പ്രബന്ധം 5
ശ്ലോകം - പതിനാല്
വിഹരതിവനേ രാധാ സാധാരണപ്രണയേ ഹരൌ
വിഗളിതനിജോൽകർഷാദീർഷ്യാവശേന ഗതാന്യത:
ക്വചിദപി ലതാകുഞ്ജേ ഗുഞ്ജന്മധുവ്രതമണ്ഡലീ-
മുഖരശിഖരേ ലീനാ ദീനാപ്യുവാച രഹ:സഖിം.
കൃഷ്ണൻ മറ്റ് ഗോപകന്യകമാരെ ചെയ്യുന്നതും, അധരപാനം നടത്തുന്നതും കണ്ട് ആകുലചിത്തയും, അസൂയാലുവും ആയിത്തീർന്നു രാധ. അനുരാഗവിവശയായ അവൾക്ക് കൃഷ്ണനിൽ മുമ്പുണ്ടായിരുന്ന സ്വാധീനവും, ഗോപികമാർക്കിടയിലെ മേധാവിത്വവും നഷ്ടപ്പെട്ടതായി അനുഭവപ്പെടുന്നു. അവൾ അതീവദുഖിതയായി യമുനാനദിക്കരയിലെ തേനീച്ചകൾ കൂട്ടമായി മൂളിപ്പറക്കുന്ന ആ ലതാഗൃഹത്തിന്റെ ശീതളച്ഛായയിൽ ഇരുന്നു കൊണ്ട് പ്രിയസഖിയോട് തന്റെ മനസ്സ് രഹസ്യമായി വെളിപ്പെടുത്തുന്നു.
അഷ്ടപദി 5 സഞ്ചരദധരസുധാ
(രാഗം - തോഡി, താളം - ആദി)
സഞ്ചരദധരസുധാ മധുരധ്വനി- മുഖരിത മോഹന വംശം
ചലിതദൃഗഞ്ചല ചഞ്ചല മൌലി- കപോല വിലോല വതംസം
രാസേ ഹരിമിഹ വിഹിതവിലാസം സ്മരതി മനോമമകൃതപരിഹാസം.
ഹേ.. സഖീ... അവന്റെ ചുണ്ടിലെ പുല്ലാങ്കുഴലിൽ നിന്നും ഒഴുകിവരുന്ന അമൃതിനു തുല്യമായ ആ ഗാനമാധുരി, നെറുകയിലെ മുടിക്കെട്ടിൽ തിരുകിയ വർണ്ണമയിൽപീലികൾ, മനോഹാരിതയ്ക്ക് മാറ്റ് കൂട്ടിയിരുന്ന കാതിലെ കുണ്ഡലങ്ങൾ, ഇളംകാറ്റിലാടുന്ന ഇലകൾ പോലെ തുടിച്ചിരുന്ന കവിൾത്തടങ്ങൾ , രസനൃത്തത്തിനിടയിലെ അവന്റെ ഗോപികമാരുമായുള്ള ചുണ്ട് കോർക്കലുകൾ , മാറ്റ് ശാരീരിക ഇടപഴകൽ എല്ലാത്തിനും ഉപരിയായി എന്നെ ലജ്ജിപ്പിയ്ക്കാൻ കരുതിക്കൂട്ടി കളിയാക്കാനുള്ള വിരുത്, എല്ലാം എന്നെ ഓർമ്മകളുടെ ഊഞ്ഞാലിൽ ആട്ടുന്നു. ഞാൻ ഒരു പക്ഷേ അവനാൽ പരിഹസിയ്ക്കപ്പെട്ടേയ്ക്കാം എങ്കിലും എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ കൃഷ്ണന്റെ മനോജ്ഞമായ ആ രൂപം കുടിയിരിയ്ക്കുന്നു.
ചന്ദ്രക ചാരു മയൂര ശിഖണ്ഡക മണ്ഡല വലയിത കേശം
പ്രചുര പുരന്ദര ധനുരനു രഞ്ജിത മേദുര മുദിര സുവേഷം
രാസേ ഹരിമിഹ വിഹിതവിലാസം സ്മരതി
മനോമമകൃതപരിഹാസം.
