കറയറ്റ താരുണ്യലാവണ്യവതിയായ രാധേ... നീ മധുകൈടഭന്മാരുടെ വൈരിയായ അവനെ അനുഗമിച്ചാലും.. അവന് അഭിമതയായി വർത്തിച്ചാലും  ...

ശ്ലോകം - എഴുപത്
സാ മാം ദ്രക്ഷ്യതി വക്ഷ്യതി സ്മരകഥാം പ്രത്യങ്ഗമാലിങ്ഗനൈഃ
പ്രീതിം യാസ്യതി രമ്യതേ സഖി സമാഗത്യേതി ചിന്താകുലഃ
സ ത്വാം പശ്യതി വേപതേ പുലകയത്യാനന്ദതി സ്വിദ്യതി
പ്രത്യുദ്ഗച്ഛതി മൂർ‍ച്ഛതി സ്ഥിരതമഃപുഞ്ജേ നികുഞ്ജേ പ്രിയഃ

ശ്ലോകം - എഴുപത്തിയൊന്ന്

അക്ഷ്ണോർ‍നിക്ഷിപദഞ്ജനം ശ്രവണയോസ്താപിച്ഛഗുച്ഛാവലീം
മൂർ‍ധ്നി ശ്യാമസരോജദാമ കുചയോഃ കസ്തൂരികാപാത്രകം
ധൂർ‍താനാമഭിസാരസത്വരഹൃദാം വിഷ്വങ്നികുഞ്ജേ സഖി
ധ്വാന്തം നീലനിചോലചാരു സദൃശാം പ്രത്യങ്ഗമാലിങ്ഗതി

ശ്ലോകം - എഴുപത്തിരണ്ട്

കാശ്മീരഗൌരവപുഷാമഭിസാരികാണാം
ആബദ്ധരേഖമഭിതോ രുചിമഞ്ജരീഭിഃ
ഏതത്തമാലദലനീലതമം തമിശ്രം
തത്പ്രേമഹേമനികഷോപലതാം തനോതി.

ശ്ലോകം - എഴുപത്തിമൂന്ന്
ഹാരാവലീതരലകാഞ്ചനകാഞ്ചിദാമ-
കേയൂരകങ്കണമണിദ്യുതിദീപിതസ്യ
ദ്വാരേ നികുഞ്ജനിലയസ്യഹരിം നിരീൿഷ്യ
വ്രീഡാവതീമഥ സഖീ നിജഗാഹ രാധാ

അഷ്ടപദി 21 - മഞ്ജുതരകുഞ്ജതലകേളിസദനേ
(രാഗം - ഘണ്ഡ )

മഞ്ജുതര കുഞ്ജതല കേളിസദനേ 
ഇഹ വിലസ രതിരഭ സഹസിത വദനേ 
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി

ഓ..രാധേ... മനോജ്ഞമായി അലങ്കരിച്ച മൃദുതല രാസലീലാ മന്ദിരസമീപം, ആകാംഷയുടേയും, രതി കാമനകളുടേയും  ഭാവങ്ങൾ മാറിമാറി വിടരുന്നത് , നിന്റെ മുഖത്തെ ഇപ്പോൾ തെളിയുന്ന ആ ചിരിയുടെ പ്രഭയിൽ കൂടുതൽ വ്യക്തമാകുന്നു.  ആ ലതഗൃഹത്തിൽ കടന്നാലും... അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും.. മുരാരിയുമായി സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .

നവ ഭവദശോക ദല ശയന സാരേ  
ഇഹ വിലസ കുചകലശ തരള  ഹാരേ
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി

ഓ..രാധേ... പുതുമയാർന്ന അശോകപ്പൂക്കളും, മുട്ടുകളും വാരിവിതറിയ തൽപ്പത്തിൽ ഹരിയുമായി രാസലീലയാടി ആമോദിയ്ക്കുവാൻ, നിന്റെ കഴുത്തിലെ രത്നഹാരം പോലും വികൃതി കാട്ടി നിന്റെ കലശസമാനമായ സ്തനങ്ങൾക്കിടയിൽ കടന്ന് പുളകം വിതറുന്നു..   ആ ലതഗൃഹത്തിൽ കടന്നാലും... അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും.. മുരാരിയുമായി  സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .

കുസുമ ചയ രചിത ശുചി വാസ ഗേഹേ
ഇഹ വിലസ കുസുമസുകുമാര ദേഹേ
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി




ഓ..രാധേ... പുഷ്പാലംകൃതമായും  ശുചിയായും സൂക്ഷിച്ചിട്ടുള്ള വനത്തിലെ വള്ളിക്കുടിലിൽ, ഹരിയോടൊപ്പം ആനന്ദിയ്ക്കുവാൻ പുഷ്പ സദൃശമായ മാർദ്ദവം സിദ്ധിച്ച മേനിയോടെ നീ ചെന്നാലും.. ആ ലതഗൃഹത്തിൽ കടന്നാലും... അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും.. മുരാരിയുമായി  സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .

ചല മലയ വന പവനസുരഭി ശീതേ
ഇഹ വിലസ മദന ശര നികര ഭീതേ
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി

ഓ..രാധേ... മലയപർവ്വതത്തിലെ ചന്ദന വൃക്ഷങ്ങളെ തഴുകി അവയുടെ സുഗന്ധം പേരി വരുന്ന കുളിർകാറ്റ്‌ ആ വള്ളിക്കുടിലിനെ സുഖ ശീതളമാക്കുന്നു. കാമദേവന്റെ ശല്യപ്പെടുന്ന ശരമാരിയിൽ നിന്നും നീ ആ നികുഞ്ജത്തിലെ നിനക്കായി  കാത്തിരിയ്ക്കുന്ന മന്മഥനിൽ അഭയം തേടുക.. അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും.. മുരാരിയുമായി  സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .

വിതത ബഹുവല്ലി നവപല്ലവ ഘനേ
ഇഹ വിലസ പീന കുച കുംഭ ജഘനേ
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി

ഓ..രാധേ... ആ ലതാസദനം ബഹുവർണ്ണങ്ങളിലുള്ള ലതകളാലും, തളിരുകളാലും അലംകൃതമാണ്. അവയ്ക്ക് ഉന്മാദമായി നിന്റെ ആകർഷണീയമായ തടിച്ച സ്തനങ്ങളും കുംഭസമാനമായ നിതംബവും പ്രശോഭിയ്ക്കട്ടേ... അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും.. മുരാരിയുമായി  സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .



മധുമുദിത മധുപ കുല കലിതരാവേ
ഇഹ വിലസ കുസുമശര സരസ ഭാവേ
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി

ഓ..രാധേ... ലതാ നികുഞ്ജത്തിലും സമീപവനത്തിലും വസന്തത്തിൽ വിടർന്ന പൂക്കളിലെ മധു നുകർന്ന് ഉന്മത്തരായ മധുപന്മാരുടെ കൂട്ടം മൂളിപ്പട്ടുകൾ പാടിപ്പറന്ന് പശ്ചാത്തല സംഗീതം കൊഴുപ്പിയ്ക്കുന്നു. ആ പുഷ്പ്പങ്ങളും മധുകരങ്ങളും കാമദേവന്റെ അഭീഷ്ടം നിറവേറ്റി സംതൃപ്തരാണ്, നീ മാത്രം പുഷ്പ്പശരന്റെ അസ്ത്രങ്ങളിൽ ഉത്തേജിതയായി തുടരുന്നു... അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും..മുരാരിയുമായി  സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .

മധു തരള  പിക നികര നിനദ മുഖരേ
ഇഹ വിലസ ദശന രുചി രുചിര  ശിഖരേ
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി

ഓ..രാധേ... വനത്തിനു മോടികൂട്ടുന്ന നിന്റെ കേശഭാരവും, അവയുടെ പശ്ചാത്തലത്തിൽ ചിരിയ്ക്കുമ്പോൾ തെളിയുന്ന ആ ദന്തകാന്തിയ്ക്കും വസന്തോന്മാദത്തിൽ കോകിലങ്ങൾ നിരവധി രാഗങ്ങൾ ആലപിച്ച് രംഗം സംഗീത സാന്ദ്രമാക്കുന്നു. അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും.. മുരാരിയുമായി  സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .

വിഹിത പദ്മാവതീസുഖ സമാജേ
ഭണതി ജയദേവ കവിരാജേ
പ്രവിശ രാധേ മാധവ സമീപമിഹ 
കുരു മുരാരേ മംഗള ശതാനി


ഓ..രാധേ... കവി ജയദേവൻ പത്നിയും നർത്തകിയുമായ പദ്മാവതിയുടെ ഭക്ത്യോന്മാദത്തിലുള്ള നൃത്തച്ചുവടുകൾക്കൊപ്പം രാധാ കൃഷ്ണന്മാരുടെ പ്രണയലീലകൾ ആലപിയ്ക്കുന്നു. രാധയുടെ സഖി അവളെ പ്രേരിപ്പിയ്ക്കുന്നു... അവിടെ ശയിയ്ക്കുന്ന മാധവന്റെ സമീപത്തേയ്ക്ക് ചെന്നാലും.. മുരാരിയുമായി  സഹശയനം നടത്തി ആനന്ദത്തിലാറാടിയാലും .

ശ്ലോകം - എഴുപത്തിനാല്

ത്വാം ചിത്തേന ചിരം വഹന്നയമതിശ്രാന്തോ ഭൃശം താപിതഃ
കന്ദർ‍പേണ തു പാതുമിച്ഛതി സുധാസംബാധബിംബാധരം
അസ്യാങ്ഗം തദലംകുരു ക്ഷണമിഹ ഭ്രൂക്ഷേപലക്ഷ്മീലവ-
ക്രീതേ ദാസ ഇവോപസേവിതപദാമ്‌ഭോജേ കുതഃ സംഭ്രമഃ

ശ്ലോകം - എഴുപത്തിയഞ്ച്

സാ സസാധ്വസസാനന്ദം ഗോവിന്ദേ ലോലലോചനാ

സിഞ്ജാനമഞ്ജുമഞ്ജീരം പ്രവിവേശ നിവേശനം

അഷ്ടപദി 22 - ഹരിമേകരസം ചിരമഭിലഷിത 
(രാഗം - മദ്ധ്യമാവതി)

രാധാവദന വിലോകന വികസിത വിവിധ വികാര വിഭംഗം 
ജലനിധിമിവ വിധുമണ്ഡല ദർശന തരലിത തുംഗ തരംഗം 
ഹരിമേക രസം ചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരു ഹർഷ വശം വദ വദന മനംഗ നിവാസം 

ലതാനികുഞ്ജത്തിൽ കടന്ന രാധയെ വീക്ഷിച്ചതും മാധവൻ വിവിധവികാരങ്ങൾക്ക് വശംവദനായി; ഉദിച്ചുയരുന്ന പൂർണ്ണചന്ദ്രൻ സമുദ്രത്തിൽ തിരകൾ ഉയർത്തുന്ന പ്രതീതി സൃഷ്ടിച്ച് കൊണ്ട്  അവന്റെ മുഖത്ത് വിവിധ രസങ്ങൾ.. ഭാവങ്ങൾ മാറി  മാറി  വിരിഞ്ഞു.  വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമപ്രധാനവുമായ ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും    ഹരി അവൾക്ക് മുന്നിൽ നിന്നു ....




ഹാര മമലതര താരമുരസി ദധതം പരിരഭ്യ വിദൂരം
സ്ഫുടതരഫേന കദംബകരംബിത മിവ യമുനാ ജലപൂരം
ഹരിമേകരസം ചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരുഹർഷ വശംവദ വദനമനംഗ നിവാസം

ആ ശ്യാമവർണ്ണൻ കഴുത്തിൽ ധരിച്ചിരുന്ന അതീവപ്രഭയുള്ള വെളുത്ത മുത്തുകളുടെ  ഇറക്കം കൂടിയ ഹാരം അവന്റെ മാറിടത്തിൽ, യമുനയുടെ ആഴമേറിയ ഭാഗങ്ങളിലെ ഇരുണ്ടജലത്തിൽ ഒഴുക്ക് സൃഷ്ടിയ്ക്കുന്ന നീർക്കുമിളകളുടെ നിരപോലെ  വേറിട്ട കാഴ്ച്ച സൃഷ്ടിയ്ക്കുന്നുണ്ടായിരുന്നു. വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമപ്രധാനവുമായ ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും  ഹരി അവൾക്ക് മുന്നിൽ നിന്നു ....

ശ്യാമല മൃദുല കളേബര മണ്ഡല മധിഗത ഗൗരദുകൂലം
നീലനലിനമിവ പീതപരാഗ പതലഭര വലയിതമൂലം
ഹരിമേകരസം ചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരുഹർഷ വശംവദ വദനമനംഗ നിവാസം 

കൃഷ്ണവർണ്ണമാർന്ന അവന്റെ മൃദു കോമള ശരീരത്തിൽ അവനണിഞ്ഞ വെട്ടിത്തിളങ്ങുന്ന മഞ്ഞപ്പട്ടുടയാടകൾ, ഒരു നീലത്താമരപ്പൂവിനെ സ്വർണ്ണവർണ്ണമാർന്ന പരാഗരേണുക്കൾ ആവരണം ചെയ്തത് പോലെ അതിമനോഹര ദൃശ്യഭംഗി ഒരുക്കിയിരുന്നു. വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമപ്രധാനവുമായ ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും  ഹരി അവൾക്ക് മുന്നിൽ നിന്നു ....