ഹേ.. സഖീ... അവന്റെ ചുരുണ്ട മുടിയിഴകൾ നെറുകയിൽ കെട്ടി അതിൽ നിറന്ന പീലികളാൽ അലങ്കരിച്ചിരുന്നു. ശ്യാമവർണ്ണനായ അവൻ നിറമാർന്ന പട്ടുടയാടകൾ ചാർത്തിയെത്തുമ്പൊൾ വാനത്തിൽ വാർമഴവില്ലാൽ ചുറ്റപ്പെട്ട് നില്ക്കുന്ന ഒരു കാർമേഘമെന്ന പോലെ തോന്നിയിരുന്നു. (ഞാൻ ഒരു പക്ഷേ അവനാൽ പരിഹസിയ്ക്കപ്പെട്ടേയ്ക്കാം എങ്കിലും എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ കൃഷ്ണന്റെ മനോജ്ഞമായ ആ രൂപം കുടിയിരിയ്ക്കുന്നു.)
ഗോപകദംബ നിതംബവതീ മുഖചുംബന ലംഭിത ലോഭം
ബന്ധുജീവ മധുരാധര പല്ലവ കലിത ദരസ്മിത ശോഭം
രാസേ ഹരിമിഹ വിഹിതവിലാസം സ്മരതി
മനോമമകൃതപരിഹാസം.
ഹേ.. സഖീ... വിസ്തൃത നിതംബിനികളായ ഗോപികമാരെ അവൻ തന്റെ ബന്ദുപ്പൂവുപോലെയുള്ള സുന്ദര അധരങ്ങളാൽ നിരന്തരം മാറി മാറി ചുംബിച്ചിരുന്നു. അപ്പോഴോക്കെ മറ്റുള്ളവരെ പിണക്കാതിരിയ്ക്കാൻ അവന്റെ ചുണ്ടുകളിൽ മനം മയക്കുന്ന ആ ചിരി തങ്ങി നിൽപ്പുണ്ടാവും. (ഞാൻ ഒരു പക്ഷേ അവനാൽ പരിഹസിയ്ക്കപ്പെട്ടേയ്ക്കാം എങ്കിലും എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ കൃഷ്ണന്റെ മനോജ്ഞമായ ആ രൂപം കുടിയിരിയ്ക്കുന്നു.)
വിപുലപുളക ഭുജപല്ലവ വലയിത വല്ലവയുവതി സഹസ്രം
കരചരണോരസി മണിഗണഭൂഷണ, കിരണ വിഭിന്നതമിസ്രം
രാസേ ഹരിമിഹ വിഹിതവിലാസം സ്മരതി
മനോമമകൃതപരിഹാസം.
ഹേ.. സഖീ... ആയിരക്കണക്കിനു ഗോപികമാരെ അവൻ തന്റെ കരവലയത്താൽ ചുറ്റിപ്പിടിയ്ക്കുമ്പൊൾ, വൃക്ഷക്കൊമ്പിലെ ഇളം തളിരിലകൾ കൈകളാൽ കൂട്ടിപ്പിടിയ്ക്കുന്നത് പോലെയും അവരുടെ പരമമായ ആവേശം തളിരുകളുടെ ചലനം പോലെയും കാണപ്പെട്ടു. അമൂല്യരന്തങ്ങൾ പതിച്ച അവന്റെ കഴുത്തിലെ, മാറിലെ, പാദങ്ങളിലെ ആഭരണങ്ങൾ വൃന്ദാവനത്തിലെ ഇരുളിനെ പോലും പ്രകശപൂരിതമാക്കി മാറിയിരുന്നു. (ഞാൻ ഒരു പക്ഷേ അവനാൽ പരിഹസിയ്ക്കപ്പെട്ടേയ്ക്കാം എങ്കിലും എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ കൃഷ്ണന്റെ മനോജ്ഞമായ ആ രൂപം കുടിയിരിയ്ക്കുന്നു.)
ജലദപടലചല ദിന്ദുവിനിന്ദക ചന്ദനതിലകലലാടം
പീനപയോധര പരിസരമർദ്ദന നിർദ്ദയ ഹൃദയ കവാടം
രാസേ ഹരിമിഹ വിഹിതവിലാസം സ്മരതി
മനോമമകൃതപരിഹാസം.