തരള ദൃഗഞ്ചല ചലനമനോഹര വദനജനിത രതിരാഗം  
സ്ഫുട കമലോദര ഖേലിത ഖഞ്ജനയുഗമിവ ശരദി തടാകം  
ഹരിമേകരസം ചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരുഹർഷ വശംവദ വദനമനംഗ നിവാസം 

ശരത്കാലത്ത് പൊയ്കയിലെ പൂർണ്ണമായി വിടർന്ന നീലത്താമരമലർ പോലെ അരവിന്ദന്റെ സുന്ദരമായ മുഖം ശോഭിയ്ക്കുന്നു.   പ്രണയാതുരമായി ചുവന്ന നിറമിഴികൾ, അവന്റെ മുഖമാകുന്ന നീലത്താമരയിൽ വന്നണഞ്ഞ ഇണകാഞ്ചന-പ്പക്ഷികൾ കേളികളാടുന്നത്  പോലെ ചാരുതയോടെ, കടക്കണ്ണിലെ കടക്ഷങ്ങളാൽ രാധയിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചു. വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമപ്രധാനവുമായ ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും  ഹരി അവൾക്ക് മുന്നിൽ നിന്നു ....

വദന കമല പരിശീലന മിലിതമിഹി രസമ കുണ്ഡല ശോഭം
സ്മിതരുചി രുചിര സമുല്ലസിതാധര പല്ലവകൃത രതി ലോഭം 
ഹരിമേകര സംചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരുഹർഷ വശംവദ വദനമനംഗ നിവാസം 

സൂര്യനെ പോലെ പ്രകാശിയ്ക്കുന്ന കൃഷ്ണൻറ്റെ രത്നകുണ്ഡലങ്ങൾ അവൻറ്റെ മുഖകാന്തി ആസ്വദിച്ച് ആമോദത്തോടെ ആ കവിളുകളിൽ തട്ടി അഭിനന്ദിയ്ക്കുന്നു. അവൻറ്റെ ഉദയസൂര്യനെ പോലെ ചുവന്ന ചുണ്ടുകളിൽ മാസ്മരികമായ ആ പുഞ്ചിരി തത്തിക്കളിയ്ക്കുന്നു. ഇളകിയാടുന്ന മുല്ലമുട്ടുകളെ പോലെ അതിസുന്ദരമായ ആ അധരങ്ങൾ രാധയെ രതികാമനകളുടെ ഉത്തുംഗ ശൃംഗത്തിലെത്തിച്ചു.. വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമ പ്രധാനവുമായ  ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും  ഹരി അവൾക്ക് മുന്നിൽ നിന്നു ....
  
ശശികിരണ ച്ഛുരിതോദര ജലധര സുന്ദര സകുസുമ കേശം 
തിമിരോദിത വിധുമണ്ഡല നിർമല മലയജ തിലക നിവേശം 
ഹരിമേകരസം ചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരുഹർഷ വശംവദ വദനമനംഗ നിവാസം 

കേശവൻറ്റെ ചികുരഭാരത്തിൽ അലങ്കരിച്ച വനപുഷ്പങ്ങൾ, കാർമേഘ പാളികൾക്കിടയിലൂടെ കടന്നു വരുന്ന ചന്ദ്രിക പോലെ കാണപ്പെടുന്നു. ചന്ദനത്താൽ അവൻറ്റെ തിരുനെറ്റിയിൽ ചാർത്തിയ തിലകം, കൂരിരുട്ടിനെ അകറ്റിക്കൊണ്ട് അമ്പിളി ഉദിച്ചുയരുന്നത് പോലെയുള്ള തോന്നലുളവാക്കുന്നു. വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമപ്രധാനവുമായ ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും  ഹരി അവൾക്ക് മുന്നിൽ നിന്നു .... 
 


വിപുല പുളക ഭരദന്തുരിതം രതികേളി കലാഭിരധീരം 
മണിഗണ കിരണസമൂഹ സമുജ്ജ്വല ഭൂഷണ സുഭഗശരീരം 
ഹരിമേകരസം ചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരുഹർഷ വശംവദ വദനമനംഗ നിവാസം 

രത്നഭരിതമായ ആഭരണങ്ങളാൽ അലങ്കരിച്ച മാധവൻറ്റെ കോമളമായ ശരീരകാന്തിയിൽ ആ ലതാനികുഞ്ജമാകെ പ്രകാശപൂരിതമായി, പ്രണയാതുരമായ ഒരന്തരീക്ഷം സൃഷ്ടിച്ചു. രാധയുടെ അഭിലാഷവികാരതരംഗങ്ങൾക്ക് അതേ രതികാമനകളുടെ ഭാഷയിൽ ഉത്തരം നൽകവേ രാസക്രീഡയ്ക്ക് രംഗമൊരുങ്ങുകയായിരുന്നു.   വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമപ്രധാനവുമായ ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും  ഹരി അവൾക്ക് മുന്നിൽ നിന്നു .... 

ശ്രീജയദേവ ഭണിത വിഭവ ദ്വിഗുണീകൃത ഭൂഷണ ഭാരം
പ്രണമത ഹൃദി സുചിരം വിനിധായ ഹരിം സുകൃതോദയ സാരം 
ഹരിമേകരസം ചിരമഭിലഷിത വിലാസം
സാ ദദാർശ ഗുരുഹർഷ വശംവദ വദനമനംഗ നിവാസം 


അവനിലെ ശോഭവർദ്ധിപ്പിച്ചുകൊണ്ടോ അതോ അവയുടെ ശോഭ അവനാൽ വർദ്ധിതമാകയാലോ എന്ന ശങ്ക ഉണർത്തുന്ന ശ്രീകൃഷ്ണൻറ്റെ രത്നഭരിതമായ ആ ആഭരങ്ങളെക്കാൾ അത്രയോ ഇരട്ടി വാക്യരത്നങ്ങളാൽ കവി ജയദേവൻ ഇവിടെ അർച്ചന ചെയ്യുന്നു.. ആ ലതാനികുഞ്ജത്തിൽ രാധയ്ക്ക് അഭിമുഖമായി അവൻ നിന്നു... വളരെ കാലമായി കാത്തിരുന്ന ഏറ്റവും ശക്തവും പരമപ്രധാനവുമായ ഒരഭിലാഷസിദ്ധി സാധ്യമായത് പോലെ ഉള്ള ഭാവം അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു. ഒരേ സമയം അത്യാഹ്ലാദവാനായും, കാമപീഡയാൽ പരവശനായും  ഹരി അവൾക്ക് മുന്നിൽ നിന്നു .... 

ശ്ലോകം - എഴുപത്തിയാറ് 

അതിക്രമ്യാപാങ്ഗം ശ്രവണപഥപര്യന്തഗമന
പ്രയാസേനേവാക്ഷ്ണോസ്തരലതരതാരം പതിതയോഃ 
ഇദാനീം രാധായാഃ പ്രിയതമസമാലോകസമയേ
പപാത സ്വേദാംഭഃ പ്രസര ഇവ ഹർഷാശ്രുനികരഃ 

ശ്ലോകം - എഴുപത്തിയേഴ് 

ഭവന്ത്യാസ്തല്പാന്തം കൃതകപടകണ്ഡൂതിപിഹിത
സ്മിതം യാതേ ഗേഹാദ്ബഹിരവഹിതാലീപരിജനേ 
പ്രിയാസ്യം പശ്യന്ത്യാഃ സ്മരശരസമാകൂതസുഭഗം

സലജ്ജാ ലജ്ജാപി വ്യഗമദിവ ദൂരം മൃഗദൃശഃ 

Saturday, December 26, 2015

സർഗ്ഗം പത്ത് : ചതുരചതുർഭുജം ( Sarga 10 - Chathurachathurbhujam)


ശ്ലോകം - അറുപത്തിയൊന്ന്

അത്രാന്തരേ മസൃണരോഷവശാമസീമ
നിഃശ്വാസനിഃസഹമുഖീം സുമുഖീമുപേത്യ
സവ്രീഡമീക്ഷിതസഖീവദനാം ദിനാന്തേ
സാനന്ദഗദ്ഗദപദം ഹരിരിത്യുവാച

അഷ്ടപദി 19 - പ്രിയേ ചാരുശീലേ
(രാഗം - മുഖാരി)

വദസി യദി കിംചിദപി ദന്തരുചികൌമുദീ
ഹരതി ദരതിമിരമതിഘോരം
സ്ഫുരദധരസീധവേ തവ വദനചന്ദ്രമാ
രോചയതു ലോചനചകോരം
പ്രിയേ ചാരുശീലേ മുഞ്ച മയിമാനമനിദാനം
സപദി മദനാനലോ ദഹതി മമ മാനസം
ദേഹി മുഖകമലമധുപാനം

ഐശ്വര്യവതീ... അകാരണമായ ഈ പരിഭവം ഉപേക്ഷിച്ചാലും. നീ... എന്നോട് എന്തെങ്കിലും ഉരിയാടിയാലും..അത് ഒരു വാക്കായാൽ പോലും എന്റെ മനസ്സിലെ ദുഖഭീതികളുടെ കരിനിഴൽ ഇല്ലാതാക്കാൻ നിന്റെ കോമള ദന്തങ്ങളിൽ നിന്നുതിർക്കുന്ന പൂനിലാവിനു സമാനമായ ആ രശ്മികൾക്കാകും. നിന്റെ പൂർണ്ണാചന്ദ്രനെ തോൽപ്പിയ്ക്കുന്ന മുഖബിംബം എന്റെ നയനങ്ങളെ ഒരു ചകോരപക്ഷിയാക്കി മാറ്റുന്നു, അവ നിന്റെ അധരത്തിൽ നിന്നുതിരും അമൃതതുല്യ വചനങ്ങൾക്കായി കാത്തിരിയ്ക്കുന്നു.

എന്റെ പ്രിയപ്പെട്ടവളേ.. ഹൃദയാനന്ദം പ്രസരിപ്പിയ്ക്കുന്നവളേ... എന്നോടുള്ള ഈ അകൽച്ച ഉപേക്ഷിച്ചാലും.. എന്നോട് പരിഭവിയ്ക്കുവാൻ തക്കതായ ഒരു കാരണവും ഞാൻ കാണുന്നില്ല. പ്രണയദാഹത്തിന്റെ തീജ്ജ്വാലകൾ എന്റെ ഹൃദയത്തെ ചുട്ടെരിയ്ക്കുന്നു .. നിന്റെ ആ മുഖകമലത്തിലെ അമൃത് നുകരാൻ എന്നെ അനുവദിച്ചാലും...


സത്യമേവാസി യദി സുദതി മയി കോപിനീ
ദേഹി ഖരനഖശരഘാതം
ഘടയ ഭുജബന്ധനം ജനയ രദഖണ്ഡനം
യേന വാ ഭവതി സുഖജാതം പ്രിയേ
പ്രിയേ ചാരുശീലേ മുഞ്ച മയിമാനമനിദാനം
സപദി മദനാനലോ ദഹതി മമ മാനസം
ദേഹി മുഖകമലമധുപാനം

 


ഓ..പ്രിയേ.. മനോഹരമായ ചിരിതൂകിയവളേ.. നീ ഇനിയും എന്നിൽ കോപിഷ്ടയെങ്കിൽ... നിന്റെ കോപത്തിനു ശരിയായ കാരണമുണ്ടെന്ന് നീ വിശ്വസിയ്ക്കുന്നുവെങ്കിൽ... ഞാനിതാ അതിനുള്ള ശിക്ഷയേറ്റുവാങ്ങുവാൻ സന്നദ്ധനായി നിന്റെ മുന്നിൽ നില്ക്കുന്നു. നിന്റെ കൂർത്ത നഖങ്ങളാൽ എന്നിൽ ക്ഷതങ്ങൾ ഏൽപ്പിച്ചാലും ...... നിന്റെ കരവലയത്തിൽ എന്നെ ഞെരിച്ചമർത്തി വേദനിപ്പിച്ചാലും... നിന്റെ പല്ലുകളാൽ എന്റെ ചുണ്ടുകളിൽ രക്തം കിനിയുന്ന ച്ഛേദം വരുത്തിയാലും.. അപ്രകാരം നിന്റെ കോപം ആറിത്തണുക്കുവാൻ... നിന്നിൽ സന്തോഷം ജനിയ്ക്കുവാൻ ഉത്തകുന്നതെല്ലാം നീ പ്രവർത്തിച്ചാലും...
എന്റെ പ്രിയപ്പെട്ടവളേ.. ഹൃദയാനന്ദം പ്രസരിപ്പിയ്ക്കുന്നവളേ... എന്നോടുള്ള ഈ അകൽച്ച ഉപേക്ഷിച്ചാലും.. എന്നോട് പരിഭവിയ്ക്കുവാൻ തക്കതായ ഒരു കാരണവും ഞാൻ കാണുന്നില്ല. പ്രണയദാഹത്തിന്റെ തീജ്ജ്വാലകൾ എന്റെ ഹൃദയത്തെ ചുട്ടെരിയ്ക്കുന്നു .. നിന്റെ ആ മുഖകമലത്തിലെ അമൃത് നുകരാൻ എന്നെ അനുവദിച്ചാലും... 