ഹേ.. സഖീ... കൃഷ്ണൻ അവന്റെ നെറ്റിയിൽ ചന്ദനക്കുറി ചാർത്തി നിൽക്കുമ്പോൾ അവന്റെ മനോഹാരിത പതിന്മടങ്ങായി വർദ്ധിച്ചിരുന്നു. ആ കാഴ്ച്ച നോക്കി നിൽക്കുന്നവർക്ക് ആകാശത്ത് കടുത്ത കാർമേഘപടലത്തിനു നടുവിൽ തെളിഞ്ഞ പൂർണ്ണചന്ദ്രൻ എന്നാ പോലെ തോന്നും. ഗോപികമാരുടെ തടിച്ച സ്തനങ്ങൾ പരിരംഭണത്തിലൂടെ നിരന്തരം ഞെരിഞ്ഞമരുകയാൽ അവന്റെ വിരിമാർ നിർദ്ദയമാം വണ്ണം ശക്തവും, കാഠിന്യമേറിയ- തുമായിരുന്നു. (ഞാൻ ഒരു പക്ഷേ അവനാൽ പരിഹസിയ്ക്കപ്പെട്ടേയ്ക്കാം എങ്കിലും എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ കൃഷ്ണന്റെ മനോജ്ഞമായ ആ രൂപം കുടിയിരിയ്ക്കുന്നു.)
മണിമയമകര മനോഹരകുണ്ഡല മണ്ഡിത ഗണ്ഡമുദാരം
പീതവസനമനു ഗതമുനിമനുജ സുരാസുരവര പരിവാരം
രാസേ ഹരിമിഹ വിഹിതവിലാസം സ്മരതി
മനോമമകൃതപരിഹാസം.
ഹേ.. സഖീ... കൃഷ്ണനെ ഓർക്കുമ്പോൾ തന്നെ മത്സ്യത്തിന്റെ ആകൃതിയും രത്നഭരിതവുമായ അവന്റെ കുണ്ഡലങ്ങൾ മനോഹാരിത പകരുന്ന ആ കവിളുകൾ മനസ്സിലെത്തുന്നു. വെട്ടിത്തിളങ്ങുന്ന മഞ്ഞപ്പട്ട് ചുറ്റിയ അവനെ ഋഷികളും, മനുഷ്യരും, ആകാശചരന്മാരും, അസുരന്മാരും ചേർന്ന ഒരു വൃന്ദം അനുഗമിച്ചിരുന്നു. (ഞാൻ ഒരു പക്ഷേ അവനാൽ പരിഹസിയ്ക്കപ്പെട്ടേയ്ക്കാം എങ്കിലും എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ കൃഷ്ണന്റെ മനോജ്ഞമായ ആ രൂപം കുടിയിരിയ്ക്കുന്നു.)
വികചകദംബതലേ മിളിതം കലി കലുഷ ഭയം ശമയന്തം
മാമപി കിമപി തരംഗ ദനംഗ ദൃശാ വപുഷാ രമയന്തം
രാസേ ഹരിമിഹ വിഹിതവിലാസം സ്മരതി
മനോമമകൃതപരിഹാസം.
ഹേ.. സഖീ... കൃഷ്ണനും ഞാനുമായുള്ള സംഗമ സ്ഥാനം മുങ്കൂട്ടി തീരുമാനിച്ചിട്ടുള്ളത് ആ കദംബവൃക്ഷച്ചുവട്ടിലാണ്, ദ്വാപരയുഗത്തിലെ കലിയുടെ വാസഗൃഹമായി ജനങ്ങൾ കരുതിയിരുന്നതിനാൽ മറുള്ളവർ അവിടേയ്ക്ക് നോക്കാൻ തന്നെ ഭയന്നിരുന്നു; എന്നാൽ കൃഷ്ണൻ അഭിനിവേശം നിറഞ്ഞ കണ്ണുകളാൽ എന്നെ അവിടേയ്ക്ക് ആകർഷിച്ചും, ശാരീരികമായി സന്തോഷിപ്പിച്ചും ആ ഭയം അസ്ഥാനത്താണെന്ന് തെളിയിച്ചിരുന്നു. (ഞാൻ ഒരു പക്ഷേ അവനാൽ പരിഹസിയ്ക്കപ്പെട്ടേയ്ക്കാം എങ്കിലും എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ കൃഷ്ണന്റെ മനോജ്ഞമായ ആ രൂപം കുടിയിരിയ്ക്കുന്നു.)