ത്വമസി മമ ഭൂഷണം ത്വമസി മമ ജീവനം
ത്വമസി ഭവജലധിരത്നം
ഭവതു ഭവതീഹ മയി സതതമനോരോധിനി
തത്ര മമ ഹൃദയമതിരത്നം
പ്രിയേ ചാരുശീലേ മുഞ്ച മയിമാനമനിദാനം
സപദി മദനാനലോ ദഹതി മമ മാനസം
ദേഹി മുഖകമലമധുപാനം

പ്രിയമുള്ളവളേ..നീ എന്റെ ആഭരണമകുന്നു... നീ എന്റെ ജീവിതം തന്നെയാകുന്നു... നീ എന്റെ ഭവസാഗരത്തിലെ രത്നമാകുന്നു. എന്റെ ഹൃദയത്തിലെ ഓരോ തുടിപ്പുകളിലും നീ എനിയ്ക്കനുഭാവമായി എന്നും ഉണ്ടാവണമെന്ന സ്വരം മാത്രം നിറഞ്ഞ് നിൽക്കുന്നു.
എന്റെ പ്രിയപ്പെട്ടവളേ.. ഹൃദയാനന്ദം പ്രസരിപ്പിയ്ക്കുന്നവളേ... എന്നോടുള്ള ഈ അകൽച്ച ഉപേക്ഷിച്ചാലും.. എന്നോട് പരിഭവിയ്ക്കുവാൻ തക്കതായ ഒരു കാരണവും ഞാൻ കാണുന്നില്ല. പ്രണയദാഹത്തിന്റെ തീജ്ജ്വാലകൾ എന്റെ ഹൃദയത്തെ ചുട്ടെരിയ്ക്കുന്നു .. നിന്റെ ആ മുഖകമലത്തിലെ അമൃത് നുകരാൻ എന്നെ അനുവദിച്ചാലും...

നീലനളിനാഭമപി തന്വി തവ ലോചനം
ധാരയതി കോകനദരൂപം
കുസുമശരബാണഭാവേന യദി രഞ്ജയസി
കൃഷ്ണമിദമേതദനുരൂപം
പ്രിയേ ചാരുശീലേ മുഞ്ച മയിമാനമനിദാനം
സപദി മദനാനലോ ദഹതി മമ മാനസം
ദേഹി മുഖകമലമധുപാനം

പ്രിയമുള്ളവളേ.. നീലത്താമര മലർ പോലെ അതിസുന്ദരങ്ങളായ നിന്റെ മിഴികൾ, അതിയായ കോപത്താൽ ചുവന്ന് ചെന്താമര മലരുകൾ പോലെ കാണപ്പെടുന്നുവല്ലോ... നീ ആ തീഷ്ണമായ കണ്ണുകൾ കാമദേവൻറ്റെ ശരങ്ങളാക്കി എൻറ്റെ ഹൃദയമാകുന്ന ലക്ഷ്യം ഭേദിച്ചാലും..അത് എത്രയും ഉചിതവും.. എൻറ്റെ പ്രണയപ്രതികരണങ്ങൾക്ക് മാർഗ്ഗദർശ്ശനവുമാകും...
എന്റെ പ്രിയപ്പെട്ടവളേ.. ഹൃദയാനന്ദം പ്രസരിപ്പിയ്ക്കുന്നവളേ... എന്നോടുള്ള ഈ അകൽച്ച ഉപേക്ഷിച്ചാലും.. എന്നോട് പരിഭവിയ്ക്കുവാൻ തക്കതായ ഒരു കാരണവും ഞാൻ കാണുന്നില്ല. പ്രണയദാഹത്തിന്റെ തീജ്ജ്വാലകൾ എന്റെ ഹൃദയത്തെ ചുട്ടെരിയ്ക്കുന്നു .. നിന്റെ ആ മുഖകമലത്തിലെ അമൃത് നുകരാൻ എന്നെ അനുവദിച്ചാലും...



സ്ഫുരതു കുചകുംഭയോരുപരി മണിമഞ്ജരീ
രഞ്ജയതു തവ ഹൃദയദേശം
രസതു രശനാപി തവ ഘനജഘനമണ്ഡലേ
ഘോഷയതു മന്മഥനിദേശം
പ്രിയേ ചാരുശീലേ മുഞ്ച മയിമാനമനിദാനം
സപദി മദനാനലോ ദഹതി മമ മാനസം
ദേഹി മുഖകമലമധുപാനം

കഴുത്തിലണിഞ്ഞ രത്നമാല നിൻറ്റെ സ്തനങ്ങളാകും താഴികക്കുടങ്ങൾക്ക് മീതെയായി തിളങ്ങി നിൽക്കുക മാത്രമല്ല, അത് അവയ്ക്ക് താഴേയ്ക്ക് കിനിഞ്ഞിറങ്ങി നിൻറ്റെ ഹൃദയദേശമാകെ സന്തോഷപ്രഭ ചൊരിയുന്നു. വിസ്തൃതമായ ആ അരക്കെട്ടിൽ ചുറ്റപ്പെട്ട മണിയരഞ്ഞാണം, കിലുങ്ങുന്ന സ്വരത്തിലൂടെ കമദേവൻറ്റെ കൽപ്പനകൾ ഉറക്കെ വിളിച്ചോതുന്നു.
എന്റെ പ്രിയപ്പെട്ടവളേ.. ഹൃദയാനന്ദം പ്രസരിപ്പിയ്ക്കുന്നവളേ... എന്നോടുള്ള ഈ അകൽച്ച ഉപേക്ഷിച്ചാലും.. എന്നോട് പരിഭവിയ്ക്കുവാൻ തക്കതായ ഒരു കാരണവും ഞാൻ കാണുന്നില്ല. പ്രണയദാഹത്തിന്റെ തീജ്ജ്വാലകൾ എന്റെ ഹൃദയത്തെ ചുട്ടെരിയ്ക്കുന്നു .. നിന്റെ ആ മുഖകമലത്തിലെ അമൃത് നുകരാൻ എന്നെ അനുവദിച്ചാലും...

സ്ഥലകമലഗഞ്ജനം മമ ഹൃദയരഞ്ജനം ജനിതരതിരങ്ഗപരഭാഗം
ഭണ മസൃണവാണി കരവാണി ചരണദ്വയം
സരസലസദലക്തകരാഗം
പ്രിയേ ചാരുശീലേ മുഞ്ച മയിമാനമനിദാനം
സപദി മദനാനലോ ദഹതി മമ മാനസം
ദേഹി മുഖകമലമധുപാനം

പ്രിയപ്പെട്ട രാധേ... മൃദുഭാഷിണീ... നിൻറ്റെ ചെമ്പരത്തിപ്പൂവിനെ തോൽപ്പിയ്ക്കുന്ന ചുവന്ന പാദങ്ങളുടെ ശോഭ എന്റെ ഹൃദയത്തെ കൂടുതൽ വികാരങ്ങൾ ഉണർത്തുന്നു... മൈലാഞ്ചിയാൽ നിറഭേദങ്ങൾ തീർത്ത് ആ പാദസേവ ചെയ്യുനാൻ എന്നോട് ആജ്ഞാപിച്ചാലും..
എന്റെ പ്രിയപ്പെട്ടവളേ.. ഹൃദയാനന്ദം പ്രസരിപ്പിയ്ക്കുന്നവളേ... എന്നോടുള്ള ഈ അകൽച്ച ഉപേക്ഷിച്ചാലും.. എന്നോട് പരിഭവിയ്ക്കുവാൻ തക്കതായ ഒരു കാരണവും ഞാൻ കാണുന്നില്ല. പ്രണയദാഹത്തിന്റെ തീജ്ജ്വാലകൾ എന്റെ ഹൃദയത്തെ ചുട്ടെരിയ്ക്കുന്നു .. നിന്റെ ആ മുഖകമലത്തിലെ അമൃത് നുകരാൻ എന്നെ അനുവദിച്ചാലും...

സ്മരഗരലഖണ്ഡനം മമ ശിരസി മണ്ഡനം
ദേഹി പദപല്ലവമുദാരം
ജ്വലതി മയി ദാരുണോ മദനകദനാരുണോ
ഹരതു തദുപാഹിതവികാരം
പ്രിയേ ചാരുശീലേ മുഞ്ച മയിമാനമനിദാനം
സപദി മദനാനലോ ദഹതി മമ മാനസം
ദേഹി മുഖകമലമധുപാനം

നിൻറ്റെ തളിരിലകൾ പോലെ മൃദുവും സുന്ദരവുമായ പാദങ്ങൾ എൻ റ്റെ ശിരസ്സിൽ വച്ചാലും...അതെ എൻറ്റെ ശിരസ്സിനൊരു ഭൂഷണമാവുകയും കാമൻ എന്നിൽ നിറയ്ക്കുന്ന മോഹവിഷത്തിന് പ്രതിവിധിയും ആകട്ടേ... ആ പാദസ്പർശ്ശം മാത്രമാണ് എൻറ്റെ ഉള്ളിൽ ആളി പടരുന്ന ദുസ്സഹമായ പ്രണയാഗ്നിയെ ശമിപ്പിയ്ക്കുവാൻ പര്യാപ്തമായുള്ളത്. 
എന്റെ പ്രിയപ്പെട്ടവളേ.. ഹൃദയാനന്ദം പ്രസരിപ്പിയ്ക്കുന്നവളേ... എന്നോടുള്ള ഈ അകൽച്ച ഉപേക്ഷിച്ചാലും.. എന്നോട് പരിഭവിയ്ക്കുവാൻ തക്കതായ ഒരു കാരണവും ഞാൻ കാണുന്നില്ല. പ്രണയദാഹത്തിന്റെ തീജ്ജ്വാലകൾ എന്റെ ഹൃദയത്തെ ചുട്ടെരിയ്ക്കുന്നു .. നിന്റെ ആ മുഖകമലത്തിലെ അമൃത് നുകരാൻ എന്നെ അനുവദിച്ചാലും...

ഇതി ചടുലചാടുപടുചാരു മുരവൈരിണോ
രാധികാമധി വചനജാതം
ജയതി പദ്മാവതീരമണജയദേവകവി
ഭാരതീഭണിതമതിശാതം
പ്രിയേ ചാരുശീലേ മുഞ്ച മയിമാനമനിദാനം
സപദി മദനാനലോ ദഹതി മമ മാനസം
ദേഹി മുഖകമലമധുപാനം

ഇവിടെ പദ്മാവതീ കാന്തനായ ജയദേവകവി, മുരാസുരവൈരിയായ കൃഷ്ണൻ തന്റെ പ്രിയസഖി രാധയോട് അരുൾ ചെയ്ത, കലഹവിജയം നേടിയ, മധുരം നിറഞ്ഞതും, മനോഹരവും, വികാരനിർഭരവും, ആനന്ദദായകവും ആയ വാക്കുകൾ പുനരാവർത്തിയ്ക്കുന്നു....
എന്റെ പ്രിയപ്പെട്ടവളേ.. ഹൃദയാനന്ദം പ്രസരിപ്പിയ്ക്കുന്നവളേ... എന്നോടുള്ള ഈ അകൽച്ച ഉപേക്ഷിച്ചാലും.. എന്നോട് പരിഭവിയ്ക്കുവാൻ തക്കതായ ഒരു കാരണവും ഞാൻ കാണുന്നില്ല. പ്രണയദാഹത്തിന്റെ തീജ്ജ്വാലകൾ എന്റെ ഹൃദയത്തെ ചുട്ടെരിയ്ക്കുന്നു .. നിന്റെ ആ മുഖകമലത്തിലെ അമൃത് നുകരാൻ എന്നെ അനുവദിച്ചാലും..


ശ്ലോകം - അറുപത്തിരണ്ട്


പരിഹര കൃതാതങ്കേ ശങ്കാം ത്വയാ സതതം ഘന-

സ്തനജഘനയാക്രാന്തേ സ്വാന്തേ പരാനവകാശിനി

വിശതി വിതനോരന്യോ ധന്യോ ന കോപി മമാന്തരം
സ്തനഭരപരീരമ്ഭാരമ്ഭേ വിധേഹി വിധേയതാം

ശ്ലോകം - അറുപത്തിമൂന്ന്
വ്യഥയതി വൃഥാ മൌനം തന്വി പ്രപഞ്ചയ പഞ്ചമം
തരുണീ മധുരാലാപൈസ്താപം വിനോദയ ദൃഷ്ടിഭിഃ
സുമുഖി വിമുഖീഭാവം താവദ്വിമുഞ്ച ന മുഞ്ച മാം
സ്വയമതിശയസ്നിഗ്ധോ മുഗ്ധേ പ്രിയോയമുപസ്ഥിതഃ

ശ്ലോകം - അറുപത്തിനാല്

മുഗ്ധേ വിധേഹി മയി നിർ‍ദയദന്തദംശ-
ദോർ‍വല്ലിബന്ധനിബിഡസ്തനപീഡനാനി
ചണ്ഡി ത്വമേവ മുദമഞ്ചയപഞ്ചബാണ
ചണ്ഡാലകാണ്ഡദലനാദസവഃ പ്രയാന്തി

ശ്ലോകം - അറുപത്തിയഞ്ച്

ബന്ധൂകദ്യുതിബാന്ധവോയമധരഃ സ്നിഗ്ധോ മധൂകച്ഛവിർ-
‍ഗണ്ഡശ്ചണ്ഡി ചകാസ്തു നീലനളിനശ്രീമോചനം ലോചനം
നാസാഭ്യേതി തിലപ്രസൂനപദവീം കുന്ദാഭദാന്തി പ്രിയേ
പ്രായസ്ത്വന്മുഖസേവയാ വിജയതേ വിശ്വം സ പുഷ്പായുധഃ

ശ്ലോകം - അറുപത്തിയാറ്

ദൃശൌ തവ മദാലസേ വദനമിന്ദുമത്യാന്വിതം
ഗതിർ‍ജനമനോരമാ വിധുതരംഭമൂരുദ്വയം
രതിസ്തവ കലാവതീ രുചിരചിത്രലേഖേ ഭ്രുവാ-
വഹോ വിബുധയൌവനം വഹസി തന്വീ പൃഥ്വീഗതാ

സർഗ്ഗം ഒൻപത് :മുഗ്ധഗോവിന്ദം ( Sarga 9 - Mugdagovindam)

അഷ്ടപദി 18 - മാധവേ മാ കുരു മാനിനി
(രാഗം - യദുകുല കാംബോജി )

ഹരിരഭിസരതി വഹതി മധുപവനേ
കിമപരമധികസുഖം സഖി ഭുവനേ
മാധവേ മാ കുരു മാനിനി മാനമയേ

(രാധയുടെ സഖി പറയുന്നു) മലയപർവ്വതത്തിൽ നിന്നുള്ള വസന്തകാല ശീതള മന്ദപവനന്റെ തലോടലേറ്റ് കൃഷ്ണൻ വനത്തിലെ ലതാഗൃഹത്തിൽ നിനക്കായി കാത്തിരിയ്ക്കുന്നു. ഇതിലും മികച്ച ഒരു ആനന്ദപ്രഭവകേന്ദ്രം ഈ ഭൂമിയിൽ ഏതാണ് നിനക്ക് ലഭിയ്ക്കുക? പ്രിയ രാധേ.. സഖീ.. നിന്റെ ആത്മാഭിമാനബോധത്തെ ശ്ലാഘിച്ചു കൊണ്ടുതന്നെ പറയട്ടെ... അവനോടുള്ള പ്രണയത്തിൽ നിന്റെ അസ്തിത്വം തന്നെ നഷ്ടമയിരിയ്ക്കുന്നു എന്നതിനാൽ മാധവന്റെ കാര്യത്തിൽ അത് വ്യർത്ഥമാണ്, ആയതിനാൽ വിനാവിളംബം അവനോട് ചേരുക..

താലഫലാദപി ഗുരുമതിസരസം
കിം വിഫലീകുരുഷേ കുചകലശം
മാധവേ മാ കുരു മാനിനി മാനമയേ

താലവൃക്ഷത്തിന്റെ പഴുത്ത കായ്കളേക്കാൾ വലുതും, ഭാരമേറിയതും, അതിമധുര രസം നിറഞ്ഞ് തുളുമ്പുന്നതുമായ നിന്റെ കലശങ്ങൾ പോലെയുള്ള സ്തനങ്ങളുടെ യവ്വനമദം പ്രയോജന രഹിതമാക്കരുത്. പ്രിയ രാധേ.. സഖീ.. നിന്റെ ആത്മാഭിമാനബോധത്തെ ശ്ലാഘിച്ചു കൊണ്ടുതന്നെ പറയട്ടെ... അവനോടുള്ള പ്രണയത്തിൽ നിന്റെ അസ്തിത്വം തന്നെ നഷ്ടമയിരിയ്ക്കുന്നു എന്നതിനാൽ മാധവന്റെ കാര്യത്തിൽ അത് വ്യർത്ഥമാണ്, അവനോട് ചേരുക..

കതി ന കഥിതമിദമനുപദമചിരം
മാ പരിഹര ഹരിമതിശയരുചിരം
മാധവേ മാ കുരു മാനിനി മാനമയേ

എത്രയോ തവണ ഞാൻ നിന്നോട് പറഞ്ഞതാണ്? ഇനിയുമെത്ര തവണ കൂടി പറഞ്ഞാൽ നിനക്ക് മനസ്സിലാകും, അതികോമളനും, മാത്രയിൽ മനം കവരുന്ന ഉല്ലസദായകനുമായ അവനെ.. ആ ശ്രീഹരിയെ അവഗണിയ്ക്കരുതെന്ന്? പ്രിയ രാധേ.. സഖീ.. നിന്റെ ആത്മാഭിമാനബോധത്തെ ശ്ലാഘിച്ചു കൊണ്ടുതന്നെ പറയട്ടെ... അവനോടുള്ള പ്രണയത്തിൽ നിന്റെ അസ്തിത്വം തന്നെ നഷ്ടമയിരിയ്ക്കുന്നു എന്നതിനാൽ മാധവന്റെ കാര്യത്തിൽ അത് വ്യർത്ഥമാണ്, ആയതിനാൽ വിനാവിളംബം അവനോട് ചേരുക..

കിമിതി വിഷീദസി രോദിഷി വികലാ
വിഹസതി യുവതിസഭാ തവ സകലാ
മാധവേ മാ കുരു മാനിനി മാനമയേ

പ്രണയസാഫല്യം മിന്നിൽ നിൽക്കുമ്പോഴും അത് നിരസിച്ച്, എന്തിനാണ് നീയിങ്ങനെ പ്രാണവേദനയിൽ പിടയുകയും, അതിരോഷം കൊള്ളുകയും, പൊട്ടിക്കരയുകയും മാറ്റ്‌ ഭ്രാന്തമായ ചേഷ്ടകൾ പ്രദർശ്ശിപ്പിയ്ക്കുകയും ചെയ്യുന്നത്? നിന്റെ താളം തെറ്റിയ ഈ ശരീരഭാഷ കണ്ട് എതിരാളികളായ ഗോപകന്യകമാർ ആനന്ദിയ്ക്കുകയും, കൂട്ടമായി പരിഹസിച്ച് ചിരിയ്ക്കുകയാണെന്നറിയുക. പ്രിയ രാധേ.. സഖീ.. നിന്റെ ആത്മാഭിമാനബോധത്തെ ശ്ലാഘിച്ചു കൊണ്ടുതന്നെ പറയട്ടെ... അവനോടുള്ള പ്രണയത്തിൽ നിന്റെ അസ്തിത്വം തന്നെ നഷ്ടമയിരിയ്ക്കുന്നു എന്നതിനാൽ മാധവന്റെ കാര്യത്തിൽ അത് വ്യർത്ഥമാണ്, ആയതിനാൽ വിനാവിളംബം അവനോട് ചേരുക..


സജലനളിനീദല ശീതളശയനേ
ഹരിമവലോക്യ സഫലയ് നയനേ
മാധവേ മാ കുരു മാനിനി മാനമയേ

മലയമേരുവിന്റെ താഴവാരത്ത് വനാന്തർഭാഗത്തെ ലതാഗൃഹത്തിൽ താമരയിതളുകൾ തൂവി അലങ്കരിച്ച ശീതളമായ ലതാശയ്യയിൽ ശ്രീഹരി ശയിയ്ക്കുന്ന ആ ദൃശ്യം കണ്‍ക്കുളിർക്കെ ദർശ്ശിച്ച് സായൂജ്യമടയാൻ നിനക്ക് മാത്രമായി ഇതാ അവസരം വന്നിരിയ്ക്കുന്നു. പ്രിയ രാധേ.. സഖീ.. നിന്റെ ആത്മാഭിമാനബോധത്തെ ശ്ലാഘിച്ചു കൊണ്ടുതന്നെ പറയട്ടെ... അവനോടുള്ള പ്രണയത്തിൽ നിന്റെ അസ്തിത്വം തന്നെ നഷ്ടമയിരിയ്ക്കുന്നു എന്നതിനാൽ മാധവന്റെ കാര്യത്തിൽ അത് വ്യർത്ഥമാണ്, ആയതിനാൽ വിനാവിളംബം അവനോട് ചേരുക..

ജനയസി മനസി കിമിതി ഗുരുഖേദം
ശൃണു മമ വചനമനീഹിതഭേദം
മാധവേ മാ കുരു മാനിനി മാനമയേ

നിന്റെ മനസ്സിന്റെ മൊഴികൾക്ക് ചെവികൊടുക്കാതെ, കടുത്ത ദുഃഖം സ്വയം എന്തിനാണ് ഇങ്ങനെ സഹിയ്ക്കുന്നത്? എനിയ്ക്ക് യാതൊരുവിധമായ സ്വകാര്യതാൽപ്പര്യവുമില്ല, ഞാൻ എന്തെങ്കിലും പറയുന്നെങ്കിൽ അത് നിന്റെ നമയ്ക്കായി മാത്രമാണ്. പ്രിയ രാധേ.. സഖീ.. നിന്റെ ആത്മാഭിമാനബോധത്തെ ശ്ലാഘിച്ചു കൊണ്ടുതന്നെ പറയട്ടെ... അവനോടുള്ള പ്രണയത്തിൽ നിന്റെ അസ്തിത്വം തന്നെ നഷ്ടമയിരിയ്ക്കുന്നു എന്നതിനാൽ മാധവന്റെ കാര്യത്തിൽ അത് വ്യർത്ഥമാണ്, ആയതിനാൽ വിനാവിളംബം അവനോട് ചേരുക..

ഹരിരുപയാതു വദതു ബഹുമധുരം
കിമിതി കരോഷി ഹൃദയമതിവിധുരം
മാധവേ മാ കുരു മാനിനി മാനമയേ

അവനെ ..കൃഷ്ണൻ നിന്റെ സമീപത്തേയ്ക്ക് വരാൻ അനുവദിയ്ക്കുക, അവന്റെ മധുവൂറുന്ന വാക്കുകളാൽ നിന്റെ മനം കുളിരട്ടെ.. തീഷ്ണനയനങ്ങളും..കമ്പിതഗാത്രവുമായി നീ അവനെ അകറ്റി നിർത്തി സ്വയം ഹൃദയത്തിൽ ദുഖഭാരം നിറയ്ക്കുന്നതെന്തിനാണ്? പ്രിയ രാധേ.. സഖീ.. നിന്റെ ആത്മാഭിമാനബോധത്തെ ശ്ലാഘിച്ചു കൊണ്ടുതന്നെ പറയട്ടെ... അവനോടുള്ള പ്രണയത്തിൽ നിന്റെ അസ്തിത്വം തന്നെ നഷ്ടമയിരിയ്ക്കുന്നു എന്നതിനാൽ മാധവന്റെ കാര്യത്തിൽ അത് വ്യർത്ഥമാണ്, ആയതിനാൽ വിനാവിളംബം അവനോട് ചേരുക..

ശ്രീജയദേവഭണിതമതിലളിതം
സുഖയതു രസികജനം ഹരിചരിതം
മാധവേ മാ കുരു മാനിനി മാനമയേ

രസികജനങ്ങൾക്ക് ശ്രീ ജയദേവകവിയാൽ എഴുതപ്പെട്ട ശ്രീഹരിയുടെ ലീലകളുടെ ഈ ലളിതവിവരണങ്ങൾ മനോല്ലാസത്തിനിട വരുത്തട്ടെ.. രാധയുടെ സഖി അവളോട് ആവർത്തിച്ച് കൊണ്ടേയിരിയ്ക്കുന്നു.... പ്രിയ രാധേ.. സഖീ.. നിന്റെ ആത്മാഭിമാനബോധത്തെ ശ്ലാഘിച്ചു കൊണ്ടുതന്നെ പറയട്ടെ... അവനോടുള്ള പ്രണയത്തിൽ നിന്റെ അസ്തിത്വം തന്നെ നഷ്ടമയിരിയ്ക്കുന്നു എന്നതിനാൽ മാധവന്റെ കാര്യത്തിൽ അത് വ്യർത്ഥമാണ്, ആയതിനാൽ വിനാവിളംബം അവനോട് ചേരുക..

ശ്ലോകം - അമ്പത്തിയൊമ്പത്

സ്നിഗ്ധേ യത്പരുഷാസി യത്പ്രണമതി സ്തബ്ധാസി യദ്രാഗിണി
ദ്വേഷസ്ഥാസി യദുന്മുഖേ വിമുഖതാം യാതാസി തസ്മിന്പ്രിയേ
യുക്തം തദ്വിപരീതകാരിണി തവ ശ്രീഖണ്ഡചർ‍ചാ വിഷം
ശീതാംശുസ്തപനോ ഹിമം ഹുതവഹഃ ക്രീഡാമുദോ യാതനാഃ

ശ്ലോകം - അറുപത്

സാന്ദ്രാനന്ദപുരന്ദരാദിദിവിഷദ്വർന്ദൈരമന്ദാദരാൽ
ആനമ്രൈഃ മകുടേന്ദ്രനീലമണിഭിസ്സന്ദർശിതേന്ദീവരം
സ്വച്ഛന്ദം മകരന്ദതുന്ദിലഗളന്മന്ദാകിനീ മേദുരം
ശ്രീഗോവിന്ദപദാരവിന്ദമശുഭസ്കന്ദായ വന്ദാമഹേ.