ശ്രീജയദേവഭണിതമതി സുന്ദരമോഹന മധുരിപു രൂപം
ഹരിചരണസ്മരണം പ്രതിസമ്പ്രതി പുണ്യവതാമനു രൂപം
രാസേ ഹരിമിഹ വിഹിതവിലാസം സ്മരതി
മനോമമകൃതപരിഹാസം.
കവി ജയദേവൻ ശ്രീകൃഷ്ണന്റെ ഏറ്റവും മനോഹരവും , മനോജ്ഞവുമായ രൂപത്തെ വാഴ്ത്തിപ്പാടുന്നു. ഇത് മധുകൈടഭന്മാരെ നിഗ്രഹിച്ച ആ ആകാശദേവനുള്ള സ്തുതിയാണ്. (ഞാൻ ഒരു പക്ഷേ അവനാൽ പരിഹസിയ്ക്കപ്പെട്ടേയ്ക്കാം എങ്കിലും എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ കൃഷ്ണന്റെ മനോജ്ഞമായ ആ രൂപം കുടിയിരിയ്ക്കുന്നു.)
പ്രബന്ധം 6
ശ്ലോകം - പതിനഞ്ച്
ഗണയതി ഗുണ ഗ്രാമം ഭാമം ഭ്രമദപി നേഹതേ
വഹതിഛാ പരീതോഷം ദോഷം വിമുഛതി ദൂരതാഹാ
യുവതിഷു വലതൃഷ്ണേ കൃഷ്ണേ വിഹാരിണീ മാംവിനാ
പുനരപി മനോ വാമം കാമം കരോതി കരോമി കിം?
ഹേ, സഖീ, എന്റെ മനസ്സ് വളരെ വിചിത്രമായി പെരുമാറുന്നതറിയുക. എന്റെ സ്നേഹഭാജനമായ കൃഷ്ണൻ മറ്റു ഗോപസ്ത്രീകളുമായി ക്രീഡകളിൽ ഏർപ്പെടുന്നത് കണ്ടിരിയ്ക്കുമ്പോൾ പോലും എനിയ്ക്ക് അവനോട് ദേഷ്യപ്പെടുവാൻ ആവുന്നില്ല. ഞാൻ അവനായി മനസ്സാ ദാഹിയ്ക്കുന്നു, അതിൽപ്പരം ഞാൻ ഇനി എന്ത് ചെയ്യാൻ?
അഷ്ടപദി 6 സഖീ ഹേ കേശി മദന മുദാരം
(രാഗം - കാംബോജി, താളം - തൃപുട)
നിഭൃത നികുഞ്ജ ഗൃഹം ഗത യാ നിശി രഹസി നിലീയ വസന്തം
ചകിത വിലോകിത സകല ദിശാ രതി രഭസ ഭരേണാ ഹസന്തം
സഖീ ഹേ കേശി മദന മുദാരം
സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം
ഹേ, സഖീ, ഒരു സായം സന്ധ്യയിൽ മുൻധാരണപ്രകാരം ആളൊഴിഞ്ഞ ഒരു വള്ളിക്കുടിലിൽ ഞാൻ അവനെ തേടി പോയി. അവനോ, ആ യഥേഷ്ട സുഖദായകൻ അവിടെ നേരത്തേ മുതൽ എന്നെ കാത്ത് മറഞ്ഞിരിയ്ക്കുന്നുണ്ടായിരുന്നു, ഭയചകിതയായ ഞാൻ അവനെ കാണാതെ കുഴങ്ങുമ്പോൾ, അവൻ ആ മയക്കുന്ന ചിരിയുമായി എന്നെ ആവേശഭരിതയാക്കി എന്റെ മുന്നിൽ വന്നു, അതിവേഗത്തിൽ ആത്മാർത്ഥമായി എന്നെ വാരിപ്പുണർന്നു. ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹപൂർത്തിയ്ക്കായി ആവശ്യപ്പെടുക.