സർഗ്ഗം എട്ട് :വിലക്ഷ്യലക്ഷ്മീപതി ( Sarga 8 - Vilakshalakshipathi)

സർഗ്ഗം- എട്ട്- വിലക്ഷലക്ഷ്മീപതി

ശ്ലോകം - അമ്പത്തിയഞ്ച്

അഥകഥമപി യാമിനീം വിനീയ
സ്മരശരജർജ്ജരിതാപി സാപ്രഭാതേ
അനുനയവചനം വദന്തമഗ്രേ
പ്രണതമപി പ്രിയമാഹ സാഭ്യസൂയം

അഷ്ടപദി 17 - യാഹി മാധവ യാഹി കേശവ
രാഗം - ആരഭി 

ജനിജനിതഗുരു ജാഗരരാഗ കഷായിതമലസ നിമേഷം
വഹതി നയനമനുരാഗമിവ സ്ഫുടമുദിതരസാഭിനിവേശം
യാഹി മാധവ യാഹി കേശവ മാ വദ കൈതവവാദം
താമനുസര സരസീരുഹലോചന യാ തവ ഹരതി വിഷാദം

നിദ്രാവിഹീനാമായി പ്രണയലീലകളാടിയ ഒരു സുന്ദരരാത്രി വിടവാങ്ങിയിരിയ്ക്കുന്നു. പുലരിയിലേയ്ക്ക് തുറക്കുന്ന മാധവന്റെ കണ്ണുകൾ ഉറക്കമില്ലയ്കയാൽ ചുവന്നു തുടുത്തിരിയ്ക്കുന്നു; ആയിരമായിരം സന്ദേശങ്ങൾ ചലനങ്ങളിലൂടെ കൈമാറുന്ന ആ കണ്‍പോളകൾ ചലനരഹിതമായി നിലകൊള്ളുന്നു. ആ ആലസ്യത്തിലും ആ കണ്ണുകളിൽ വൃജവംശത്തിലെ ഗോപികമാരോടുള്ള അടങ്ങാത്ത, അനുനിമിഷം വർദ്ധിതമായിട്ടുള്ള അഭിനിവേശം പ്രത്യക്ഷത്തിൽ തന്നെ പ്രകടവുമാണ്. ആ കണ്ണുകൾ കൊണ്ടവൻ തന്നെ തനിച്ചാക്കിയതിനു കാരണങ്ങൾ നിരത്തുമ്പോൾ രാധ ദേഷ്യവും സങ്കടവും കലർന്ന വാക്കുകളിൽ " പോകൂ.. മാധവാ ...പോകൂ.. കേശവാ..എന്നോട് നിന്റെ വ്യാജമായ ന്യായീകരണങ്ങൾ ഇനിയും വേണ്ട, പ്രണയവിരഹാഭിനയവും വേണ്ട... ആ നളിനവിലോചനയും സുന്ദരിയുമായ ഗോപികയുടെ അടുത്തേയ്ക്ക് വേഗം പോകുക.. അവൾ തീർച്ചയായും നിന്റെ ഈ വിഷാദത്തിന് ശമനം വരുത്തിടും"

കഞ്ജളമലിനവിലോചനചുംബനവിരചിതനീലിമരൂപം
ദശനവസനമരുണം തവ കൃഷ്ണ തനോതി തനോരനുരൂപം
യാഹി മാധവ യാഹി കേശവ മാ വദ കൈതവവാദം
താമനുസര സരസീരുഹലോചന യാ തവ ഹരതി വിഷാദം

കരിമഷി എഴുതിയ അവളുടെ കണ്ണുകളിൽ നിരന്തരം പ്രേമാർദ്രനായി ചുംബിക്കുകയാൽ, അവളുടെ കണ്ണുകളിലെ കരി പടർന്ന് നിന്റെ ചുവന്ന അധരങ്ങൾ കറുത്തതായിരിയ്ക്കുന്നു, ഇപ്പോൾ നിന്റെ ശരീരത്തിന്റെ അതേ നിറമായിരിയ്ക്കുന്ന ആ അധരങ്ങൾ തന്നെ നിന്റെ പൊള്ളയായ വാദങ്ങൾ വെളിവാക്കുന്നു." പോകൂ.. മാധവാ ...പോകൂ.. കേശവാ..എന്നോട് നിന്റെ വ്യാജമായ ന്യായീകരണങ്ങൾ ഇനിയും വേണ്ട, പ്രണയവിരഹാഭിനയവും വേണ്ട... ആ നളിനവിലോചനയും സുന്ദരിയുമായ ഗോപികയുടെ അടുത്തേയ്ക്ക് വേഗം പോകുക.. അവൾ തീർച്ചയായും നിന്റെ ഈ വിഷാദത്തിന് ശമനം വരുത്തിടും"



വപുരനുസരതി തവ സ്മരസംഗരഖര നഖരക്ഷതരേഖം
മരകതശകല കലിതകലധൌ തലിപേരിവ രതിജയലേഖം
യാഹി മാധവ യാഹി കേശവ മാ വദ കൈതവവാദം
താമനുസര സരസീരുഹലോചന യാ തവ ഹരതി വിഷാദം

ഇന്നലെ രാത്രിയിൽ നിനക്കിണയായിരുന്ന ആ ഗോപിക, രതിയുടെ പോരാട്ടത്തിൽ നിന്റെ ശരീരത്തിൽ പേടമാനിന്റെ രൂപത്തിൽ പതിച്ച നഖക്ഷതങ്ങൾ, മരതകക്കല്ലിൽ ശുഭ്രവർണ്ണത്താൽ കുറിച്ചിട്ട അവളുടെ പ്രണയവിജയത്തിന്റെ സാക്ഷ്യപത്രമായി കണ്മുന്നിൽ തിളങ്ങി നിൽക്കുമ്പോൾ " പോകൂ.. മാധവാ ...പോകൂ.. കേശവാ..എന്നോട് നിന്റെ വ്യാജമായ ന്യായീകരണങ്ങൾ ഇനിയും വേണ്ട, പ്രണയവിരഹാഭിനയവും വേണ്ട... ആ നളിനവിലോചനയും സുന്ദരിയുമായ ഗോപികയുടെ അടുത്തേയ്ക്ക് വേഗം പോകുക.. അവൾ തീർച്ചയായും നിന്റെ ഈ വിഷാദത്തിന് ശമനം വരുത്തിടും"

ചരണകമലഗള ദലക്തകസിക്തമിദം തവ ഹൃദയമുദാരം
ദർ‍ശയതീവ ബഹിർ‍മദനദ്രുമനവ കിസലയപരിവാരം
യാഹി മാധവ യാഹി കേശവ മാ വദ കൈതവവാദം
താമനുസര സരസീരുഹലോചന യാ തവ ഹരതി വിഷാദം

വിസ്തൃതമായ നിന്റെ മാറിടമാകെ ആ ഗോപികയുടെ പാദാരവിന്ദങ്ങളിലെ ചുവന്ന സുഗന്ധതൈലത്തിന്റെ അടയളങ്ങൾ പടർന്നു പതിഞ്ഞ് കിടക്കുന്നു. അവളോട് നിന്റെ ഹൃദയത്തിൽ ആഴത്തിൽ വേരൂന്നിയ ഇനിയും അടങ്ങാത്ത പ്രണയാവേശത്തിന്റെ മോഹങ്ങൾ, കാമനാ വൃക്ഷത്തിലെ ചുവന്ന നവമുകുളങ്ങൾ ആയി ബഹുർസ്ഫുരിയ്ക്കുകയാണെന്ന് പ്രകടമാകവേ.." പോകൂ.. മാധവാ ...പോകൂ.. കേശവാ..എന്നോട് നിന്റെ വ്യാജമായ ന്യായീകരണങ്ങൾ ഇനിയും വേണ്ട, പ്രണയവിരഹാഭിനയവും വേണ്ട... ആ നളിനവിലോചനയും സുന്ദരിയുമായ ഗോപികയുടെ അടുത്തേയ്ക്ക് വേഗം പോകുക.. അവൾ തീർച്ചയായും നിന്റെ ഈ വിഷാദത്തിന് ശമനം വരുത്തിടും"

ദശനപദം ഭവദധരഗതം മമ ജനയതി ചേതസി ഖേദം
കഥയതി കഥമധുനാപി മയാ സഹ തവ വപുരേതദഭേദം
യാഹി മാധവ യാഹി കേശവ മാ വദ കൈതവവാദം
താമനുസര സരസീരുഹലോചന യാ തവ ഹരതി വിഷാദം

ആ ഗോപസുന്ദരിയുടെ വികാരപരമകോടി ദന്തക്ഷതങ്ങളായി നിന്റെ അധരങ്ങളിൽ തീർത്ത മുറിവുകൾ കഴിഞ്ഞ രാത്രിയുടെ ബാക്കിപത്രമായി നിലകൊള്ളുമ്പൊൾ എന്റെ ഹൃദയം നുറുങ്ങുന്ന വേദന ഞാനറിയുന്നു. ഒരു കള്ള ചിരിയോടെ നീ " നിന്റെ ശരീരം എന്റേതിൽ നിന്ന് വിഭിന്നമല്ലാത്തതിനാലാണത് ..നമ്മളൊറ്റ ഉടലാണെന്ന കപടവാദത്താൽ വീണ്ടും ന്യായീകരിയ്ക്കവേ..." പോകൂ.. മാധവാ ...പോകൂ.. കേശവാ..എന്നോട് നിന്റെ വ്യാജമായ ന്യായീകരണങ്ങൾ ഇനിയും വേണ്ട, പ്രണയവിരഹാഭിനയവും വേണ്ട... ആ നളിനവിലോചനയും സുന്ദരിയുമായ ഗോപികയുടെ അടുത്തേയ്ക്ക് വേഗം പോകുക.. അവൾ തീർച്ചയായും നിന്റെ ഈ വിഷാദത്തിന് ശമനം വരുത്തിടും"




ബഹിരിവ മലിനതരം തവ കൃഷ്ണ മനോപി ഭവിഷ്യതി നൂനം
കഥമഥ വഞ്ചയസേ ജനമനുഗതമസമശരജ്വരദൂനം
യാഹി മാധവ യാഹി കേശവ മാ വദ കൈതവവാദം
താമനുസര സരസീരുഹലോചന യാ തവ ഹരതി വിഷാദം

ബാഹ്യമായി കാണുന്ന നിന്റെ ഈ കൃഷ്ണവർണ്ണം തന്നെയാണു നിനക്ക് ഹൃദയത്തിലും ഉള്ളതെന്ന് ഞാൻ മനസ്സിലാക്കുന്നു. അല്ലെങ്കിൽ എങ്ങനെയാണ് നിന്നെ പ്രണയിച്ച് മാരശരങ്ങളേറ്റ് വിവശയായ ഒരു പാവം ഗോപികയെ ഇങ്ങനെ നിനക്ക് വഞ്ചിയ്ക്കുവാൻ കഴിയുന്നത്?... " പോകൂ.. മാധവാ ...പോകൂ.. കേശവാ..എന്നോട് നിന്റെ വ്യാജമായ ന്യായീകരണങ്ങൾ ഇനിയും വേണ്ട, പ്രണയവിരഹാഭിനയവും വേണ്ട... ആ നളിനവിലോചനയും സുന്ദരിയുമായ ഗോപികയുടെ അടുത്തേയ്ക്ക് വേഗം പോകുക.. അവൾ തീർച്ചയായും നിന്റെ ഈ വിഷാദത്തിന് ശമനം വരുത്തിടും"

ഭ്രമതി ഭവാനബലാകബളായവനേഷു കിമത്ര വിചിത്രം
പ്രഥയതി പൂതനികൈവ വധൂവധനിർ‍ദയബാലചരിത്രം
യാഹി മാധവ യാഹി കേശവ മാ വദ കൈതവവാദം
താമനുസര സരസീരുഹലോചന യാ തവ ഹരതി വിഷാദം

നിഷ്ക്കളങ്കരായ ഗോപകന്യകമാരെ ചതിയിൽപ്പെടുത്തി ആശതീർക്കാൻ നീ വനത്തിൽ ചുറ്റിയടിയ്ക്കുന്നതിൽ എനിയ്ക്ക് ഒട്ടും തന്നെ ആശ്ചര്യമില്ല. നന്നേ ചെറുപ്പത്തിൽ പോലും രാക്ഷസ്സി എങ്കിലും ഒരു സ്ത്രീയായിരുന്ന പൂതനയെ നീ വധിച്ച രീതിയിൽ നിന്ന് തന്നെ, നീ സ്ത്രീകളോട് എത്ര ക്രൂരനും ദയയില്ലാതെ പെരുമാരുന്നവനും ആണെന്ന് ബോദ്ധ്യമാണല്ലോ... " പോകൂ.. മാധവാ ...പോകൂ.. കേശവാ..എന്നോട് നിന്റെ വ്യാജമായ ന്യായീകരണങ്ങൾ ഇനിയും വേണ്ട, പ്രണയവിരഹാഭിനയവും വേണ്ട... ആ നളിനവിലോചനയും സുന്ദരിയുമായ ഗോപികയുടെ അടുത്തേയ്ക്ക് വേഗം പോകുക.. അവൾ തീർച്ചയായും നിന്റെ ഈ വിഷാദത്തിന് ശമനം വരുത്തിടും"

ശ്രീജയദേവഭണിത രതിവഞ്ചിതഖണ്ഡിത യുവതിവിലാപം
ശൃണുത സുധാമധുരം വിബുധാ വിബുധാലയതോപി ദുരാപം
യാഹി മാധവ യാഹി കേശവ മാ വദ കൈതവവാദം
താമനുസര സരസീരുഹലോചന യാ തവ ഹരതി വിഷാദം


ഇവിടെ കവിയായ ജയദേവൻ പ്രണയത്തിലും, രതിലീലകളിലും വഞ്ചിയ്ക്കപ്പെട്ട്, മുറിവേറ്റ് പിടയുന്ന മനസ്സുമായി വിലപിയ്ക്കുന്ന ഒരു യുവതിയുടെ ചിത്രം പൂർത്തിയാക്കുന്നു. എങ്കിലും സ്വർഗ്ഗത്തിൽ പോലും ലഭിയ്ക്കാത്ത അമൃതമധുരം ഈ വരികളിൽ സഹൃദയർക്ക് ആസ്വദിയ്ക്കാനുമാവും....രാധ..അവളുടെ പരിഭവം തുടരുന്നു ...." പോകൂ.. മാധവാ ...പോകൂ.. കേശവാ..എന്നോട് നിന്റെ വ്യാജമായ ന്യായീകരണങ്ങൾ ഇനിയും വേണ്ട, പ്രണയവിരഹാഭിനയവും വേണ്ട... ആ നളിനവിലോചനയും സുന്ദരിയുമായ ഗോപികയുടെ അടുത്തേയ്ക്ക് വേഗം പോകുക.. അവൾ തീർച്ചയായും നിന്റെ ഈ വിഷാദത്തിന് ശമനം വരുത്തിടും"

ശ്ലോകം - അമ്പത്തിയാറ്
തദേവം പശ്യന്ത്യാഃ പ്രസരദനുരാഗം ബഹിരിവ
പ്രിയാപാദാലക്തച്ഛുരിതമരുണദ്യോതിഹൃദയം
മമാദ്യ പ്രഖ്യാതപ്രണയഭരഭങ്ഗേന കിതവ
ത്വദാലോകഃ ശോകാദപി കിമപി ലജ്ജാം ജനയതി

ശ്ലോകം- അമ്പത്തിയേഴ്

അന്തർമ്മോഹനമൌലിഘൂർണ്ണനചലൻ മന്ദാരവിസ്രംസന
സ്തബ്‌ധാകർഷണ ലോചനോത്സവ മഹാമന്തരഃ കുരംഗീദൃശാം
ദ്ര്യപ്യദ്ദാനവദൂയമാനദിവിഷദ്ദുർവ്വാരദുഃഖാപദാം
ധ്വംസഃകംസരിപോ പ്രയോപയതു വഃശ്രേയാംസിവംശീരവഃ

ശ്ലോകം- അമ്പത്തിയെട്ട്

താമഥ മന്മഥഖിന്നാം
രതിരസഭിന്നാം വിഷാദസമ്പന്നാം
അനുചിന്തിതഹരിചരിതാം

കലഹാന്തരിതമുവാച സഖീ

സർഗ്ഗം ഏഴ് :നാഗരികനാരായണം ( Sarga 7 - Nagarikanarayanam)

ശ്ലോകം - നാൽപ്പത്തിയഞ്ച്

അത്രാന്തരേച കുലടാകുലവർത്മപാത
സംജാതപാതക ഇവ സ്ഫുടലാഞ്ഛനശ്രീഃ
വൃന്ദാവനാന്തരമദീപയദംശുജാലൈഃ
ദിക്സുന്ദരീവദനചന്ദനബിന്ദുരിന്ദുഃ

ശ്ലോകം - നാല്പത്തിയാറ്

പ്രസരതിശശധരബിംബേ വിഹിതവിളംബേ ച മാധവേ
വിധുരാ വിരചിതവിവിധ വിലാപം സാ പരിതാപം ചകാരോച്ചൈഃ

അഷ്ടപദി 13 - കഥിതസമയേപി ഹരി 
(രാഗം - ആഹിരി)

കഥിത സമയേപി ഹരിരഹഹ! ന യയൌവനം
മമ വിഫല മിദമമലരൂപമപി യൌവനം
യാമിഹേ കമിഹ ശരണം സഖീജന വചന വഞ്ചിതാഹം

ഹോ.. ഇനിയെന്ത്? ഞാൻ എന്ത് ചെയ്യണം? കൃഷ്ണൻ ഈ ലതാനികുഞ്ജത്തിലേയ്ക്ക് വരാമെന്ന് ഏറ്റിരുന്ന സമയം കഴിഞ്ഞിരിയ്ക്കുന്നു, അവൻ വന്നില്ല. എന്റെ കുറ്റമറ്റ സൗന്ദര്യത്തിനും, നിറഞ്ഞ യൗവ്വനത്തിനും ഇനി എന്ത് വിലയാണുള്ളത്? ആരാണെനിയ്ക്കിനി ഒരഭയം? അതോ ഞാൻ നിരാശയുടെ കയങ്ങളിൽ മുങ്ങിത്താണു പോകുമോ? ഞാൻ എന്റെ പ്രിയസഖിയുടെ വാക്കുകളിൽ വിശ്വസിച്ച് കബളിയ്ക്കപ്പെട്ടുവോ?

യദനുഗമനായ നിശി ഗഹനമപിശീലിതം
തേന മമ ഹൃദയമിദം അസമശരകീലിതം
യാമിഹേ കമിഹശരണം സഖീജനവചനവഞ്ചിതാഹം

ഞാൻ ഈ ഇരുൾ കട്ടപിടിച്ച് ഭീതിദമായ കാനനത്തിൽ ആരെയാണോ കാത്തിരിയ്ക്കുന്നത്, ആരുടെ നിർദ്ദേശങ്ങൾ ആണോ പിന്തുടർന് അനുസരിച്ചും ശീലിച്ചത്? അതേ കൃഷ്ണൻ മന്മഥന്റെ അസ്ത്രങ്ങളാൽ എന്റെ ഹൃദയം തുളച്ച ശേഷം എന്നെ വേദനിയ്ക്കാൻ ഇവിടെ തനിച്ച്ചാക്കിയിരിയ്ക്കുന്നു. ആരാണെനിയ്ക്കിനി ഒരഭയം? ഞാൻ എന്റെ പ്രിയസഖിയുടെ വാക്കുകളിൽ വിശ്വസിച്ച് കബളിയ്ക്കപ്പെട്ടുവോ?


മമ മരണംവവരം അതിവിതഥ കേതനാ
കിമിതി വിഷഹമി വിരഹാനലമചേതനായാമിഹേ കമിഹശരണം സഖീജനവചനവഞ്ചിതാഹം

എന്റെ ഈ ശരീരം പ്രയോജനം ഇല്ലാത്തതായിരിയ്ക്കുന്നു, എനിയ്ക്കിനി മരണമാണ് കാമ്യം. ഇപ്പോൾ തന്നെ വിരഹം എന്നെ പാതി മരിച്ച നിലയിലാക്കിയിരിയ്ക്കുന്നു. ശരീരവും, മനസ്സും ഒരു പോലെ തീയാലെന്ന പോലെ ചുട്ടു പൊള്ളിയ്ക്കുന്ന ഈ വിരഹത്തെ ഞാൻ എങ്ങനെ അതിജീവിയ്ക്കും? ആരാണെനിയ്ക്കിനി ഒരഭയം? ഞാൻ എന്റെ പ്രിയസഖിയുടെ വാക്കുകളിൽ വിശ്വസിച്ച് കബളിയ്ക്കപ്പെട്ടുവോ?

അഹഹ! കലയാമി ന വലയാദിമണിഭൂഷണം
ഹരിവിരഹദഹന വഹനേന ബഹുഭൂഷണം
യാമിഹേ കമിഹശരണം സഖീജനവചനവഞ്ചിതാഹം

ഹോ..എന്റെ രത്നങ്ങൾ പതിച്ച കനകകങ്കണങ്ങൾ ഇപ്പോൾ വിലയില്ലാത്തതായിരിയ്ക്കുന്നു, കൃഷ്ണന്റെ വിരഹത്താൽ ഉയരുന്ന തീയിൽ ഞാൻ ഉരുകുമ്പോൾ അമൂല്യാഭരണങ്ങൾ കാക്കപ്പൊന്നും, കുപ്പിച്ചില്ലുമായി തോന്നുന്നു. ആരാണെനിയ്ക്കിനി ഒരഭയം? ഞാൻ എന്റെ പ്രിയസഖിയുടെ വാക്കുകളിൽ വിശ്വസിച്ച് കബളിയ്ക്കപ്പെട്ടുവോ?

മാമഹഹ! വിധുരയതി മധുരമധുയാമിനി
കാപി ഹരിമനുഭവതി കൃതസുകൃതകാമിനി
യാമിഹേ കമിഹശരണം സഖീജനവചനവഞ്ചിതാഹം

ഹോ.. മുഴുവൻ ഉന്മാദം വാരിവിതറുന്ന ഈ വസന്ത സുന്ദര രാവുകൾ എനിയ്ക്ക് കൂടുതൽ ദുഖമല്ലാതെ മറ്റൊന്നും കൊണ്ടുവരുന്നില്ലല്ലോ! മറ്റേതോ സുന്ദരിയായ ഗോപകന്യക അവളുടെ പുണ്യത്താൽ കൃഷ്ണന്റെ സാമീപ്യവും, ആനന്ദവും അനുഭവിയ്ക്കുന്നുണ്ടാവണം. ആരാണെനിയ്ക്കിനി ഒരഭയം? ഞാൻ എന്റെ പ്രിയസഖിയുടെ വാക്കുകളിൽ വിശ്വസിച്ച് കബളിയ്ക്കപ്പെട്ടുവോ?


കുസുമ സുകുമാരതനു മതനുശരലീലയാ
സ്രഗപി ഹൃദി ഹന്തി മാം അതിവിഷമശീലയാ
യാമിഹേ കമിഹശരണം സഖീജനവചനവഞ്ചിതാഹം

കാമിനിമാരുടെ ഹൃദയങ്ങളിൽ മാരശരങ്ങളാൽ മുറിവേൽപ്പിച്ച് രസിയ്ക്കുക എന്നത് കാമദേവന്റെ വെറും വിനോദമാണ്. എന്റെ തനുവും മനവും പുഷ്പ്പസമാനമായി മൃദുലവും, ബലഹീനവും ആകയാൽ പുഷ്പ്പഹാരങ്ങൾ പോലും എനിയ്ക്ക് വേദനയാകുന്നു. ആരാണെനിയ്ക്കിനി ഒരഭയം? ഞാൻ എന്റെ പ്രിയസഖിയുടെ വാക്കുകളിൽ വിശ്വസിച്ച് കബളിയ്ക്കപ്പെട്ടുവോ?

അഹമിഹ നിവസാമി ന ഗണിതവനവേതസാ
സ്മരതി മധുസൂദനോ മാമപി ന ചേതസാ
യാമിഹേ കമിഹശരണം സഖീജനവചനവഞ്ചിതാഹം

കൃഷ്ണന്റെ സാമീപ്യമൊന്നു മാത്രം പ്രതീക്ഷിച്ച്, ഞാൻ ഈ കാടിന്റെ ഉരുളും, ഭയാനകതയും തൃണവത്ഗണിച്ചിവിടെ അവനെ കാത്തിരിയ്ക്കുന്നു. അവനോ ഹൃദയപൂർവ്വം എന്നെ സ്മരിയ്ക്കാൻ പോലും തയ്യാറാകുന്നുമില്ല. ആരാണെനിയ്ക്കിനി ഒരഭയം? ഞാൻ എന്റെ പ്രിയസഖിയുടെ വാക്കുകളിൽ വിശ്വസിച്ച് കബളിയ്ക്കപ്പെട്ടുവോ?

ഹരി ചരണശരണ ജയദേവകവിഭാരതീ
വസതു ഹൃദി യുവതിരിവ കോമളകലാവതി
യാമിഹേ കമിഹശരണം സഖീജനവചനവഞ്ചിതാഹം

ഹരിയുടെ പാദാരവിന്ദങ്ങളിൽ അഭയം തേടുന്ന കവി ജയദേവന്റെ ഈ വരികൾ, സഹൃദയരുടെ മനസ്സുകളെ സുകുമാരകലകളിൽ പ്രാവീണ്യം സിദ്ധിച്ച യുവസുന്ദരിയെ പോലെ രസിപ്പിയ്ക്കട്ടേ ! ആരാണെനിയ്ക്കിനി ഒരഭയം? ഞാൻ എന്റെ പ്രിയസഖിയുടെ വാക്കുകളിൽ വിശ്വസിച്ച് കബളിയ്ക്കപ്പെട്ടുവോ?