പ്രഥമ സമാഗമ ലജ്ജിതായ പടു ചാതു ശതൈ രണുകൂലം
മൃദു മധുര സ്മിത ഭാഷിതയാ ശിതിലീകൃത ജഘന ദുകൂലം
സഖീ ഹേകേശി മദന മുദാരം
സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം
അത് ഞങ്ങളുടെ പ്രഥമ സമാഗമം ആരിയുന്നു. കൃഷ്ണൻ നൂറുകണക്കിനു മധുര മൊഴികളാലും മധുരസ്മിതത്താലും വിദഗ്ദ്ധമായി എന്നെ അവനിലേയ്ക്ക് ചേർത്തു.ഞാൻ മൃദുവും മധുരവുമായി അവനോട് മറുപടികൾ നൽകവേ അവൻ പൊടുന്നനെ എന്റെ അരയിലെ വസ്ത്രം ഉരിഞ്ഞപ്പോൾ ഞാൻ ലജ്ജിതയും മൂകയും ആയിപ്പോയി. (ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹപൂർത്തിയ്ക്കായി ആവശ്യപ്പെടുക.)
കിസലയ ശയന നിവേശിത യാ ചിര മുരസി മമൈ വശയാനം
കൃത പരിരംഭണ ചുംബനായാ പരിരഭ്യാ കൃതാധാരാ പാനം
സഖീ ഹേ കേശി മദന മുദാരം
സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം
എന്നെ പച്ചിലകൾ ആകുന്ന മെത്തയിൽ കിടത്തിയിട്ട്, മുഴുവൻ നേരവും കൃഷ്ണൻ എൻറ്റെ നെഞ്ചിൽ കിടന്നു കൊണ്ട് എന്നെ വാരിപ്പുണരുകയും നിമ്നാധരങ്ങളെ പൂക്കളിൽ നിന്നും തേൻ ശേഖരിയ്ക്കും പോലെ ചുംബിച്ചു കൊണ്ടുമിരുന്നു. (ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹ പൂർത്തിയ്ക്കായി ആവശ്യപ്പെടുക.)
അലസ നിമീലിത ലൊചനായ പുളകാവലി ലളിത കപോലം
ശ്രമ ജല സകല കളേബരായ വര മദന മദാദതിലോലം
സഖീ ഹേ കേശി മദന മുദാരം
സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം
ശാരീരികമായി തളർന്നവശയായ ഞാൻ വിയർപ്പിൽ കുളിച്ച് കണ്ണൂകൾ അടച്ച് കിടന്നു. അവന്റെ അധരങ്ങൾ സ്പർശിച്ചപ്പോൾ എന്റെ ശരീരമാസകല്മ് ഒരു ആനന്ദത്തിൻറ്റെ മുറിപ്പെടുത്തുന്ന സുഖം നിറഞ്ഞു. എന്നിലെ കൃഷ്ണന്റെ മെല്ലെയും വേഗത്തിലുമുള്ള അധരചലങ്ങളിൽ,ഞാൻ സകലതും മറന്നു പോയി. (ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹ പൂർത്തിയ്ക്കായി ആവശ്യപ്പെടുക.)
കോകില കളാരവ കൂജിതായ ജിത മനസിജ തന്ത്ര വിചാരം
ശ്ലഥ കുസുമാകുല കുന്തളായ നഖാ ലിഖിത ഘന സ്തന ഭാരം
സഖീ ഹേ കേശി മദന മുദാരം
സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം
പ്രണയ രതികലകളിൽ നിപുണനും കുശലനും ആയിരുന്ന കൃഷ്ണൻ നിശ്ചയദാർഢ്യത്തോടെ പരിസമാപ്തിയിലേയ്ക്ക് നീങ്ങുമ്പോൾ, ഞാൻ പ്രാവിനെയോ പോലെ കുറുകുകയും, കുയിലിനെ പോലെ കൂജനശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്നത് സ്വയമറിഞ്ഞു. എന്റെ മുടി കെട്ടിലെ പൂവുകൾ ഞെരിഞ്ഞമർന്നിരുന്നു, കൂന്തൽ അഴിയുകയും കുരുക്ക് പിണയുകയും ചെയ്തിരുന്നു. അവൻ എന്റെ തുളുമ്പുന്ന സ്തനങ്ങളിൽ നഖക്ഷതങ്ങൾ ഏൽപ്പിച്ചിരുന്നു (ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹപൂർത്തിയ്ക്കായി ആവശ്യപ്പെടുക.)