ശ്ലോകം - നാൽപ്പത്തിയേഴ്

തൽകിം കാമപി കാമിനീമഭിസൃതഃ കിം വാ കലാകേളഭിഃ
ബദ്ധോബന്ധുഭിരന്ധകാരിണി വനോപാന്തേ കിമുൽഭ്രാമ്യതി
കാന്തഃ ക്ലാന്തമാ മനാഗപി പഥി പ്രാസ്ഥാതുമേവാക്ഷമഃ
സങ്കേതീകൃതമഞ്ജുവഞ്ജുളലതാകുഞ്ജേപിയന്നാഗതഃ

ശ്ലോകം - നാൽപ്പത്തിയെട്ട്

അഥാഗതാം മാധവമന്തരണേ സഖീമിയം വീൿഷ്യ വിഷാദമൂകാം
വിശങ്കമാനാം രമിതം കയാപി ജനാർദ്ദനം ദൃഷ്ടവദേതദാഹ.

അഷ്ടപദി 14 - സ്മരസമരോചിത
(രാഗം - സാരംഗി)


സ്മരസമരോചിത വിരചിത വേഷാ
ഗളിത കുസുമഭരവിലുളിത കേശാ
കാപി മധുരിപുണാ വിലസതി യുവതിരധികഗുണാ

കൃഷ്ണനുമായുള്ള പ്രണയ, രതി മത്സരങ്ങളിൽ, അലങ്കാരങ്ങളും, ചമയങ്ങളും ഉലഞ്ഞ്, അഴിഞ്ഞ് കിടക്കുന്ന കേശഭാരവും, അതിൽ നിന്നുതിർന്ന് വീണ പുഷ്പദളങ്ങളും, ആയി എന്നെക്കാൾ കൂടുതൽ ഗുണവതിയായ ഏതോ ഗോപകന്യകയുമായി കൃഷ്ണൻ രമിയ്ക്കുന്നുണ്ടാവണം. 

ഹരിപരിരംഭണ ചലിതവികാരാ
കുചകലശോപരി തരളിതഹാരാ
കാപി മധുരിപുണാ വിലസതി യുവതിരധികഗുണാ

കൃഷ്ണന്റെ ഗാഢാലിംഗനത്താൽ ആ ഗോപകന്യകയുടെ വികാരങ്ങൾക്ക് തീ പടർന്നിരിയ്ക്കുന്നു, കലശ സമാനമായ അവളുടെ സ്തനങ്ങളുടെ മുകളിലൂടെ കഴുത്തിൽ അണിഞ്ഞിരിയ്ക്കുന്ന രത്നമാലകൾ ആടിയുലയുന്നു. എന്നെക്കാൾ കൂടുതൽ ഗുണവതിയായ ഏതോ ഗോപകന്യകയുമായി കൃഷ്ണൻ രമിയ്ക്കുന്നുണ്ടാവണം.

വിചലദളകലളിതാനന ചന്ദ്രാ
തദധരപാന രഭസകൃതതന്ദ്രാ
കാപി മധുരിപുണാ വിലസതി യുവതിരധികഗുണാ

ആ ഗോപകന്യകയുടെ ചുരുണ്ട മുടിയിഴകൾ ചന്ദ്രസമാനമായ സുന്ദരമുഖത്ത് പടർന്ന് കിടക്കുന്നു, അവയെ അധരത്താൽ വകഞ്ഞ് മാറ്റി, കൃഷ്ണൻ അവളുടെ അധരപാനം ചെയ്യുന്നതസ്വദിച്ച് അവൾ അലസ്സയായി കിടക്കുന്നു. എന്നെക്കാൾ കൂടുതൽ ഗുണവതിയായ ഏതോ ഗോപകന്യകയുമായി കൃഷ്ണൻ രമിയ്ക്കുന്നുണ്ടാവണം.

 

ചഞ്ചലകുണ്ഡല ലളിതകപോലാ
മുഖരിതരശന ജഘനഗതിലോലാ
കാപി മധുരിപുണാ വിലസതി യുവതിരധികഗുണാ

കൃഷ്ണന്റെ ഇളകിയാടുന്ന കുണ്ഡലങ്ങൾ ആ ഗോപകന്യകയുടെ കവിളുകളെ തഴുകി പുളകമണിയിയ്ക്കുന്നു, അവളുടെ അരയിലെ അരഞ്ഞാണത്തിലെ മണികൾ കിലുങ്ങുന്നു, വികാര മൂർച്ഛയിൽ അവൾ ചുണ്ടുകൾ കടിച്ചമർത്തുന്നു. എന്നെക്കാൾ കൂടുതൽ ഗുണവതിയായ ഏതോ ഗോപ കന്യകയുമായി കൃഷ്ണൻ രമിയ്ക്കുന്നുണ്ടാവണം.

ദയിത വിലോകിത ലജ്ജിതഹസിതാ
ബഹുവിധ കൂജിത രതിരസരസിതാ
കാപി മധുരിപുണാ വിലസതി യുവതിരധികഗുണാ

കൃഷ്ണന്റെ കണ്ണൂകളോടിടയുമ്പോഴൊക്കെ ആ ഗോപകന്യക ലജ്ജയാൽ തരളിതയാകുന്നു, ഉറക്കെ ചിരിച്ചും, വിവിധ തരത്തിലുള്ള ത്സീൽക്കാരങ്ങൾ പുറപ്പെടുവിച്ചും അവൾ ആ രാസക്രീഡ ആസ്വദിയ്ക്കുകയാണ്. എന്നെക്കാൾ കൂടുതൽ ഗുണവതിയായ ഏതോ ഗോപകന്യകയുമായി കൃഷ്ണൻ രമിയ്ക്കുന്നുണ്ടാവണം.


വിപുല പുളകപൃഥു വേപഥുഭംഗാ
ശ്വസിത നിമീലിത വികസദനംഗാ
കാപി മധുരിപുണാ വിലസതി യുവതിരധികഗുണാ

ആ ഗോപമനോഹരിയുടെ ദേഹം കോരിത്തരിപ്പിൽ, വലിഞ്ഞ് മുറുകി ദൃഢമായിരിയ്ക്കുന്നു, വികാരമൂർച്ഛയിൽ അവൾ പ്രകമ്പനം കൊള്ളുന്നു, അവളുടെ ശ്വാസഗതി അതി തീവ്രമായിരിയ്ക്കുന്നു, നിർവൃതിയിൽ മിഴികൾ പാതി കൂപ്പിയ നിലയിൽ, രതിക്രീഡയുടെ ഉത്തുംഗ ശൃംഗത്തിൽ അവൾ വിഹരിയ്ക്കയാണ്. എന്നെക്കാൾ കൂടുതൽ ഗുണവതിയായ ഏതോ ഗോപകന്യകയുമായി കൃഷ്ണൻ രമിയ്ക്കുന്നുണ്ടാവണം.

ശ്രമജലകണഭര സുഭഗശരീരാ
പരിപതി തോരസി രതിരണധീരാ
കാപി മധുരിപുണാ വിലസതി യുവതിരധികഗുണാ

രാസകേളിയുടെ അദ്ധ്വാനത്താൽ ഉതിർന്ന വിയർപ്പിൽ കുളിച്ച ആ സുന്ദരിയുടെ ശരീരം പ്രകാശ കിരണങ്ങളേറ്റ് മിന്നിത്തിളങ്ങുന്നു. അവൾ രതിയുദ്ധത്താൽ ആഗതമായ തളർച്ചയിൽ കാമുകന്റെ വിരിമാറിൽ വിശ്രമിയ്ക്കുകയാണ്. എന്നെക്കാൾ കൂടുതൽ ഗുണവതിയായ ഏതോഗോപകന്യകയുമായി കൃഷ്ണൻ രമിയ്ക്കുന്നുണ്ടാവണം.

ശ്രീജയദേവഭണിതഹരിരമിതം
കലികലുഷം ജനയതു പരിശമിതം
കാപി മധുരിപുണാ വിലസതി യുവതിരധികഗുണാ

കവിയായ ജയദേവൻ രചിച്ച ഈ കൃഷ്ണലീലാഗീതം എല്ലാവരെയും കലിയുടെ അപഹാരങ്ങളിൽ നിന്നും, ശ്രീഹരിയുടെ കൃപയാൽ രക്ഷിയ്ക്കുവാൻ പ്രാപ്തമാകട്ടേ! എന്നെക്കാൾ കൂടുതൽ ഗുണവതിയായ ഏതോ ഗോപ കന്യകയുമായി കൃഷ്ണൻ രമിയ്ക്കുന്നുണ്ടാവണം.

ശ്ലോകം - നാൽപ്പത്തിയൊമ്പത്

വിരഹപാണ്ഡു മുരാരിമുഖാംബുജ
ദ്യുതിരിയം തിരയന്നപി വേദനാം
വിധുരതീവ തനോതി മനോഭുവഃ

സുഹൃദ യേ ഹൃദയേ മദനവ്യഥാം.

അഷ്ടപദി 15 - രമതേ യമുനാ പുളിനവനേ
(രാഗം - സാവേരി)


സമുദിതമദനേ രമണീവദനേ ചുംബനചലിതാധരേ
മൃഗമദതിലകം ലിഖതി സപുളകം മൃഗമിവ രജനീകരേ
രമതേ യമുനാപുളിനവനേ വിജയീ മുരാരിരധുനാ

സുന്ദരമായ വദനത്തിൽ ചുംബനമേറ്റ് വാങ്ങവേ രോമാഞ്ചത്തോടെയും ചലിയ്ക്കുന്ന അധരങ്ങളുമായും, ഓരോ രോമകൂപത്തിലുമുയരുന്ന പുളകങ്ങളോടെ ആ ഗോപിക നിൽക്കവേ, അവൻ അവളുടെ നിരുനെറ്റിയിൽ ചന്ദനതൈലം കൊണ്ട് ഒരു മാനിന്റെ ആകൃതിയിൽ കുത്തിയ ചുട്ടി, പൂർണ്ണചന്ദ്രനിലെ മാനിന്റെ അടയാളം പോലെ കാണപ്പെടുന്നു. അവൻ... മുരാസുരന് മേൽ വിജയം നേടിയ കൃഷ്ണൻ... യമുനാ നദിയുടെ തീരത്തെ വൃന്ദാവനത്തിൽ പ്രണയലീലകളാടുന്നു.

ഘനചയരുചിരേ രചയതി ചികുരേ തരളിത തരുണാനനേ
കുരവകകുസുമം ചപലാ സുഷമം രതിപതിമൃഗകാനനേരമതേ യമുനാപുളിനവനേ വിജയീ മുരാരിരധുനാ

ആ ഗോപികയുടെ അഴിഞ്ഞു കിടക്കുന്ന കറുത്തതും, മൃദുവും, ചുരുണ്ടതുമായ കേശഭാരം ആകാശത്ത് കാർമേഘങ്ങളുടെ വലിയ നിരയെന്ന പ്രതീതിയുണർത്തുന്നു. കാമദേവന്റെ മാനുകൾക്ക് ഭീതിയകന്ന് വിളയാടാനുള്ള നിബിഡവനമായി തോന്നുന്ന ആ കാർകൂന്തലിൽ അവൻ ഒരു നെന്മേനിവാകപ്പൂ ചൂടിച്ച് കൊടുത്തത് കാർമേഘ പാളികൾക്കിടയിലെ മിന്നൽക്കൊടി പോലെ ശോഭിയ്ക്കുന്നു. അവൻ... മുരാസുരന് മേൽ വിജയം നേടിയ കൃഷ്ണൻ... യമുനാ നദിയുടെ തീരത്തെ വൃന്ദാവനത്തിൽ പ്രണയലീലകളാടുന്നു.

ഘടയതി സുഖനേ കുചയുഗഗഗനേ മൃഗമദരുചിഭൂഷിതേ
മണിസരമമലം താരകപടലം നഖപദശശിഭൂഷിതേരമതേ യമുനാപുളിനവനേ വിജയീ മുരാരിരധുനാ

ആ ഗോപകന്യകയുടെ ഇരു സ്തനങ്ങളിലും ആ വനമാലി തന്റെ കരങ്ങളാൽ കസ്തൂരി തൈലം പുരട്ടുകയും, അതിനു മേൽ അമൂല്യരത്നങ്ങൾ പതിച്ച ഒരു മാല അവയ്ക്ക് മുകളിൽ അണിയിയ്ക്കുകയും ചെയ്യുന്നു. ഈ മനോഹരമായ ദൃശ്യഭംഗിയ്ക്ക് മാറ്റ് കൂട്ടിക്കൊണ്ട് കൃഷ്ണന്റെ ചന്ദ്രസമാനമായ നഖങ്ങൾ കൂടി ചേരുമ്പോൾ, നക്ഷത്രസഞ്ചയവും ചന്ദ്രനും ചേർന്ന് ആകാശം പൂത്തു നില്ക്കുന്ന പ്രതീതി ഉണര്ത്തുന്നു. അവൻ... മുരാസുരന് മേൽ വിജയം നേടിയ കൃഷ്ണൻ... യമുനാ നദിയുടെ തീരത്തെ  വൃന്ദാവനത്തിൽ പ്രണയലീലകളാടുന്നു.