ചരണ രണിത മണീ നൂപുരായ പരിപൂരിതാ സുരത വിതാനം
മുഖര വിശൃംഘല മേഖലായാ സകച ഗ്രഹ ചുംബന ദാനം
സഖീ ഹേ കേശി മദന മുദാരം
സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം
ഈണചേരലിന്റെ വിവിധ രീതികളിൽ സ്ഥിതികളിൽ അവനെന്നിൽ പടർന്നപ്പോൾ എന്റെ രത്നങ്ങൾ കോർത്ത പാദസരം കിലുങ്ങുന്ന സ്വനം പതിവിലും കൂടുതലായി മുഴങ്ങിക്കേട്ടു. നാഭിയെ ചുറ്റിക്കിടന്ന സ്വർണ്ണ അരഞ്ഞാണം അഴിഞ്ഞ് വീണിരുന്നു. കൃഷ്നൻ എന്റെ മുടികെട്ടിൽ ബലമായി പിടിച്ച് അവനിലേയ്ക്ക് ചേർത്ത് എന്നെ ചുംബിച്ചു കൊണ്ട് ആഗ്രഹനിവൃത്തി വരുത്ത. (ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹ പൂർത്തിയ്ക്കായി ആവശ്യപ്പെടുക.)
രതി സുഖ സമയ രസാലസായാധാര മുകുളിത നയന സരോജം
നിസ്സഹ നിപതിത തനു ലതായാ മധുസൂദന മുദിത മനോജം
സഖീ ഹേ കേശി മദന മുദാരം
സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം
രതിയുടെ ആലസ്യത്തിൽ അവൻ തന്റെ ലഹരി നിറഞ്ഞ വടിവാർന്ന ശരീരം ഇലകളാകുന്ന മെത്തയിൽ അമർത്തി കിടന്നു. ആ തളർച്ചയിലും അവൻ പാതി തുറന്ന കണ്ണൂകളോടെ എന്നെ ചൂഴ്ന്ന് നോക്കുന്നതറിഞ്ഞ, ഞാൻ അവനിലെ ഇനിയുമടങ്ങാത്ത മോഹം വീണ്ടും ഉണരുന്നതും തിരിച്ചറിഞ്ഞു (ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹപൂർത്തിയ്ക്കായി ആവശ്യപ്പെടുക.)
ശ്രീജയദേവ ഭണിത മിദ മതിശയ മധുരിപ നിധു വന ശീലം
സുഖ മുത്കണ്ഠിത ഗോപവധൂ കഥിതം വിതനോടു സലീലം
സഖീ ഹേ കേശി മദന മുദാരം
സമയ മയാ സഹ മദന മനോരഥ ഭാവിതയാ സവികാരം
ശ്രീജയദേവൻ ഇവിടെ ശ്രീകൃഷ്ണന്റെ മനോഹരമായ രാസക്രീഡയുടെ പാടുന്നു. ഇത് രാധ തന്റെ സഖിയോട് അതിയായ ഹർഷനിർവൃതിയോടെ പറഞ്ഞതുമാണ് (ഇന്ന് എന്റെ മനസ്സ് നിറയെ അവനോടുള്ള പ്രേമത്താൽ നിറയുമ്പോൾ സഖീ, നീ അവനോട് എന്റെ ആഗ്രഹപൂർത്തിയ്ക്കായി ആവശ്യപ്പെടുക.)
ശ്ലോകം - പതിനാറ്
ഹസ്തസ്രസ്ത വിലാസവംശമനൃജുഭ്രുവല്ലിമദ്വല്ലവീ
വൃന്ദോത്സാരിദൃഗന്തവീക്ഷിതമതിസ്വേദാർദ്രഗണ്ഡസ്ഥലം
മാമുദ്വീക്ഷ വിലജ്ജിതം സ്മിതസുധാമുഗ്ദ്ധാനനം കാനനേ
ഗോവിന്ദം വ്രജസുന്ദരീഗണവൃതം പശ്യാമി ഹൃഷ്യാമി ച.
രാധ സഖിയോട് പറയുന്നു " നന്ദാവനത്തിൽ കൃഷ്ണനെ തേടി ചെന്ന ഞാൻ കണ്ട കാഴ്ച്ച, അവൻ ഒരു സംഘം സുന്ദരിമാരായ ഗോപികമാരുടെ മദ്ധ്യത്തിൽ ക്രീഡകളിൽ ഏർപ്പെട്ട് നിൽക്കുന്നതാണ്. ആ യുവതികൾ ഹൃദയം അവനാൽ അപഹരിയ്ക്കപ്പെട്ടത് പോലെ ഇടംകണ്ണാൽ അവനെത്തന്നെ പ്രേമത്തോടെ കടാക്ഷിച്ച് നില്ക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അവന്റെ പുരികക്കൊടികൾ വില്ല് പോലെ വളഞ്ഞുയർന്നു, പുല്ലാങ്കുഴൽ കയ്യിൽ നിന്നും വഴുതിവീണു. വിയർത്ത് കുളിച്ച അവന്റെ കവിളുകളിൽ ചാലുകൾ ഒഴുകി. പൊടുന്നനെ അവന്റെ ചുണ്ടുകളിൽ ആ മനംമയക്കും പുഞ്ചിരി വിരിഞ്ഞു. എനിയ്ക്കായി മാത്രം വിരിഞ്ഞ ആ ചിരി എന്നെ പറഞ്ഞറിയിയ്ക്കാനാവാത്ത ആനന്ദസാഗരത്തിൽ മുക്കിക്കളഞ്ഞു"
ശ്ലോകം - പതിനേഴ്
ദുരാലോകസ്തോകസ്ത ബകനവകാശോക ലതികാ
വികാസഃ കാസാരോപവനപവനോപി വ്യഥയതി
അപ്രിഭ്രാമ്യൽ ഭൃംഗീരണിതരമണീയാ ന മുകുള
പ്രസൂതിശ്ചൂതാനാം സഖി ശിഖരണീയം സുഖയതി
ഹേ..സഖീ..വസന്താഗമനത്തിൽ അശോകത്തിന്റെ ഇളംചില്ലകളിൽ വിടരുന്ന പൂമുട്ടുകൾ, വൃന്ദാവനത്തിലെ കാനനച്ചോലയുടെ തടങ്ങളിൽ നിന്ന് വരുന്ന കുളിർകാറ്റ്, മകരന്ദം തേടി മൂളിപ്പറക്കും തേനീച്ചക്കൂട്ടങ്ങൾ, മാവുകളിൽ വിടരും നവമുകുളങ്ങൾ, എന്നിവയൊന്നും തന്നെ വിരഹിണിയായ എനിയ്ക്ക് സന്തോഷത്തെ പ്രദാനം ചെയ്യുന്നില്ല എന്നറിഞ്ഞാലും ; പകരം ഇവയൊക്കെ എന്നിലെ വിരഹവേദന വർദ്ധിപ്പിയ്ക്കുക മാത്രമാണ് ചെയ്യുന്നത്.
ശ്ലോകം - പതിനെട്ട്
സാകൂതസ്മിതമാകുലാ കുലഗളദ്ധമില്ലമുല്ലാസിത
ഭ്രുവല്ലീകമളീകദർശിത ഭുജാമൂലാർദ്ധദൃഷ്ടസ്തനം
ഗോപീനാംനിഭൃതം നിരീക്ഷ്യ ദയിതാകാംക്ഷശ്ചിരം ചിന്തയൻ
അന്തർമ്മുഗ്ദ്ധമനോഹരോ ഹരതു വഃ ക്ലേശംനവം കേശവഃ
വൃന്ദാവനത്തിൽ തനിയ്ക്ക് ചുറ്റും തടിച്ച് കൂടിയ ഗോപകന്യകമാരെ കൃഷ്ണൻ സസൂക്ഷ്മം നിരീക്ഷിയ്ക്കുന്നു; അവരുടെ ചിരി, അഴിഞ്ഞ് കിടക്കുന്ന കേശഭാരം, പുരികക്കൊടികളുടെ ഭംഗി, കരവല്ലരികൾ, കുചകുംഭങ്ങൾ, ജംഘനം, നിതംബം, എന്നിവയെല്ലാം വിശദമായി കണ്ടരിഞ്ഞ് അവൻ ഒടുവിൽ രാധ തന്നെയാണിവരിൽ ഏറ്റവും സുന്ദരിയും, മോഹനാംഗിയും എന്നാ തീരുമാനത്തിൽ എത്തിച്ചേരുന്നു. ആ കൃഷ്ണൻ.. ഹരി... നിങ്ങളുടെ എല്ലാ ശാരീരിക മാനസ്സിക ദുഖങ്ങളേയും അകറ്റുമാറാകട്ടേ!
No comments:
Post a Comment