ജിതവിസശകലേ മൃദുഭുജയുഗളേ കരതലനളിനീദളേ
മരതകവലയം മധുകരനിചയം വിതരതി ഹിമശീതളേരമതേ യമുനാപുളിനവനേ വിജയീ മുരാരിരധുനാ

പ്രേമസല്ലാപത്തിൽ അവൻ, ആ ഗോപകന്യകയുടെ പട്ടിനേക്കാൾ മൃദുവും, താമരത്തണ്ട് പോലെ അതിമനോഹരവും, തണുപ്പുള്ളതുമായ കൈത്തണ്ടയിൽ ഒരു മരതകരത്ന കങ്കണം അണിയിച്ച് കൊടുക്കുന്നു. മധു നുകരാനെത്തിയ ഒരു പറ്റം തേനീച്ചകൾ താമരത്തണ്ടിനു ചുറ്റും വലയം വയ്ക്കുന്നത് പോലെ അത് കാണപ്പെടുന്നു. അവൻ... മുരാസുരന് മേൽ വിജയം നേടിയ കൃഷ്ണൻ... യമുനാ നദിയുടെ തീരത്തെ  വൃന്ദാവനത്തിൽ  പ്രണയലീലകളാടുന്നു.


രതിഗൃഹജഘനേ വിപുലാപഘനേ മനസിജകനകാസനേ
മണിമയരശനംതോരണഹസനം വികിരതികൃതവാസനേരമതേ യമുനാപുളിനവനേ വിജയീ മുരാരിരധുനാ

വിസ്തൃതവും, പ്രൗഢവും, ഭാരിച്ചതും, രതിഭവനത്തിന്റെ ഉപരിഭാഗവും, കാമദേവന്റെ സിംഹാസന സമാനവുമായ അവളുടെ അരക്കെട്ടിൽ അവൻ രത്നഖചിതമായ ഒരു അരപ്പട്ട അവൻ കെട്ടിക്കൊടുക്കുന്നു. അവൻ... മുരാസുരന് മേൽ വിജയം നേടിയ കൃഷ്ണൻ... യമുനാ നദിയുടെ തീരത്തെ വൃന്ദാവനത്തിൽ  പ്രണയലീലകളാടുന്നു.

ചരണകിസലയേ കമലാനിലയേ നഖമണിഗണപൂജിതേ
ബഹിരപവരണം യാവകഭരണം ജനയതി ഹൃദിയോജിതേരമതേ യമുനാപുളിനവനേ വിജയീ മുരാരിരധുനാ

ഐശ്വര്യരൂപിണിയായ ആ ഗോപകന്യകയുടെ കോമളവും , തളിർ പോലെ മൃദുവും മിനുസ്സമുള്ളതും, രത്നങ്ങൾ പോലെ നഖങ്ങൾ തിളങ്ങുന്നതുമായ പാദങ്ങൾ, തന്റെ നെഞ്ചിൽ ചേർത്ത് വച്ച് അവൻ മൈലാഞ്ചി കൊണ്ട് അലങ്കാരചിത്രങ്ങൾ രചിയ്ക്കുന്നു. അവൻ... മുരാസുരന് മേൽ വിജയം നേടിയ കൃഷ്ണൻ... യമുനാ നദിയുടെ തീരത്തെ വൃന്ദാവനത്തിൽ  പ്രണയലീലകളാടുന്നു.

രമയതി സുദൃശം കാമപിസദൃശം ഖലഹലധരസോദരേ
കിമഫലമവസം ചിരമിഹവിരസം വദ സഖിവിടപോദരേ രമതേ യമുനാ പുളിനവനേ വിജയീ  മുരാരിരധുനാ

ബലരാമസഹോദരനായ അവൻ സുന്ദര നയനങ്ങളുള്ള ആ ഗോപ കന്യകയോടൊപ്പം രതിലീലകൾ ആടി രസിയ്ക്കുമ്പോൾ, പറയൂ സഖീ.. ഞാൻ എന്തിനായി ഈ മരച്ചുവട്ടിലെ ഏകാന്തതയിലും വിരസതയിലും അവനുവേണ്ടി വ്യർത്ഥമായ കാത്തിരിപ്പ് ഇനിയും തുടരണം? അവൻ... മുരാസുരന് മേൽ വിജയം നേടിയ കൃഷ്ണൻ... യമുനാ നദിയുടെ തീരത്തെ വൃന്ദാവനത്തിൽ പ്രണയലീലകളാടുന്നു.

ഇഹരസഭണേന കൃതഹരിഗുണനേ മധുരിപുപദസേവകേ
കലിയുഗചരിതം നവസതു ദുരിതം കവിനൃപജയദേവകേരമതേ യമുനാപുളിനവനേ വിജയീ മുരാരിരധുനാ


മധുരിപുവായ ഹരിയുടെ ദൈവീക ലീലകളുടെ അപദാനങ്ങൾ ശ്രംഗാരരസത്തിൽ പാടുന്ന അദ്ദേഹത്തിന്റെ പാദദാസനായ കവിശ്രേഷ്ഠൻ ജയദേവൻ കലിയുഗത്തിലെ ദുഖദുരിതങ്ങൾക്ക് അതീതനായി തീരുന്നു. അവൻ... മുരാസുരന് മേൽ വിജയം നേടിയ കൃഷ്ണൻ... യമുനാ നദിയുടെ തീരത്തെ ആ വനത്തിൽ പ്രണയലീലകളാടുന്നു.

ശ്ലോകം - അമ്പത്

നായതഃസഖി നിർദ്ദയോ യദി ശഠഃ ത്വം ദൂതി കിം ദൂയസേ
സ്വച്ഛന്ദം ബഹുവല്ലഭഃ സരമതേ കിം തത്രതേ ദൂഷണം
പശ്യാദ്യഃ പ്രിയസംഗമായ ദയിതസ്യാകൃഷ്യമാണം ഗുണൈഃ

ഉൽകണ്ഠാർത്തിഭരാദിവ സ്ഫുടദിദംചേതഃസ്വയം യാസ്യതി

അഷ്ടപദി 16 - സഖി യാ രമിതാ വനമാലിന
(രാഗം - പുന്നവരാളി)



അനില തരള കുവലയ നയനേന

തപതി ന സാ കിസലയശയനേന
സഖി യാ രമിതാ വനമാലിനാ

മന്ദമാരുതനിൽ ഇളകിയാടും കരിങ്കൂവളപ്പൂക്കൾ പോലെ മനോഹരമായ ആ നയനങ്ങളോടെ അവൻ, ആ വനമാലി, എന്നിൽ പ്രണയാതുരനായി പടരുകയാണെങ്കിൽ, സഖീ.. ഈ തളിരുകളാൽ തീർത്ത കിടക്ക എന്റെ ദേഹമാസകലം ഇതുപോലെ ചുട്ടുപൊള്ളിയ്ക്കുകയില്ല.

വികസിത സരസിജ ലളിത മുഖേന
സ്ഫുടതി ന സാ മനസിജവിശിഖേന
സഖി യാ രമിതാ വനമാലിനാ

പൂർണ്ണമായി വിടർന്ന താമരപ്പൂവ് പോലെ സുന്ദരമായ മുഖമുള്ള അവൻ, ആ വനമാലി, എന്നിൽ പ്രണയാതുരനായി പടരുകയാണെങ്കിൽ, സഖീ.. ആ മന്മഥൻ നിഷ്ക്കരുണം എയ്തു വിടുന്ന ബാണങ്ങളിലൊന്ന് പോലും എന്റെ ഹൃദയത്തെ ഇതുപോലെ പിളർന്ന് കൊണ്ട് കടന്നു പോവുകയില്ല.

അമൃത മധുര മൃദുതര വചനേന
ജ്വലതി ന സാ മലയജപവനേന
സഖി യാ രമിതാ വനമാലിനാ

മധുരകരവും, മൃദുവായി തഴുകുന്നതുമായ അമൃതവചനങ്ങൾ പൊഴിയ്ക്കുന്ന അവൻ, ആ വനമാലി, എന്നിൽ പ്രണയാതുരനായി പടരുകയാണെങ്കിൽ, സഖീ.. മലയപർവ്വതത്തിൽ നിന്നും വീശിയടിയ്ക്കുന്ന ഈ കുളിർ തെന്നലിൽ പോലും എന്നെ പോലെ ഒരു യുവതി വെന്തെരിയുകയില്ല.

സ്ഥലജലരുഹരുചി കരചരണേന
ലുഠതി ന സാ ഹിമകരകിരണേന
സഖി യാ രമിതാ വനമാലിനാ

താമരയിതളുകൾ പോലെ മൃദുവും കുളിർമ്മയുമുള്ള പാദങ്ങളും കരങ്ങളുമുള്ള അവൻ, ആ വനമാലി, എന്നിൽ പ്രണയാതുരനായി പടരുകയാണെങ്കിൽ, സഖീ.. ഈ ശിശിരക്കുളിരാർന്ന നിലാവ് എന്റെ മനസ്സിനെയും ശരീരത്തേയും ഒരുപോലെ പീഡിപ്പിയ്ക്കുകയില്ല.

സജലജലദ സമുദയരുചിരേണ
ദളതി ന സാഹൃദി വിരഹഭരേണ
സഖി യാ രമിതാ വനമാലിനാ

ഖനീഭവിച്ച കാർമുകിലിന്റെ മനോഹരവർണ്ണമുള്ള ആ കോമളശരീരൻ, ആ വനമാലി, എന്നിൽ പ്രണയാതുരനായി പടരുകയാണെങ്കിൽ, സഖീ.. ഈ വിരഹദുഖം എന്റെ ഹൃദയത്തെ തകർക്കുമായിരുന്നില്ല.


കനക നികഷരുചിശുചിവസനേന
ശ്വസിതി ന സാ പരിജനഹസനേന
സഖി യാ രമിതാ വനമാലിനാ

സ്വർണ്ണ വർണ്ണമുള്ള നനുത്ത പട്ട് വസ്ത്രങ്ങൾക്കുള്ളിൽ സ്വയം തിളങ്ങി നിൽക്കുന്ന ആ മനോഹരൻ, ആ വനമാലി, എന്നിൽ പ്രണയാതുരനായി പടരുകയാണെങ്കിൽ, സഖീ.. അവൾക്ക് ബന്ധുമിത്രാദികളുടെ പരിഹാസത്തിനു മുന്നിൽ, ഈ തപ്തനിശ്വാസം മാത്രം മറുപടി ആവുമായിരുന്നില്ല.

സകല ഭുവനജന വരതരുണേന
വഹതി ന സാ രുജമതികരുണേ‍ന
സഖി യാ രമിതാ വനമാലിനാ

അഖില പ്രപഞ്ചത്തിലേയ്ക്കും മികച്ച തരുണനായ, അലിവുള്ളവനായ, അവൻ, ആ വനമാലി, എന്നിൽ പ്രണയാതുരനായി പടരുകയാണെങ്കിൽ, സഖീ.. കാമന്റെ കുസൃതികൾ എനിയ്ക്കീ പ്രാണവേദന നല്കില്ലായിരുന്നു.

ശ്രീജയദേവഭണിതവചനേന
പ്രവിശതു ഹരിരപി ഹൃദയമനേന
സഖി യാ രമിതാ വനമാലിനാ

ശ്രീജയദേവ കവിയാൽ രചിയ്ക്കപ്പെട്ട ഈ വരികലിലൂടെ ശ്രീഹരി നിങ്ങളുടെ ഹൃദയത്തിൽ കുടി കൊള്ളുമാറാകട്ടേ...ആ വനമാലി, എന്നിൽ പ്രണയാതുരനായി പടരുകയാണെങ്കിൽ, സഖീ.. 

ശ്ലോകം - അമ്പത്തിയൊന്ന്

മനോഭവാനന്ദന! ചന്ദനാനില!
പ്രസീദ മേ ദക്ഷിണ! മുഞ്ച വാമതാം
ക്ഷണം ജഗല്പ്രാണ വിധായമാധവം
പുരോമമ പ്രാണഹരോ ഭവിഷ്യസി

ശ്ലോകം - അമ്പത്തിരണ്ട്

രിപുരിവ സഖീസംവാസോയം ശിഖീവ ഹിമാനിലോ
വിഷമിവ സുധാരശ്മിഃ ദൂരം ദുനോതി മനോഗമം
ഹൃദയമദയേ തസ്മിന്നേവം പുനർവലതേബലാൽ
കവലയദൃശാം വാമഃ കാമോ നികാമനിരങ്കുശഃ

ശ്ലോകം - അമ്പത്തിമൂന്ന്

ബാധാം വിധേഹി മലയാനില! പഞ്ചബാണ!
പ്രാണാൻ ഗൃഹാണ നഗൃഹം പുനരാശ്രയിഷ്യേ
കിം തേ കൃതാന്തഭഗിനി! ക്ഷമയാതരംഗൈഃ
അംഗാനി സിഞ്ച മമ ശ്യാമ്യതുദേഹദാഹഃ

ശ്ലോകം - അമ്പത്തിനാല്

പ്രാതർന്നീലനിചോളമച്യുതമുരഃസവിത പീതാംബരം
രാധായാശ്ചകിതം വിലോക്യ ഹസതി സ്വൈര്യം സഖീമണ്ഡലേ
വ്രീളാചഞ്ചലമഞ്ചലം നയനയോഃ ആധായ രാധാനനേ
സാധുസ്മേര മുഖോയമസ്തു ജഗദാനന്ദായ നന്ദാത്മജഃ